ശിപായിയെ മന്ത്രി ഗസറ്റഡ് ഓഫീസറാക്കി; ലഭിക്കുക 30000 രൂപ ശമ്പളവര്‍ധന; ജി.ആര്‍.അനിലിന്റെ ഖജനാവുകൊള്ള ചര്‍ച്ചയാകുന്നു
തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന്റെ ശമ്പളവും പെന്‍ഷനുമൊക്കെ സജീവ ചര്‍ച്ചയായിരിക്കെ ഞെട്ടിക്കുന്ന നടപടിയുമായി മന്ത്രി ജി.ആര്‍.അനില്‍. ഓഫീസ് അറ്റന്‍ഡന്റായി പേഴ്സണല്‍ സ്റ്റാഫില്‍ നിയമിച്ച എച്ച്.അൽ ജിഹാനെ ഒറ്റയടിക്ക് അഡീഷണൽ പിഎയാക്കുകയാണ് ഭക്ഷ്യമന്ത്രി ചെയ്തത്. ഗസറ്റഡ് റാങ്കും 30000 രൂപയുടെ ശമ്പള വര്‍ധനവുമാണ് ഇനി ജീവനക്കാരന് ലഭിക്കുക. അഡീഷണൽ പിഎ ആയതോടെ ശമ്പളം 60,000 രൂപ ലഭിക്കും.
ജി.ആർ. അനിലിന്റെ ആവശ്യത്തിന് മുഖ്യമന്ത്രി അനുമതി നൽകി. ഈ മാസം 12 ന് പൊതുഭരണ വകുപ്പിൽ നിന്ന് ഉത്തരവും ഇറങ്ങി. 2021 ജൂൺ മാസമാണ് ലാസ്റ്റ് ഗ്രേഡ് തസ്തികയില്‍ മന്ത്രിയുടെ ഓഫീസില്‍ ജോലിക്ക് കയറുന്നത്. രണ്ടര വർഷം കഴിഞ്ഞപ്പോൾ ഗസറ്റഡ് റാങ്കും ശമ്പള വര്‍ധനവും ലഭിച്ചു.
മന്ത്രിയുടെ നടപടി സെക്രട്ടറിയേറ്റ് വൃത്തങ്ങളെ അമ്പരപ്പിച്ചിട്ടുണ്ട്. സെക്രട്ടറിയേറ്റിലെ ഗസറ്റഡ് തസ്തികയായ സെക്ഷൻ ഓഫീസറുടെ ശമ്പളമാണ് അഡീഷണൽ പിഎക്ക് ലഭിക്കുന്നത്. എൽഡി ക്ലർക്കായി കയറിയാല്‍ കാല്‍ നൂറ്റാണ്ട് ജോലി ചെയ്താലാണ് ഗസറ്റഡ് തസ്തിക ലഭിക്കുന്നത്.
സെക്രട്ടേറിയേറ്റിൽ അസിസ്റ്റന്റ് ആയി കയറുന്നവര്‍ ഈ പോസ്റ്റിലേക്ക് എത്താന്‍ ചുരുങ്ങിയത് 14 വർഷമെങ്കിലും കഴിയണം. മന്ത്രിയുടെ ശുപാര്‍ശ മുഖ്യമന്ത്രിയുടെ ഒപ്പിന്റെ രൂപത്തില്‍ വന്നപ്പോള്‍ ഇരട്ടി നേട്ടമാണ് അൽ ജിഹാന് ലഭിച്ചത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here