കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് വലിയ പ്രശ്നമാണോ? പൊതുമേഖലാ ബാങ്കുകളില്‍ എത്ര കോടികളുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് എം.ബി.രാജേഷ്

തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് വലിയ പ്രശ്നമാണോ എന്ന് മന്ത്രി എം.ബി.രാജേഷ്. ഇന്ത്യയിലെ പൊതുമേഖല ബാങ്കുകളിലെ പതിനായിരക്കണക്കിന് കോടികളുടെ ക്രമക്കേടുകള്‍ പുറത്ത് വന്നിട്ടുണ്ട്. അതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് വലിയ പ്രശ്‌നമാണോ? അതിലെല്ലാം എടുത്തിട്ടുള്ള ഇഡി നിലപാട് ഓര്‍മിക്കേണ്ടതാണ്. ഇഡി ഉദ്ദേശ്യമെന്താണെന്ന് വ്യക്തമാണ്. എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് നടപടികളെ വിമര്‍ശിച്ചും കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് നിസാരമാക്കിക്കൊണ്ടും മന്ത്രി പറഞ്ഞു.
ബാങ്കുകളില്‍ നിന്നും കോടികള്‍ കൊള്ളയടിച്ച് രാജ്യംവിട്ടുപോയവര്‍ ഇപ്പോഴും സുരക്ഷിതമായി കഴിയുന്നു. അപ്പോഴാണ് കേരളത്തില്‍ ഒരു പ്രശ്‌നത്തെ മുന്‍നിര്‍ത്തി ഇത്ര വ്യാപകമായ പ്രചരണം നടത്തുന്നത്. പ്രധാനമായും നിയമപരം എന്നതിനെക്കാള്‍ പ്രചാരണം ലക്ഷ്യമിട്ടുള്ളതാണ് ഇത്.
സഹകരണ മേഖലയില്‍ കേന്ദ്രസര്‍ക്കാരിന് പ്രത്യേകമായ ചില സ്ഥാപിത താത്പര്യങ്ങളുണ്ട്. അതുകൊണ്ടാണ് പ്രത്യേക മന്ത്രാലയം തന്നെ ഉണ്ടായത്. സുപ്രീംകോടതി ചില ചോദ്യങ്ങള്‍ കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചിരുന്നു. കേന്ദ്രത്തിന് സഹകരണ മേഖലയില്‍ ഒരു കുറുക്കന്‍ കണ്ണുണ്ട്. ആ കണ്ണ് വെച്ചിട്ടാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന എല്ലാ നീക്കങ്ങളുമെന്നും എം.ബി രാജേഷ് ആരോപിച്ചു.
മള്‍ട്ടി സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍ക്ക് കേരളത്തില്‍ ചുവടുറപ്പിക്കണമെങ്കില്‍ കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കണം. അതിനുള്ള ശ്രമങ്ങള്‍ ആസൂത്രിതമായി നടന്നുവരുകയാണ്. വര്‍ഷങ്ങള്‍ കൊണ്ട് മികച്ച സേവനം ലഭ്യമാക്കിയാണ് സഹകരണ ബാങ്കുകള്‍ വിശ്വാസ്യത സൃഷ്ടിച്ചത്. ഇതൊന്നും ഒരു രാത്രികൊണ്ട് ഇല്ലാതാകുന്ന ഒന്നല്ലെന്നും മന്ത്രി പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here