ഡ്രൈവിങ് സ്‌കൂള്‍ സമരം തീര്‍ക്കാന്‍ നാളെ ചര്‍ച്ച; എല്ലാ യൂണിയന്‍ പ്രതിനിധികളേയും ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍; നടപടി 13 ദിവസത്തെ ശക്തമായ പ്രതിഷേധത്തിന് ശേഷം

തിരുവനന്തപുരം : ടെസ്റ്റ് പരിഷ്‌കാരത്തില്‍ പ്രതിഷേധിച്ച് സമരം ചെയ്യുന്ന ഡ്രൈവിങ് സ്‌കൂള്‍ പ്രതിനിധികളെ ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍. നാളെ വൈകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരത്താണ് ചര്‍ച്ച. ഗതാഗതമന്ത്രി കെബി ഗണേഷ് കുമാറാണ് ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. 13 ദിവസത്തെ ശക്തമായ സമരത്തിനൊടുവിലാണ് സര്‍ക്കാര്‍ നടപടി.

വിദേശത്തായിരുന്ന ഗതാഗതമന്ത്രി ഇന്നാണ് കേരളത്തില്‍ തിരിച്ചെത്തിയത്. നാളെ മന്ത്രിയുടെ ചേംബറില്‍ നടക്കുന്ന ചര്‍ച്ചയില്‍ സമവായം ഉണ്ടാക്കാമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ. എന്നാല്‍ പരിഷ്‌കാരങ്ങള്‍ പൂര്‍ണ്ണമായും പിന്‍വലിക്കണമെന്നാണ് സംയുക്ത സമര സമിതിയുടെ നിലപാട്. നേരത്തെ സര്‍ക്കാര്‍ സിഐടിയുമായി ചര്‍ച്ച നടത്തിയിരുന്നു. പിന്നാലെ സിഐടിയു സമരത്തില്‍ നിന്ന് പിന്‍മാറുകയും ചെയ്തു. എന്നാല്‍ ഐഎന്‍ടിയുസി അടക്കമുളള സംഘടനകള്‍ പ്രതിഷേധത്തില്‍ ഉറച്ചു നില്‍ക്കുകയാണ്.

പ്രതിഷേധം കാരണം സംസ്ഥാനത്തെ ടെസ്റ്റുകള്‍ പൂര്‍ണ്ണമായും തടസ്സപ്പെട്ട അവസ്ഥയിലാണ്. ചുരുക്കം ചില ടെസ്റ്റുകളാണ് നടന്നതാണ്. ഈ പ്രതിസന്ധി മറികടക്കാനാണ് അടിയന്തര ചര്‍ച്ച.

മോട്ടോര്‍ സൈക്കിള്‍ വിത്ത് ഗിയര്‍ വിഭാഗത്തില്‍ കാല്‍ പാദം കൊണ്ട് പ്രവര്‍ത്തിക്കുന്ന ഗിയര്‍ സംവിധാനമുള്ള മോട്ടോര്‍ സൈക്കിള്‍ മാത്രം ഉപയോഗിക്കുക. 15 വര്‍ഷത്തിനു മേല്‍ പഴക്കമുളള വാഹനങ്ങള്‍ ടെസ്റ്റിന് ഉപയോഗിക്കരുത്. ടെസ്റ്റ് രീതിയില്‍ സമഗ്രമായ പരിഷ്‌കരണം. ടെസ്റ്റുകളുടെ എണ്ണം 30 ആയി നിജപ്പെടുത്തുക. മോട്ടോര്‍ മെക്കാനിക്ക് അല്ലെങ്കില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് യോഗ്യത വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ മാത്രം ഇന്‍സ്ട്രക്ടര്‍. തുടങ്ങിയ പരിഷ്‌കാരങ്ങളാണ് സര്‍ക്കാര്‍ കൊണ്ടുവന്നത്. പ്രതിഷേധത്തെ തുടര്‍ന്ന് ചില നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുകയും ചെയ്തു. എന്നാല്‍ പൂര്‍ണ്ണമായും പിന്‍വലിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top