ഉമ്മൻ ചാണ്ടിയെ പുകഴ്ത്തിയതിന് ജോലിക്കാരിയെ പിരിച്ചുവിട്ടെന്ന ആരോപണത്തിൽ വിശദീകരണവുമായി ജെ ചിഞ്ചുറാണി
ഉമ്മൻ ചാണ്ടിയെ പുകഴ്ത്തിയതിന് ജോലിക്കാരിയെ പിരിച്ചുവിട്ടെന്ന ആരോപണത്തിൽ വിശദീകരണവുമായി മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. പുതുപ്പള്ളി കൈതേപ്പാലം മൃഗാശുപത്രിയിലെ താൽകാലിക ജീവനക്കാരി സതിയമ്മയുടെ കരാർ കാലാവധി ഫെബ്രുവരിയിൽ അവസാനിച്ചതാണ്, മറ്റൊരാൾക്ക് പകരമാണ് സതിയമ്മ നിലവിൽ ജോലി ചെയ്തിരുന്നതെന്നും മന്ത്രി പറഞ്ഞു.
ഒരാളെ പുകഴ്ത്തിയതിന്റെ പേരിൽ ആരെയും പിരിച്ചുവിടില്ല. സതിയമ്മയുടെ പരാതി നിഷ്കളങ്കമായി കരുതുന്നിലെന്നും മന്ത്രി എം ബി രാജേഷ് പ്രതികരിച്ചു. പുതുപ്പള്ളി തെരഞ്ഞെടുപ്പ് കഴിയുന്നവരെ ഇത്തരം പ്രചാരണങ്ങൾ വന്നു കൊണ്ടിരിക്കുമെന്നും മന്ത്രി പറഞ്ഞു.
ജിജിമോൾ എന്ന താത്കാലിക ജീവനക്കാരിക്ക് പകരമാണ് സതിയമ്മ ജോലിക്ക് വന്നുകൊണ്ടിരുന്നത് എന്നാൽ ശമ്പളം ജിജിമോൾടെ അക്കൗണ്ടിലേക്കാണ് പോകുന്നത്. ഒരാഴ്ച മുൻപ് ജിജിമോളല്ല ജോലിക്ക് വരുന്നതെന്ന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി ഡയറക്ടർ പരിശോധന നടത്തിയിരുന്നു. ഇതിനെത്തുടർന്നാണ് നടപടി എടുത്തത്. സതിയമ്മ എങ്ങനെയാണ് ഇത്രയുംനാൾ ജോലിയിൽ തുടർന്നതെന്ന് അന്വേഷിക്കുമെന്നും മന്ത്രി ചിഞ്ചുറാണി പറഞ്ഞു.
ഉമ്മൻ ചാണ്ടിയുടെ മരണത്തിനു പിന്നാലെ അദ്ദേഹം ചെയ്ത സഹായങ്ങളെക്കുറിച്ച് മാധ്യമങ്ങളോട് പറഞ്ഞതിനാൽ ജോലിയിൽ നിന്ന് പിരിച്ചുവിട്ടെന്നായിരുന്നു സതിയമ്മയുടെ പരാതി. കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ വിഷയത്തിൽ സർക്കാരിനെതിരെ പ്രസ്താവന നടത്തിയിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here