എയ്ഡഡ് അധ്യാപകര്‍ക്ക് ശമ്പള കുടിശിക നല്‍കില്ലെന്ന് മന്ത്രി ശിവന്‍കുട്ടി; അലീനയുടെ ആത്മഹത്യ കണ്ണുതുറപ്പിക്കുമോ

താമരശ്ശേരി കോടഞ്ചേരിയില്‍ എയ്ഡഡ് സ്‌കൂള്‍ അധ്യാപിക അലീന ബെന്നി ശമ്പളം കിട്ടാത്തതിന്റെ പേരില്‍ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത് വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. ഇതോടൊപ്പം എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് ശമ്പള കുടിശികക്ക് അര്‍ഹതയില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടിയുടെ നിയമസഭയിലെ മറുപടി വിദ്യാഭ്യാസ രംഗത്തെ കുത്തഴിഞ്ഞ അവസ്ഥ വെളിവാക്കുന്നതാണ്.
2016 ജൂണ്‍ മുതല്‍ 2020 ഫെബ്രുവരി വരെ എയ്ഡഡ് സ്‌കൂളുകളില്‍ അധ്യാപകരായി നിയമനം ലഭിച്ചവര്‍ക്ക് നോഷണലായി അംഗീകാരം നല്‍കിയ കാലയളവിലെ ശമ്പള കുടിശ്ശിക അനുവദിക്കാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഈ മാസം നിയമസഭയില്‍ സമ്മതിച്ചിരുന്നു. ഈ കാലയളവിലെ സാമ്പത്തിക ആനുകൂല്യങ്ങള്‍ക്ക് അധ്യാപകര്‍ അര്‍ഹരല്ലെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ ഉന്നയിച്ച ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി.
2016 മുതല്‍ 2020 വരെയുള്ള കാലയളവില്‍ സംസ്ഥാനത്തെ വിവിധ എയ്ഡഡ് സ്‌കൂളുകളില്‍ ജോലി ചെയ്ത അധ്യാപകര്‍ക്ക് നിയമന തീയതി മുതല്‍ സേവന കാലയളവ് പരിഗണിച്ച് ഇന്‍ക്രിമെന്റ് നല്‍കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ? മേല്പറഞ്ഞ കാലയളവിലെ സാമ്പത്തിക ആനുകൂല്യങ്ങള്‍ പ്രസ്തുത അധ്യാപകര്‍ക്ക് എന്ന് നല്‍കുമെന്ന് വ്യക്തമാക്കാമോ? എന്നിവയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചത്. ഇതിന് മറുപടിയായി മന്ത്രി പറഞ്ഞത് ഇങ്ങനെ:
കെ.ഇ.ആര്‍ അദ്ധ്യായം XXI ലെ ചട്ടം 7 ഉപചട്ടം 1, 2, 3, 4 എന്നിവ അനുസരിച്ച് സംരക്ഷിത അദ്ധ്യാപകരെ നിയമിക്കാന്‍ മാനേജര്‍മാര്‍ ചട്ടപ്രകാരം ബാദ്ധ്യസ്ഥരാണ്. മേല്‍ ചട്ടങ്ങള്‍ക്ക് 29.01.2016 മുതല്‍ പ്രാബല്യമുണ്ട്. പ്രസ്തുത ചട്ടങ്ങള്‍ക്കുവിരുദ്ധമായി അധിക തസ്തികകളില്‍ നിയമിക്കപ്പെട്ട അദ്ധ്യാപകര്‍ക്ക് നിയമനാംഗീകാരം നല്‍കുന്നതിനായി, ചട്ടങ്ങളില്‍ ഇളവ് നല്‍കിക്കൊണ്ട്, സ.ഉ. (അച്ചടി) 4/2021/പൊ.വി.വ തീയതി 06.02.2021 നമ്പര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഇതുപ്രകാരം നിയമനാംഗീകാരം ലഭിക്കുന്ന ജിവനക്കാര്‍ക്ക് 06-02-2021 മുതല്‍ മാത്രമാണ് സാമ്പത്തിക ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുള്ളത്. നിയമന തീയതി മുതല്‍ 05.02.2021 വരെയുള്ള കാലയളവിലുള്ള ശമ്പള കുടിശികക്ക് അര്‍ഹരല്ല. എന്നാല്‍ ഈ കാലയളവ് അര്‍ഹമായ മറ്റ് സര്‍വ്വീസ് ആനുകൂല്യങ്ങള്‍ക്ക് പരിഗണിക്കുന്നതിന് തടസ്സമില്ല എന്നാണ് വിദ്യാഭ്യാസ മന്ത്രി നിയമസഭയില്‍ പറഞ്ഞത്.

കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച അധ്യാപിക അലീന ബെന്നി താമരശ്ശേരി രൂപത കോര്‍പറേറ്റ് മാനേജ്മെന്റിനു കീഴിലുള്ള കട്ടിപ്പാറ ഹോളി ഫാമിലി സ്‌കൂളില്‍ അഞ്ച് വര്‍ഷം ജോലി ചെയ്തിരുന്ന അലീനയുടെ ജോലി സ്ഥിരപ്പെടുകയോ ശമ്പളം ലഭിക്കുകയോ ചെയ്തിരുന്നില്ല. ഇതിന്റെ മനോവിഷമത്തിലാണ് ജീവനൊടുക്കിയതെന്നാണ് കുടുംബം ആരോപിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here