‘കിരീടം പാലം ലാലേട്ടനുള്ള പിറന്നാള്‍ സമ്മാനം’; വിനോദസഞ്ചാര കേന്ദമാക്കാനുള്ള പദ്ധതി ഒരുങ്ങി; കുറിപ്പുമായി മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം : നടന്‍ മോഹന്‍ലാലിന് പിറന്നാള്‍ സമ്മാനമായി കിരീടം പാലം ടൂറിസം പദ്ധതി. മന്ത്രി മുഹമ്മദ് റിയാസാണ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പിറന്നാള്‍ സമ്മാനമായി പദ്ധതി ഒരുങ്ങുന്നതായി കുറിച്ചത്. വെള്ളായണി കായലിന്റെ മനോഹാരിതയ്‌ക്കൊപ്പം സിനിമയുടെ ദൃശ്യങ്ങളും മനസ്സിലേക്കോടിയെത്തും വിധമാണ് പദ്ധതി നടപ്പിലാക്കുകയെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.

കിരീടം സിനിമയുടെ പ്രധാന ഭാഗങ്ങള്‍ ചിത്രീകരിച്ച വെള്ളായണിയിലെ പാലമാണ് ടൂറിസം കേന്ദ്രമാക്കിയിരിക്കുന്നത്. സിനിമയുടെ പ്രധാന രംഗങ്ങളെല്ലാം ചിത്രീകരിച്ച പാലമാണിത്. ചിത്രത്തിലെ കഥാപാത്രങ്ങളായി അഭിനയിച്ച മോഹന്‍ലാലും ശ്രീനാഥും സംസാരിക്കുന്ന രംഗങ്ങളും കണ്ണീര്‍ പൂവിന്റെ കവിളില്‍ തലോടി എന്ന ഗാനവും ഈ പാലത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രീകരിച്ചത്. അതുകൊണ്ടാണ് ഈ പാലത്തെ കിരീടം പാലം എന്ന് അറിയപ്പെടാന്‍ തുടങ്ങിയത്. സ്ഥലം എംഎല്‍എയും വിദ്യാഭ്യാസ മന്ത്രിയുമായ വി ശിവന്‍കുട്ടിയുടെ ആശയമാണ് യാഥാര്‍ത്ഥ്യമാകുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ലാലേട്ടന് ഒരു
പിറന്നാള്‍ സമ്മാനം..
‘കിരീടം പാലം’ വിനോദസഞ്ചാര കേന്ദ്രമാക്കുന്ന പദ്ധതി ഒരുങ്ങിക്കഴിഞ്ഞു.
മലയാളികളുടെ മനസ്സില്‍ ‘കിരീടം’ സിനിമയ്‌ക്കൊപ്പം പതിഞ്ഞതാണ് ആ പാലവും. നെല്‍പ്പാടങ്ങള്‍ക്കു നടുവിലെ ചെമ്മണ്‍ പാതയില്‍ മോഹന്‍ലാലിന്റെ സേതുമാധവനും ശ്രീനാഥും കണ്ടുമുട്ടുന്ന രംഗങ്ങള്‍ക്കും കണ്ണീര്‍പൂവിന്റെ കവിളില്‍ തലോടി എന്ന ഏക്കാലത്തെയും മികച്ച ഗാനങ്ങളിലൊന്നിനും
സാക്ഷ്യം വഹിച്ച ഈ പാലം മലയാളസിനിമയിലെ ഒരു നാഴികക്കല്ലിനെയാണ് അടയാളപ്പെടുത്തുന്നത്. കിരീടം പാലത്തെയും വെള്ളായണി കായലിന്റെ മനോഹാരിതയെയും ആസ്വദിക്കാന്‍ സാധിക്കുന്നവിധത്തില്‍ സിനിമയുടെ ദൃശ്യങ്ങളും മനസ്സിലേക്കോടിയെത്തുംവിധം നടപ്പിലാക്കുന്ന പദ്ധതിയുടെ നടപടിക്രമങ്ങള്‍ അവസാനഘട്ടത്തിലാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top