കേരളത്തില്‍ മൃഗബലി നടത്തിയെന്ന ഡി.കെ.ശിവകുമാറിന്റെ പ്രസ്താവന തള്ളി മന്ത്രി ബിന്ദു രംഗത്ത്; പറഞ്ഞത് അസംബന്ധ കാര്യം; പ്രബുദ്ധ കേരളം ഇത്തരം കാര്യങ്ങള്‍ ചെറുക്കും
തിരുവനന്തപുരം: കര്‍ണാടക സര്‍ക്കാരിനെ മറിച്ചിടാന്‍ കേരളത്തില്‍ മൃഗബലി നടത്തിയെന്ന കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനെ തള്ളി മന്ത്രി ആര്‍.ബിന്ദു രംഗത്ത്. പ്രബുദ്ധ കേരളം മൃഗബലി പോലുള്ള കാര്യങ്ങള്‍ ചെറുക്കുമെന്നും അസംബന്ധ പ്രസ്താവനകളെ പ്രോത്സാഹിപ്പിക്കേണ്ട കാര്യമില്ലെന്നും ബിന്ദു കണ്ണൂരില്‍ പറഞ്ഞു.
കേരളത്തില്‍ എതിരാളികള്‍ ശത്രുസംഹാര പൂജയും മൃഗബലിയും നടത്തിയെന്ന് ആരോപിച്ച് കര്‍ണാടക ഉപമുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമായ ഡി.കെ.ശിവകുമാറാണ് ആരോപണം ഉന്നയിച്ചത്. “കേരളത്തിലെ രാജരാജേശ്വര ക്ഷേത്രത്തിന് സമീപത്തുവച്ചാണ് എനിക്കും സിദ്ധരാമയ്യക്കും എതിരായി യാഗം നടന്നത്. ആരാണ് ഇത് ചെയ്യിച്ചതെന്ന് നന്നായി അറിയാം. യാഗത്തില്‍ പങ്കെടുത്തയാളാണ് ഇതിനെക്കുറിച്ച് എന്നോട് പറഞ്ഞത്. കര്‍ണാടകയില്‍ നിന്നുള്ള ആളുകളാണ് പൂജയ്ക്ക് പിന്നില്‍. അത് അവരുടെ വിശ്വാസമാണ്. അവര്‍ക്ക് ചെയ്യാവുന്നതെല്ലാം ചെയ്യട്ടെ.” – ശിവകുമാര്‍ പറഞ്ഞു.
കേരളത്തില്‍ മൃഗബലി നിയമം മൂലം നിരോധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അയല്‍ സംസ്ഥാന ഉപമുഖ്യമന്ത്രി തന്നെ കേരളത്തില്‍ മൃഗബലി നടന്നെന്ന ആരോപണം ഉന്നയിച്ചിരിക്കുന്നത്. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ കർണാടക രാഷ്ട്രീയ നേതാക്കൾ സന്ദർശനം നടത്താറുണ്ട്. ഇതെല്ലാം അറിഞ്ഞുകൊണ്ടുള്ളതാണ് ശിവകുമാറിന്റെ പ്രസ്താവന.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here