തിരക്ക് നിയന്ത്രാണാതീതമായി; ശബരിമലയിൽ അടിയന്തിര നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകി മന്ത്രി

തിരുവനന്തപുരം: ശബരിമലയിൽ തിരക്ക് നിയന്ത്രിണാതീതമായി തുടരുന്ന സാഹചര്യത്തിൽ അടിയന്തിര നടപടികൾ സ്വീകരിക്കാൻ മന്ത്രി കെ. രാധാകൃഷ്ണന്‍റെ നിർദേശം. ദർശനത്തിന് ക്യൂ നിൽക്കുന്നവരെ വേഗത്തിൽ കയറ്റിവിടാൻ പോലീസിനു ദേവസ്വം അധികൃതർക്കും മന്ത്രി നിർദേശം നൽകി. തീർത്ഥാടകർക്കായി കൂടുതൽ ആരോഗ്യ സംവിധാനങ്ങളും ആംബുലൻസും ക്രമീകരിക്കാനും മന്ത്രി നിർദേശിച്ചു.

അവധി ദിനങ്ങളായതിനാൽ വലിയ തിരക്കാണ് ശബരിമലയിൽ അനുഭവപ്പെടുന്നത്. ഇന്ന് ദർശനത്തിനെത്തിയ നിരവധി പേർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. വെള്ളിയാഴ്ച രാത്രി നട അടച്ചതിന് ശേഷവും വലിയ തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെട്ടത്. സന്നിധാനത്ത് തിരക്ക് നിയന്ത്രിക്കാനായി പോലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേടുകള്‍ തകര്‍ത്ത് തീര്‍ത്ഥാടകര്‍ നിര തെറ്റിച്ച് തള്ളിക്കയറി.

സന്നിധാനത്ത് തിരക്ക് നിയന്ത്രണാതീതമായതോടെ വെള്ളിയാഴ്ച രാത്രി 10 മുതല്‍ പത്തനംതിട്ടയിലും നിലയ്ക്കലിലും കെഎസ്ആര്‍ടിസി ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ മണിക്കൂറുകളോളം പിടിച്ചിട്ടു. വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഇപ്പോഴും തുടരുന്നുണ്ട്.

വെള്ളിയാഴ്ച നെയ്യഭിഷേകം ചെയ്യാന്‍ സാധിക്കാതെ വന്ന നിരവധി തീർത്ഥാടകർ തിരിച്ചിറങ്ങാതെ സന്നിധാനത്ത് തുടർന്നതോടെയാണ് തിരക്ക് നിയന്ത്രണാതീതമായത്. സന്നിധാനത്ത് പല ഭാഗങ്ങളിലും തീര്‍ത്ഥാടകരും പോലീസും തമ്മില്‍ തർക്കങ്ങൾ ഉണ്ടായി. നിലവില്‍ ദര്‍ശനത്തിനായി 12 മണിക്കൂറിലേറെ കാത്തുനില്‍ക്കേണ്ട സ്ഥിതിവിശേഷമാണുള്ളത്. തിരക്ക് നിയന്ത്രിക്കാനാവാതെ വന്നതോടെ ദർശനത്തിനുള്ള സ്‌പോട്ട് ബുക്കിംഗ് താത്കാലികമായി നിർത്തിവച്ചു.

അതേസമയം, പുല്ല്മേടിലും തീർത്ഥാടകർക്ക് വേണ്ട സുരക്ഷ വനം വകുപ്പ് ഉറപ്പാക്കിയിട്ടുണ്ട്. സന്നിധാനത്തേക്ക് നേരിട്ടെത്തുന്ന ഏക കാനനപാതയായ പുല്ല്‌മേടിൽ എത്തിച്ചേരുന്ന തീർത്ഥാടകരുടെ എണ്ണം വർധിച്ച പശ്ചാത്തലത്തിലാണിത്. ഈ മണ്ഡലകാലയളവില്‍ പുല്ല്മേടിലൂടെ 13,270 അയ്യപ്പന്മാരാണ് എത്തിച്ചേര്‍ന്നത്. അഴുതക്കടവിലൂടെ 23,331 ഭക്തരും എത്തി.

പുല്ല്‌മേടിലൂടെ സന്നിധാനം എത്തുന്നത് വരെ അഞ്ച് പോയിന്റുകളിലായി തീർത്ഥാടകർക്ക് ക്ഷീണം മാറ്റുന്നതിനുള്ള ഇരിപ്പ് കേന്ദ്രവും വെള്ളം സൗകര്യവും സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 35 വനം വകുപ്പ് ജിവനക്കാരും 25 ബീറ്റ് ഫോറസ്റ്റ് ഉദ്യാഗസ്ഥരും 30 പേരടങ്ങുന്ന എലഫന്റ് സ്‌ക്വാഡും സുരക്ഷക്കായി പ്രവര്‍ത്തിക്കുന്നുണ്ട്. അഴുതക്കടവ് വഴി വനം വകുപ്പിന്റെ 45 ജിവനക്കാരും 25 ബീറ്റ് ഫോറസ്റ്റ് ഉദ്യാഗസ്ഥരും 45 പേരടങ്ങുന്ന എലഫന്റ് സ്‌ക്വാഡും സജ്ജമാണ്.

വന്യ മൃഗശല്യഞ്ഞെ തുടര്‍ന്ന് സോളാര്‍ ഫെന്‍സിംഗ് ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ ഒരുക്കി കൃത്യമായ രാത്രി നീരീക്ഷണവും നടക്കുന്നുണ്ട്. ഇത് വഴി പോകുന്നവരുടെ കണക്കും കൃത്യമായി രേഖപ്പെടുത്തി അവസാന ഭക്തനും സന്നിധാനത്ത് എത്തിയെന്ന് ഉറപ്പും വരുത്തും. ഭക്തരെ കടത്തി വിടുന്നതിന് മുമ്പായി കാനന പാത വനം വകുപ്പ് പരിശോധിച്ച് ഉറപ്പ് വരുത്തും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top