മന്ത്രിസ്ഥാനം വേണം; കേരള കോൺഗ്രസ് (ബി) കത്തുനൽകി

തിരുവനന്തപുരം: നവംബര്‍ 20 ന് ഇടതുമുന്നണി സര്‍ക്കാര്‍ രണ്ടര വര്‍ഷം തികയ്ക്കവേ ധാരണയനുസരിച്ച് മന്ത്രിസ്ഥാനം വേണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് (ബി) കത്ത് നല്‍കി. മുഖ്യമന്ത്രിക്കും എൽഡിഎഫ് കൺവീനർക്കും സിപിഎം സംസ്ഥാന സെക്രട്ടറിക്കുമാണ് കത്ത് നല്‍കിയത്. 10-നു ചേരുന്ന ഇടതുമുന്നണി യോഗത്തിൽ ചർച്ചയാകും. മന്ത്രിമാരായ ആന്റണി രാജുവും (ജനാധിപത്യ കേരള കോൺഗ്രസ്) അഹമ്മദ് ദേവർകോവിലും (ഐഎൻഎൽ) രണ്ടര വർഷത്തിനു ശേഷം മാറി പകരം രാമചന്ദ്രൻ കടന്നപ്പള്ളിയും (കോൺഗ്രസ് എസ്), കെ.ബി.ഗണേഷ് കുമാറും (കേരള കോൺഗ്രസ് ബി) മന്ത്രിമാരാവുക എന്നതാണ് ധാരണ.
18നു നവകേരള സദസ്സ് ആരംഭിക്കും മുൻപ് മന്ത്രിസ്ഥാനം വേണമെന്നാണ് കേരള കോൺഗ്രസ്(ബി) നൽകിയ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. പക്ഷെ സാധ്യത കുറവാണ്. മന്ത്രിമാരുടെ ചിത്രങ്ങളില്‍ ആന്റണി രാജുവിനേയും അഹമ്മദ് ദേവർകോവിലിനെയും ഉൾപ്പെടുത്തിയാണ് നവ കേരള സദസ്സിന്റെ പോസ്റ്ററും ബോർഡുകളും പിആർഡി തയാറാക്കിയിരിക്കുന്നത്. യാത്രയ്ക്കുള്ള കെഎസ്ആർടിസിയുടെ പ്രത്യേക ബസ് തയാറാക്കുന്നതിന് മേൽനോട്ടം ആന്റണി രാജുവാണ്.
സോളർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കുടുക്കാനായി ഗണേഷ് കുമാർ ഇടപെട്ടെന്ന വെളിപ്പെടുത്തലും വിവാദവും സജീവമാണ്. ആ കേസ് തുടരുന്നുമുണ്ട്. സിബിഐ റിപ്പോർട്ടിലെ പരാമർശങ്ങളുടെ വെളിച്ചത്തില്‍ മന്ത്രിയാക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യമന്ത്രിക്കു കത്തു നൽകിയിട്ടുണ്ട്. കേരള കോൺഗ്രസ്(എം) നേതാവ് ജോസ് കെ.മാണിയെ സോളാർ കേസിൽ കുടുക്കിയതുമായി ബന്ധപ്പെട്ടും ഗണേഷ് ആരോപണ വിധേയനാണ്. അതുകൊണ്ട് തന്നെ എന്താകും തീരുമാനമെന്നറിയാന്‍ കാത്തിരിക്കേണ്ടി വരും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here