മന്ത്രി സജി ചെറിയാന്റെ മല്ലപ്പള്ളി പ്രസംഗവും വിചാരധാരയിലെ ഭരണഘടനാ പരാമർശവും; രണ്ടും താരതമ്യം ചെയ്ത വി.ഡി.സതീശനെതിരെ മാനനഷ്ടക്കേസ്

ആർഎസ്എസ് ആചാര്യനായ എം.എസ്.ഗോൾവൽക്കറിന്റെ വിചാരധാര (ബഞ്ച് ഒഫ് തോട്ട്‌സ്) എന്ന പുസ്തകത്തിൽ മന്ത്രി സജി ചെറിയാൻ മല്ലപ്പള്ളിയിൽ ഭരണഘടനയെക്കുറിച്ച് പറഞ്ഞ അതേ വാക്കുകൾ കൃത്യമായി പറഞ്ഞിട്ടുണ്ടെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ പ്രസ്താവനയും വിവാദമായിരുന്നു. ആര്‍എസ് എസ്നേതാവിന്റെ വാക്കുകൾക്ക് മന്ത്രിയായ സിപിഎം നേതാവ് പിൻബലം നൽകുക യാണെന്ന സതീശന്‍റെ ആക്ഷേപം ഇരുപാർട്ടികളേയും ചൊടിപ്പിച്ചിരുന്നു.

Also Read: ഭരണഘടനാ വിരുദ്ധ പ്രസംഗത്തില്‍ മന്ത്രി സജി ചെറിയാന് തിരിച്ചടി; കേസില്‍ തുടര്‍ അന്വേഷണത്തിന് ഉത്തരവ്

ആർഎസ്എസുകാരുടെ ബൈബിൾ എന്നറിയപ്പെടുന്ന ‘വിചാരധാര’യിലെ മൂന്നാം അധ്യായത്തിൽ ഭരണഘടനയെക്കുറിച്ച് പറഞ്ഞ ഭാഗമാണ് സതീശൻ പത്രസമ്മേളനത്തിൽ ഉദ്ധരിച്ചത്. “നമ്മുടെ ഭരണഘടന തന്നെയും ഇങ്ങനെ ക്ലിഷ്ടവും ഭിന്നാത്മകവുമായ വിവിധ തുണ്ടുകൾ ചേർത്തുണ്ടാക്കിയതാണ്. പാശ്ചാത്യ നാടുകളുടെ ഭരണഘടനകളിലെ വിവിധ വകുപ്പുകൾ എടുത്ത് ചേർത്ത് ഉണ്ടാക്കിയതാണ്. ഇതിൽ നമ്മുടേത് എന്ന് പറയാവുന്ന യാതൊന്നുമില്ല. നമ്മുടെ ദേശീയ ദൗത്യത്തെക്കുറിച്ചോ നമ്മുടെ ജീവിതത്തിലെ മുഖ്യാദർശത്തെപ്പറ്റിയോ ഒരു സൂചന പോലും അതിലെ നിർദ്ദേശക തത്വങ്ങളിലെങ്ങുമില്ല. ഐക്യരാഷ്ട്ര സഭയുടെയും മുമ്പത്തെ സർവ രാഷ്ട്ര സമിതിയുടെയും പ്രമാണങ്ങളിലെ ചില മുടന്തൻ തത്വങ്ങളും അമേരിക്കയിലെയും ബ്രിട്ടനിലെയും ഭരണഘടനകളിലെ ചില പ്രത്യേകതകളും കൂട്ടിച്ചേർത്ത വികൃത സൃഷ്ടിയാണത്.”
(എം.എസ്.ഗോൾവൽക്കർ)
വിചാരധാര – പേജ് 350 )

മന്ത്രി സജി ചെറിയാൻ പ്രസംഗിച്ചത്:

“മനോഹരമായ ഭരണഘടനയാണ് ഇന്ത്യയില്‍ എഴുതിവച്ചിരിക്കുന്നതെന്ന് നമ്മളെല്ലാവരും പറയും. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടത്. ഞാന്‍ പറയും ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവെച്ചിരിക്കുന്നത്. ബ്രിട്ടീഷുകാരന്‍ പറഞ്ഞ് തയ്യാറാക്കിക്കൊടുത്ത ഒരു ഭരണഘടന ഇന്ത്യക്കാര്‍ എഴുതിവെച്ചു. അത് ഈ രാജ്യത്ത് 75 വര്‍ഷമായി നടപ്പാക്കുന്നു. രാജ്യത്ത് ഏതൊരാള്‍ പ്രസംഗിച്ചാലും ഞാന്‍ സമ്മതിക്കില്ല. ഈ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാൻ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയെന്ന് ഞാന്‍ പറയും. ഇതിന്റെ മുക്കിലും മൂലയിലുമെല്ലാം കുറച്ച് നല്ല കാര്യങ്ങള്‍ എന്നപേരില്‍ ജനാധിപത്യം, മതേതരത്വം, കുന്തം, കുടച്ചക്രം എന്നെല്ലാം എഴുതിവെച്ചുവെന്നതല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നതുമാത്രമാണ് ഇതിന്‍റെ ഉദ്ദേശ്യം. “

Also Read: രാജി ഇല്ലെന്ന് സജി ചെറിയാന്‍; ഹൈക്കോടതി വിധിക്ക് എതിരെ നിയമപരമായി മുന്നോട്ട് പോകും

പ്രതിപക്ഷ നേതാവിന്‍റെ ഈ പ്രസ്താവനക്കെതിരെ ആർഎസ്എസ് പ്രാന്ത സംഘചാലക് കെ.കെ.ബാലറാം കണ്ണൂർ മുൻസിഫ് കോടതിയിൽ മാനനഷ്ട കേസ് ഫയൽ ചെയ്തിട്ടുണ്ട്. (OS 229/ 22) സജി ചെറിയാന്‍റെ പ്രസംഗത്തിൽ പറഞ്ഞ അതേ വാക്കുകൾ ആർഎസ്എസ് സർസംഘചാലക് ആയിരുന്ന ഗോൾവാൽക്കർ എഴുതിയ ബഞ്ച് ഒഫ് തോട്ട്‌സ് (വിചാരധാര)ല്‍ എവിടെയാണെന്ന് അറിയിക്കണം. അതിന് സാധിക്കാത്ത പക്ഷം പ്രസ്താവന പിൻവലിക്കണം. ഇല്ലെങ്കിൽ നിയമനടപടികൾ സ്വീകരിക്കുമെന്നായിരുന്നു ആർഎസ്എസ് നേതാവിന്‍റെ കേസിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. കേസിന്‍റെ വിചാരണ നടപടികൾ തുടങ്ങിയിട്ടില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top