‘ക്രിസ്മസ് ആഘോഷിക്കരുതെന്ന് പറയാൻ അബ്ദുൽ ഹമീദ് ഫൈസിക്ക് എന്തവകാശം ? മതസൗഹാർദ്ദം തകർക്കുന്നവരെ ജയിലിലടയ്ക്കണം’: മന്ത്രി അബ്ദുറഹിമാൻ

തിരുവനന്തപുരം: മതസൗഹാര്‍ദ്ദത്തിന് എതിരുനില്‍ക്കുന്ന സമസ്ത നേതാവ് അബ്ദുല്‍ ഹമീദ് ഫൈസിയെപ്പോലുള്ളവരെ ജയിലിലടയ്ക്കണമെന്ന് മന്ത്രി വി. അബ്ദുറഹിമാന്‍. ക്രിസ്ത്യന്‍ ആഘോഷങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പറയാന്‍ അയാള്‍ക്ക് എന്തവകാശം എന്നാണ് മന്ത്രി ചോദിച്ചത്. പ്രസ്താവന തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

ഇതിനു മുന്‍പും അബ്ദുല്‍ ഹമീദ് ഫൈസി ഇത്തരം പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. ഇനിയും ഇങ്ങനെയുള്ള പ്രസ്താവന നടത്തിയാല്‍ നടപടിയെടുക്കും. ഏത് വിഭാഗക്കാരായാലും മതസൗഹാർദ്ദം തകര്‍ക്കാന്‍ ശ്രമിച്ചാല്‍ നടപടി എടുക്കുമെന്ന് മന്ത്രി പറഞ്ഞു. ഇത്തരക്കാരെ ജയിലില്‍ അടയ്ക്കണമെന്നാണ് ന്യൂനപക്ഷ മന്ത്രി എന്ന നിലയില്‍ തന്റെ അഭിപ്രായമെന്നും അബ്ദുറഹിമാന്‍ പറഞ്ഞു.

“ഒരു മുസ്ലിമിന് യേശുക്രിസ്തുവിനെ ദൈവപുത്രനായി കാണുന്ന ക്രിസ്മസ് ആഘോഷത്തിലും ആരാധനകളിലും എങ്ങനെയാണ് പങ്കെടുക്കാൻ കഴിയുക? ക്രിസ്മസ് സ്റ്റാർ, ക്രിസ്മസ് ട്രീ, സാന്റാക്ലോസ്, പുൽക്കൂട്, ക്രിസ്മസ് കേക്ക് മുറിക്കൽ തുടങ്ങിയ ആചാരങ്ങളും ആഘോഷങ്ങളും ആരാധനയുമെല്ലാം നമ്മുടെ സമൂഹത്തിലേക്ക് പടർന്നു പിടിച്ചു കൊണ്ടിരിക്കുന്നു. നാം അതീവ ജാഗ്രത പാലിക്കുക. 2003 ൽ ഒരു മുസ്‌ലിം മന്ത്രി നെറ്റിയിൽ തിലകം ചാർത്തി ശൃങ്കേരി മഠം സന്ദർശിച്ചപ്പോൾ സമസ്ത ഉപാദ്ധ്യക്ഷൻ പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ അദ്ധ്യക്ഷനായ സുന്നി യുവജന സംഘം കർശനമായ നിലപാടാണെടുത്തത്” ഇങ്ങനെയാണ് അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. കേരളം എല്ലാവരും സൗഹാര്‍ദ്ദത്തോടെ ജീവിക്കുന്ന സ്ഥലമാണ്. മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന പ്രസ്താവനകള്‍ ജനങ്ങള്‍ അവജ്ഞയോടെ തള്ളിക്കളയുമെന്നും മന്ത്രി അബ്ദുറഹിമാന്‍ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top