ആ ഒപ്പ് പിള്ളയുടേത് തന്നെ; മന്ത്രി ഗണേഷ് കുമാറിന് ആശ്വാസം
ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറും സഹോദരി ഉഷാ മോഹന്‍ദാസും തമ്മിലുണ്ടായിരുന്ന സ്വത്തു തര്‍ക്കത്തില്‍ നിര്‍ണായക ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്. ഗണേഷ് കുമാറിന് ആശ്വാസം നല്‍കുന്നതാണ് റിപ്പോര്‍ട്ട്. പിതാവ് ബാലകൃഷ്ണപിള്ള തയാറാക്കിയ വില്‍പത്രത്തില്‍ സ്വത്തുക്കള്‍ ഗണേഷ് കുമാറിന് നല്‍കണം എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ മകളായ ഉഷ മോഹന്‍ദാസ് ഇത് അംഗീകരിച്ചില്ല. ബാലകൃഷ്ണപിള്ളയുടെ ഒപ്പുകള്‍ വ്യാജമാണെന്ന ആരോപണമാണ് ഉഷ ഉയര്‍ത്തിയത്. എന്നാല്‍ വില്‍പത്രത്തിലെ ഒപ്പുകളെല്ലാം ബാലകൃഷ്ണപിള്ളയുടേത് തന്നെയെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ടില്‍ സ്ഥിരീകരിക്കുന്നു.
കൊട്ടാരക്കര മുന്‍സിഫ് കോടതിയാണ് വില്‍പത്രത്തിലെ ഒപ്പുകള്‍ പരിശോധനയ്ക്കായി സ്റ്റേറ്റ് ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിക്ക് നല്‍കിയത്. പരിശോധനക്ക് ശേഷം കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഒപ്പുകളെല്ലാം ആര്‍. ബാലകൃഷ്ണപിള്ളയുടേതാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ബാങ്കിടപാടുകളില്‍ നടത്തിയ ഒപ്പുകള്‍, കേരള മുന്നോക്ക ക്ഷേമ കോര്‍പറേഷനില്‍ ചെയര്‍മാന്‍ ആയിരിക്കുമ്പോഴുള്ള രേഖകളിലെ ഒപ്പുകള്‍, തിരഞ്ഞെടുപ്പുകള്‍ക്ക് നോമിനേഷന്‍ നല്‍കിയപ്പോഴുള്ള ഒപ്പുകള്‍ എന്നിവ ഫൊറന്‍സിക് സംഘം പരിശോധിച്ച ശേഷമാണ് റിപ്പോര്‍ട്ട് നല്‍കിയത്.
ആര്‍.ബാലകൃഷ്ണപിള്ളയുടെ മരണശേഷമാണ് നേരത്തെ തയാറാക്കിയ വില്‍പത്രം പുറത്തെടുത്തത്. സ്വത്തുക്കള്‍ കൂടുതലും ഗണേഷ് കുമാറിനാണെന്ന് രേഖപ്പെടുത്തിയതോടെയാണ് സഹോദരി എതിര്‍പ്പുയര്‍ത്തിയത്. അസുഖബാധിതനായി ബോധമില്ലാത്ത സമയത്തുണ്ടാക്കിയതാണ് വില്‍പത്രം എന്നായിരുന്നു ആരോപണം. സമവായത്തിന് ശ്രമം നടന്നെങ്കിലും വ്യാജ ആരോപണം തെളിയിക്കണമെന്ന നിലപാടിലായിരുന്നു ഗണേഷ് കുമാര്‍. ഇതോടെയാണ് സഹോദരി ഉഷാ മോഹന്‍ദാസ് കോടതിയെ സമീപിച്ചത്.
കുടുംബത്തിലെ ഈ തര്‍ക്കവും കേസും കാരണമാണ് ആദ്യ രണ്ടര വര്‍ഷം ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം എന്ന തീരുമാനത്തില്‍ നിന്നും മുഖ്യമന്ത്രി പിന്നോട്ടു പോയത്. മുഖ്യമന്ത്രിയ്ക്ക് ഉഷാ മോഹന്‍ദാസ് പരാതി നല്‍കിയിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here