റീനയോട് ഉത്തരം മുട്ടി ധനമന്ത്രി; നവകേരള സദസില്‍ ബാലഗോപാലിനെ ‘പൊരിച്ച്’ വീട്ടമ്മമാര്‍
കോഴിക്കോട്: റീനയോട് ഉത്തരംമുട്ടി ധനമന്ത്രി ബാലഗോപാല്‍. മന്ത്രിയെ ഉത്തരം മുട്ടിച്ച സ്ത്രീകളുടെ വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഇതിലെ നായിക റീന മാധ്യമ സിന്‍ഡിക്കറ്റിനോട് സംസാരിച്ചു. ”ഞങ്ങളെ അങ്ങോട്ട് കയറ്റുന്നില്ല, അതുകൊണ്ടാണ് ഇവിടെ കാത്തുനിന്നത് ”എന്നുപറഞ്ഞായിരുന്നു തുടക്കം. ഇത് കേട്ടിട്ടാണ് മന്ത്രി ഞങ്ങള്‍ക്ക് മുന്നിലെത്തിയത്- റീന പറയുന്നു.
”ഞങ്ങള്‍ വിളിച്ചപ്പോള്‍ വെട്ടിലാകുമെന്നൊന്നും അറിയാതെ ചിരിച്ചുകൊണ്ടാണ് മന്ത്രി എത്തിയത്. നാട്ടുകാര്‍ തടിച്ച് കൂടിയത് കണ്ടപ്പോള്‍ ഒന്ന് സംസാരിക്കാം എന്ന് കരുതിയാണ് അടുത്തേക്ക് വന്നത്. കൊടുവള്ളിയിലെ സദസിനു വരില്ലേ എന്നാണ് ചോദിച്ചത്. നേരിട്ട് പരാതി പറയാനാണ് കാത്ത് നിന്നത് മന്ത്രി കേള്‍ക്കണം എന്ന് പറഞ്ഞു. ക്ഷേമപെന്‍ഷന്‍ നല്‍കുന്നതിന് വേതനം ലഭിച്ചില്ലെന്ന് പറഞ്ഞപ്പോള്‍ എല്ലാം നല്‍കിയിട്ടുണ്ട് എന്നായിരുന്നു മറുപടി. കിട്ടിയില്ല എന്ന് പറഞ്ഞപ്പോള്‍ നിങ്ങളുടേത് പ്രത്യേക കേസ് ആയിരിക്കുമെന്നായിരുന്നു മറുപടി. എനിക്കല്ല ഒരു കളക്ഷന്‍ ഏജന്റിനും പണം ലഭിച്ചില്ലെന്നും ആര്‍ക്കാണ് തന്നതെന്നും തിരിച്ച് ചോദിച്ചു. പരാതി നല്‍കിയിട്ടും ഒരു മറുപടിയില്ലെന്നും പറഞ്ഞു. അതോടുകൂടി മന്ത്രി മൗനത്തിലായി. തിരിഞ്ഞ് നടക്കുകയും ചെയ്തു.”-റീന പറയുന്നു.
ക്ഷേമപെന്‍ഷന്‍ എത്തിക്കുന്നതിന് കളക്ഷന്‍ ഏജന്റുമാര്‍ക്ക് വേതനം ലഭിക്കുന്നില്ല. ജോലി ചെയ്തിട്ടും വേതനം ലഭിക്കാത്തതില്‍ ക്ഷുഭിതരായ വീട്ടമ്മമാരാണ് മന്ത്രിയെ ‘പൊരിച്ചത്’. ഇന്നലെ കൊടുവള്ളിയില്‍ നവകേരള സദസിന് മുന്‍പായി ഓമശ്ശേരി സ്നേഹതീരം ഓഡിറ്റോറിയത്തില്‍ പ്രഭാതഭക്ഷണം കഴിക്കാന്‍ എത്തിയപ്പോഴാണ് വഴിയില്‍ കാത്ത് നിന്ന് വീട്ടമ്മമാര്‍ മന്ത്രിയെ പിടികൂടിയത്. 2021 നവംബര്‍ മുതല്‍ ഇവര്‍ക്ക് വേതനം ലഭിച്ചിട്ടില്ല. തന്നിരുന്ന വേതനം വെട്ടിക്കുറക്കുകയും ചെയ്തു. കമ്മിഷൻ 40 രൂപയിൽ നിന്ന് 25 ആക്കി കുറച്ചതിലും രോഷത്തിലായിരുന്നു വീട്ടമ്മമാര്‍. ഈ രണ്ട് കാര്യങ്ങളും പറയാനാണ് മന്ത്രിയെ കാണണം ഇന്ന് ഇവര്‍ ആവശ്യപ്പെട്ടത്.
നവകേരള സദസില്‍ പരാതി നല്‍കുന്നതിന് മുന്നോടിയായി മന്ത്രിയെ നേരിട്ട് കണ്ട് സംസാരിക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് റീനയും മറ്റ് വീട്ടമ്മമാരുമെങ്കിലും ക്ഷേമപെന്‍ഷന്‍ കാര്യത്തില്‍ സര്‍ക്കാര്‍ വീണ്ടും വെട്ടിലായ അവസ്ഥയായി. ക്ഷേമപെന്‍ഷന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് മറിയക്കുട്ടി-അന്നക്കുട്ടി വൃദ്ധമാര്‍ അടിമാലിയില്‍ പിച്ചച്ചട്ടിയുമായി തെണ്ടാനിറങ്ങിയത് വലിയ തിരിച്ചടിയായിരുന്നു. മറിയക്കുട്ടിക്ക് സ്വത്തുണ്ടെന്നും മക്കള്‍ വിദേശത്താണെന്നും പറഞ്ഞ് വാര്‍ത്ത കൊടുത്ത പാര്‍ട്ടി മുഖപത്രത്തിന് മാപ്പ് പറയേണ്ടിയും വന്നു. ഈ നവകേരള സദസിനിടയില്‍ തന്നെയാണ് ക്ഷേമപെന്‍ഷന്‍ എത്തിക്കുന്നവരുടെ ദുരിതവും വാര്‍ത്തയാകുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here