പയ്യന്നൂരെ പരിപാടി ക്ഷേത്രത്തിനുള്ളിലല്ല; ആരെയും തൊടാന്‍ പാടില്ലെങ്കില്‍ പുറത്തിറങ്ങിയത് എന്തിന്? യോഗക്ഷേമസഭയ്ക്കും തന്ത്രി സമാജത്തിനുമെതിരെ ആഞ്ഞടിച്ച് മന്ത്രി രാധാകൃഷ്ണന്‍

തിരുവനന്തപുരം: യോഗക്ഷേമ സഭയ്ക്കും തന്ത്രി സമാജത്തിനുമെതിരെ ആഞ്ഞടിച്ച് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. പയ്യന്നൂരെ പരിപാടി നടന്നത് ക്ഷേത്രത്തിനുള്ളിലല്ല. ആരെയും തൊടാൻ പാടില്ലെങ്കിൽ പുറത്തിറങ്ങിയതെന്തിന്. ശുദ്ധികലശം നടത്തണമെങ്കിൽ മുഴുവൻ നടത്തണ്ടേയെന്നും മന്ത്രി ചോദിച്ചു.

ഞാൻ ആദ്യമായല്ല അമ്പലത്തിൽ പോകുന്നത്. മാസങ്ങൾക്ക് ശേഷം അഭിപ്രായം പറഞ്ഞതിൽ ഒരു ദുഷ്ടലാക്കുമില്ല. പയ്യന്നൂരിലെ വേദിയിൽ തന്നെ പ്രതികരിച്ചിരുന്നു. അന്ന് അത് ചർച്ചയായില്ല. ചില സമയങ്ങളിലാണ് ചർച്ച ഉയർന്നു വരുന്നതെന്നും മന്ത്രി പറഞ്ഞു. അടുത്തിടെ മറ്റൊരു ചടങ്ങിലും വിഷയം പറഞ്ഞിരുന്നു. അന്ന് രാവിലെ ദളിത് വേട്ട സംബന്ധിച്ച് വാർത്ത വായിച്ചതിന്റെ പശ്ചാത്തലത്തിലാണ് സ്വന്തം അനുഭവം പറഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി.

നേരത്തേ, സംഭവത്തിൽ വിശദീകരണവുമായി അഖില കേരള തന്ത്രി സമാജം രംഗത്തുവന്നിരുന്നു. പൂജയ്ക്കായി ക്ഷേത്രത്തിലെത്തുന്ന പൂജാരി, ദേവപൂജ കഴിയുന്നത് വരെ ആരെയും സ്പര്‍ശിക്കാറില്ലെന്നും. അതിന് ബ്രാഹ്‌മണനെന്നോ അബ്രാഹ്‌മണനെന്നോ ഭേദമില്ലെന്നും ഇപ്പോള്‍ വിവാദമായ ഈ ക്ഷേത്രത്തിലും സംഭവിച്ചിട്ടുള്ളത് ഇത് തന്നെയാണെന്നും തന്ത്രി സമാജം വിശദീകരിച്ചിരുന്നു.

മാധ്യമ സിൻഡിക്കറ്റാണ് മന്ത്രിക്കെതിരെ ജാതിവിവേചനമുണ്ടായ വാർത്ത ആദ്യം പുറത്തുകൊണ്ടുവന്നത്.

Logo
X
Top