കേരളം NO: 1; മന്ത്രിമാരുടെ സ്വകാര്യ ആശുപത്രിയിലെ ചികിത്സ, ലക്ഷങ്ങൾ പൊടിക്കുന്നു

തിരുവനന്തപുരം: പൊതുജനാരോഗ്യ രംഗത്ത് കേരളം നമ്പർ വൺ ആണെന്ന് സർക്കാരും ഇടതനുഭാവികളും കൊട്ടിഘോഷിക്കുമ്പോൾ ഒട്ടുമിക്ക മന്ത്രിമാരും സ്വകാര്യ ആശുപത്രികളിലാണ് ചികിത്സ തേടുന്നത്. അന്താരാഷ്ട്ര നിലവാരമുള്ള ചികിത്സാ സൗകര്യങ്ങളും വിദഗ്ദ്ധരും സർക്കാർ മെഡിക്കൽ കോളേജുകളിൽ ഉണ്ടെന്ന് അവകാശപ്പെടുമ്പോഴാണ് മന്ത്രിമാർ ചികിത്സയ്ക്കായി സ്വകാര്യ സ്ഥാപനങ്ങളെ സമീപിക്കുന്നത്. ഏറ്റവും ഒടുവിൽ തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി.രാജേഷും ഭാര്യയും കൊച്ചിയിലെ ലിസ്സി ആശുപത്രിയിൽ ചികിത്സ തേടിയതിന് രണ്ടര ലക്ഷം രൂപ അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് മാധ്യമ സിൻഡിക്കറ്റ് പുറത്തുവിടുന്നു.

ഈ വര്‍ഷം ജനുവരി 11, 12 ഫെബ്രുവരി 23, 24 തീയതികളിലാണ് എം.ബി രാജേഷും ഭാര്യ ഡോ. നിനിത കണിച്ചേരിയും ചികില്‍സ തേടിയത്. 4 ദിവസത്തെ ചികിത്സക്ക് ചിലവായത് 2,45, 833 രൂപയാണ്. ചികില്‍സക്ക് ചിലവായ തുക ആവശ്യപ്പെട്ട് മന്ത്രി രാജേഷ് ഇക്കഴിഞ്ഞ മാർച്ചിൽ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.

മേയ് 23 ന് ചികിത്സക്ക് ചിലവായ രൂപ അനുവദിച്ച് പൊതുഭരണ വകുപ്പില്‍ നിന്ന് ഉത്തരവും ഇറങ്ങി. കാലടി സംസ്‌കൃത സര്‍വ്വകലാശാല അധ്യാപികയാണ് രാജേഷിന്റെ ഭാര്യ. ഇരുവരുടേയും അസുഖം എന്താണെന്ന് ഉത്തരവില്‍ സൂചിപ്പിച്ചിട്ടില്ല. ഈ അടുത്തകാലത്ത് തൊഴിൽ- വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിക്ക് തിരുവനന്തപുരത്തെ ജ്യോതിദേവ്സ് ഡയബെറ്റിസ് ആൻഡ് റിസർച്ച് സെന്ററിലെ ചികിത്സക്ക് 132407 രൂപ അനുവദിച്ചിരുന്നു.

ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍.ബിന്ദു കണ്ണട വാങ്ങിയതിന് 30,500 രൂപയും പല്ലുവേദനക്ക് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതിൻ്റെ പേരിൽ 11,290 രൂപയും സർക്കാരിൽ നിന്ന് കൈപ്പറ്റിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലെ മയോ ക്ലിനിക്കിൽ രണ്ടു തവണ ചികിത്സ തേടിയതിന് 72.09 ലക്ഷം രൂപ ചിലവായി. 2022 ജനുവരി 11 മുതൽ 27 വരെയുള്ള മയോ ക്ലിനിക്കിലെ ചികിത്സക്ക് 29.82 ലക്ഷം രൂപയും അതെ വർഷം ഏപ്രിൽ 26 മുതൽ മെയ് ഒൻപത് വരെയുള്ള ചികിത്സക്ക് 42.27 ലക്ഷം രൂപയും ചിലവായി. ഇതിനുംപുറമെ മുഖ്യമന്ത്രിയുടെ ഭാര്യ കമല ലെജിസ്ലേറ്റേഴ്സ് ഹോസ്റ്റൽ ഹെൽത്ത് ക്ലിനിക്കിൽ ചികിത്സ തേടിയതിന് 289,950 രൂപ അനുവദിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്. കാരുണ്യ ബെനവലന്റ് ഫണ്ടിനായി ക്യു നിൽക്കുന്നവരുടെ നാട്ടിലാണ് മന്ത്രിമാർ സ്വദേശത്തെയും വിദേശത്തെയും പഞ്ചനക്ഷത്ര ആശുപത്രികളിലെ ചികിത്സക്കായി പോകുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top