‘കേരളീയത്തിൽ’ മന്ത്രിയുടെ വിയോജിപ്പ് ; ആദിവാസികൾ ഷോക്കേസിൽ വയ്‌ക്കേണ്ടവരല്ലെന്ന് കെ. രാധാകൃഷ്ണൻ
തൃശൂർ: കേരളീയം പരിപാടിയിൽ ആദിവാസികളെ പ്രദർശന വസ്തുവാക്കിയതിനെതിരെ വിമർശനവുമായി മന്ത്രി കെ രാധാകൃഷ്ണൻ. ആദിവാസികളെ ഷോക്കേസിൽ വയ്ക്കരുതെന്നാണ് തന്‍റെ നിലപാടെന്ന് മന്ത്രികരിച്ചു. തൻ്റെ വ്യക്തിപരമായ അഭിപ്രായമാണിത്. ഒരുകാരണവശാലും ആദിവാസി ജനവിഭാഗങ്ങളെ ഷോക്കേസിൽ വയ്‌ക്കേണ്ട ജനതയാണ് എന്ന് ചിന്തിച്ചിട്ടില്ല. അങ്ങനെ ചെയ്യുന്നതും ശരിയല്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. ഫോക്‌ലോർ അക്കാദമിയാണ് അത് ചെയ്തിരിക്കുന്നത്. പാളിച്ചകളുണ്ടായോ എന്ന് അവർ പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു.
“ആദിവാസികളെ ഷോക്കേസില്‍ വയ്ക്കാന്‍ പാടില്ലെന്ന വ്യക്തിപരമായ അഭിപ്രായം നിര്‍ദേശമായി നേരത്തെ നല്‍കിയിരുന്നു. ആദിവാസി വിഭാഗങ്ങള്‍ ഷോക്കേസില്‍ വയ്‌ക്കേണ്ട ജനതയാണെന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ല. അങ്ങനെ ചെയ്യുന്നത് ശരിയല്ല. അവരുടെ കലയേയും സംസ്‌കാരത്തേയും ജീവിത- ഭക്ഷണരീതികളേയും കാണിച്ചുകൊടുക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഷോക്കേസില്‍ വയ്‌ക്കേണ്ട ജീവിതമാണ് തദ്ദേശവാസികളുടേത് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അങ്ങനെ കാണുന്നത് തെറ്റായ സന്ദേശം നല്‍കും. ഇവിടെ എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ച് നടപടിയെടുക്കും”- കെ. രാധാകൃഷ്ണന്‍ വ്യക്തമാക്കി.
പഴയകാലത്തെ തദ്ദേശവാസികളുടെ ജീവിതവുമായി ബന്ധപ്പെട്ട പ്രദര്‍ശനമാണ് ആദിമം എന്നാണ് മനസിലാക്കുന്നത്. താനത് കണ്ടിട്ടില്ല. സാംസ്‌കാരിക വകുപ്പുമായും ഫോക്‌ലോര്‍ അക്കാദമിയുമായും ബന്ധപ്പെട്ടിരുന്നു. നിരുപദ്രവമായിട്ടാണ് ഇത് ചെയ്തതെന്നാണ് അവര്‍ അറിയിച്ചത്. ആദിവാസികളെ അവഹേളിക്കാനോ അപഹസിക്കാനോ ഉള്ള നിലപാടല്ലെന്നും മന്ത്രി പറഞ്ഞു.
കനകക്കുന്നിൽ തയാറാക്കിയിരിക്കുന്ന കേരളീയം ആദിമം ലിവിംഗ് മ്യൂസിയത്തില്‍ ആദിവാസികളെ പ്രദര്‍ശനവസ്തുവാക്കിയെന്ന വിമർശനങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആദിവാസികൾ കലാപരിപാടികൾ അവതരിപ്പിക്കാൻ എത്തിയതാണെന്നാണ് ഫോക്‌ലോർ അക്കാദമിയുടെ വിശദീകരണം.വിമർശകർ നിക്ഷിപ്ത താല്പര്യക്കാരാണെന്നും അക്കാദമി കുറ്റപ്പെടുത്തി.
അഞ്ച് ആദിവാസി വിഭാഗങ്ങളെ ഉൾപ്പെടുത്തിയാണ് ആദിമം ലിവിംഗ് മ്യൂസിയം തയാറാക്കിയത്. ഊരാളി, മാവിലർ, കാണി, മന്നാൻ, പളിയർ തുടങ്ങിയ വിഭാഗങ്ങളെ ഉൾപ്പെടുത്തിയാണ് മ്യൂസിയം. പരമ്പരാഗത വസ്ത്രമണിഞ്ഞ് ഇവരെ കുടിലുകൾക്ക് മുമ്പിൽ ഇരുത്തിയിരിക്കുകയാണ്. പരമ്പരാഗത കലാപരിപാടികളും അവതരിപ്പിക്കുന്നുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here