മന്ത്രി ബിന്ദുവിൻ്റെ ചികിത്സക്ക് 1.50 ലക്ഷംകൂടി; തുക അനുവദിക്കുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷക്കുള്ള ചോദ്യപേപ്പർ അച്ചടിക്കാൻ വിദ്യാർത്ഥികളിൽ നിന്ന് പിരിവെടുക്കേണ്ടി വരുന്ന വിധത്തിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സര്‍ക്കാര്‍ കടന്നുപോകുന്നത്. ഒരു ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ പാസാക്കാന്‍ കഴിയാത്ത വിധം ട്രഷറി നിയന്ത്രണവും തുടരുകയാണ്. എന്നാല്‍ മന്ത്രിമാരുടെ ചിലവുകൾക്കായി ലക്ഷങ്ങൾ അനുവദിക്കാൻ ഇതൊന്നും തടസമാകുന്നുമില്ല.

ഏറ്റവും ഒടുവിൽ മന്ത്രി ആര്‍.ബിന്ദുവിനാണ് ചികിത്സായിനത്തിൽ തുക അനുവദിച്ചിരിക്കുന്നത്. 1,53,709 രൂപയാണ് ഇത്തവണ നൽകുന്നത്. തിരുവനന്തപുരത്തെ എംഎൽഎ ഹോസ്റ്റലിനോട് അനുബന്ധിച്ചുള്ള ക്ലിനിക്കിൽ ചികിത്സക്കായി ചിലവഴിച്ച തുകയാണ് അനുവദിച്ചത്. ഈ തുക ആവശ്യപ്പെട്ട് ആർ.ബിന്ദു മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. അനുമതി ലഭിച്ചതോടെ ഈ മാസം 23ന് പണം അനുവദിച്ചുള്ള പൊതുഭരണവകുപ്പിൻ്റെ ഉത്തരവിറങ്ങി.

ഇതിന് മുന്‍പ് കണ്ണട വാങ്ങാൻ മന്ത്രി ബിന്ദുവിന് 30,500 രൂപ അനുവദിച്ചത് ചർച്ചയായിരുന്നു. അതിന് പിന്നാലെ ഇരിങ്ങാലക്കുടയിലെ സ്വകാര്യ ദന്തൽ ക്ലിനിക്കിൽ പല്ലുചികിത്സക്ക് ചിലവായ 11,290 രൂപയും അനുവദിച്ചു. കഴിഞ്ഞ സർക്കാരിൽ മന്ത്രിയായിരിക്കെ കെ.കെ.ശൈലജ കണ്ണട വാങ്ങിയത് 29,000 രൂപയ്ക്കാണ്. സ്പീക്കര്‍ ആയിരിക്കെ പി.ശ്രീരാമകൃഷ്ണന്‍ കണ്ണടക്കായി ചിലവിട്ടത് 49,900 രൂപയായിരുന്നു.

ഇതെല്ലാം വാർത്തയാകുമ്പോൾ യുഡിഎഫ് എംഎൽഎമാർ കണ്ണടക്കും മറ്റുമായി ചിലവിട്ട തുകയുടെ കണക്കുകൾ പുറത്തുവിട്ടാണ് ഇടതുപക്ഷം തിരിച്ചടിക്കുന്നത്. എൽദോസ് കുന്നപ്പള്ളി 35842, ടി.ജെ. വിനോദ് 31600, മഞ്ഞളാംകുഴി അലി 29400, ആബിദ് ഹുസൈൻ തങ്ങൾ 26800, മാത്യൂ കുഴൽ നാടൻ 27700, പി.ഉബൈദുള്ള 25950, സണ്ണി ജോസഫ് 23500 എന്നിങ്ങനെയാണ് കണ്ണടക്കായി അവർ ചിലവഴിച്ച തുകയുടെ കണക്ക്. കണ്ണട അടക്കം ഖജനാവിൽ നിന്ന് കിട്ടാനുള്ള ഏത് തുകയുടെ കാര്യത്തിലും ഭരണ- പ്രതിപക്ഷ വ്യത്യാസമില്ലെന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top