മന്ത്രി വാസവന്‍ ജോര്‍ദാനിലേക്ക് പറക്കുന്നു; സഹകരണ കോണ്‍ഫറന്‍സില്‍ പങ്കെടുക്കും; ഒപ്പം വകുപ്പ് സെക്രട്ടറി മിനി ആന്റണിയും

തിരുവനന്തപുരം : സംസ്ഥാനം കടമെടുത്ത് ചിലവിന് പണം കണ്ടെത്തുന്നതിനിടയില്‍ സഹകരണ മന്ത്രി ജോര്‍ദാനിലേക്ക് പറക്കുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഉടന്‍ മന്ത്രി വിദേശ സന്ദര്‍ശനത്തിന് പുറപ്പെടും. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ജോര്‍ദാനിലേക്കാണ് മന്ത്രിയുടെ യാത്ര. ഏഷ്യാ പസഫിക്ക് കോ ഓപ്പറേറ്റീവ് മിനിസ്റ്റേഴ്‌സ് കോണ്‍ഫറന്‍സില്‍ മന്ത്രി പങ്കെടുക്കും.

ഏപ്രില്‍ 28 മുതല്‍ 30 വരെ ജോര്‍ദാനിലെ ഡെഡ് സീയില്‍ വച്ചാണ് സമ്മേളനം നടക്കുന്നത്. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണിയും ജോര്‍ദാന്‍ യാത്രയില്‍ മന്ത്രിയ്‌ക്കൊപ്പമുണ്ട്. മിനി ആന്റണിയുടെ യാത്രക്ക് സര്‍ക്കാര്‍ അനുമതി നല്‍കി ഉത്തരവിറങ്ങി. വിവിധ രാജ്യങ്ങളിലെ സഹകരണ സ്ഥാപനങ്ങളുടെ പ്രതിസന്ധികളും ഉയരുന്ന പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യുന്നതിനാണ് ഏഷ്യാ പസഫിക്ക് കോ ഓപ്പറേറ്റീവ് മിനിസ്റ്റേഴ്‌സ് കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്. നാല് വര്‍ഷത്തിലൊരിക്കലാണ് കോണ്‍ഫറന്‍സ് നടക്കുക. 1990 മുതലാണ് ഏഷ്യ-പസഫിക് സഹകരണ മന്ത്രിമാരുടെ സമ്മേളനം ആരംഭിച്ചത്. കഴിഞ്ഞ സമ്മേളനം വിയറ്റ്നാമിലായിരുന്നു നടന്നത്. 1990ല്‍ ഇന്ത്യയിലും സമ്മേളനം നടന്നിട്ടുണ്ട്.

മന്ത്രിയുടേയും വകുപ്പ് സെക്രട്ടറിയുടേയും ജോര്‍ദാന്‍ സന്ദര്‍ശനത്തിന് കേന്ദ്രാനുമതി ആവശ്യമാണ്. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെയും ധനകാര്യ മന്ത്രാലയത്തിന്റെയും അനുമതികളാണ് വേണ്ടത്. ഇരു മന്ത്രാലയത്തെയും യാത്രയുടെ വിശദാംശങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. അനുമതി ഉടന്‍ ലഭ്യമാകുമെന്ന കണക്കുകൂട്ടലിലാണ് സംസ്ഥാനം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top