ആന്റണി രാജുവും ദേവര്‍കോവിലും രാജിവെച്ചു; മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി

തിരുവനന്തപുരം: ഗതാഗതമന്ത്രി ആന്റണി രാജുവും തുറമുഖവകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലും രാജിവെച്ചു. ഇടതുമുന്നണി ധാരണ പ്രകാരമാണ് രാജി. മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടുകണ്ടാണ് രാജിക്കത്ത് കൈമാറിയത്. ഇവര്‍ക്ക് പകരം കേരള കോണ്‍ഗ്രസ് (ബി)യുടെ കെ.ബി.ഗണേഷ് കുമാറും കോൺഗ്രസി (എസ്) ന്‍റെ രാമചന്ദ്രന്‍ കടന്നപ്പള്ളിയും മന്ത്രിമാരാകും.
ഒരു എംഎല്‍എയുള്ള പാര്‍ട്ടിക്ക് രണ്ടര വര്‍ഷത്തേക്കാണ് മന്ത്രി സ്ഥാനം നല്‍കിയത്. ധാരണ പ്രകാരം നവംബര്‍ 20 നായിരുന്നു പുനഃസംഘടന നടക്കേണ്ടിയിരുന്നത്. എന്നാല്‍ മുഖ്യമന്ത്രിമാരുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ നവകേരള സദസ് നടക്കുന്നതിനാലാണ് രാജി വൈകിയത്. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ തീയതിയിലും ഇന്ന് തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. മന്ത്രിമാരുടെ രാജി ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കാനായി ഇന്ന് ഇടതുമുന്നണി യോഗം നടക്കാനിരിക്കെയാണ് ഇരുമന്ത്രിമാരും രാജിവെച്ചിരിക്കുന്നത്.
പൂർണ്ണ സംതൃപ്തിയോടെയാണു കാലാവധി പൂർത്തിയാക്കുന്നതെന്നും പ്രവർത്തനം വിലയിരുത്തേണ്ടത് ജനങ്ങളെന്നും അഹമ്മദ് ദേവർകോവിൽ പറഞ്ഞു. “ഒരുപാട് പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഗതാഗതവകുപ്പാണ് ഭരിച്ചത്. ശമ്പളം പൂർണ്ണമായി മുഴുവൻ ജീവനക്കാർക്കും കൊടുത്തു. ഒരു രൂപയുടെ പോലും ശമ്പള കുടിശ്ശിക ഇല്ലാതെയാണു രാജിക്കത്ത് സമർപ്പിക്കാൻ കഴിഞ്ഞത്. ഇതില്‍ ചാരിതാർഥ്യമുണ്ട്.” ആന്റണി രാജു പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here