പ്രജ്വല്‍ രേവണ്ണയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസയച്ച് വിദേശകാര്യ മന്ത്രാലയം; നയതന്ത്ര പാസ്‌പോര്‍ട്ട് റദ്ദാക്കുന്നതിന്റെ ഭാഗമായുള്ള നടപടിക്രമം

ഡല്‍ഹി : ലൈംഗിക പീഡനക്കേസില്‍ പ്രതിയായ പ്രജ്വല്‍ രേവണ്ണയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസയച്ച് വിദേശകാര്യ മന്ത്രാലയം. നയതന്ത്ര പാസ്പോര്‍ട്ട് റദ്ദാക്കാനുള്ള നടപടിയുടെ ഭാഗമായാണ് നോട്ടീസ്. കര്‍ണ്ണാടക സര്‍ക്കാരിന്റെ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് എംപിയെന്ന നിലയില്‍ അനുവദിച്ച പാസ്പോര്‍ട്ട് റദ്ദാക്കാന്‍ നടപടി തുടങ്ങിയത്. പാസ്‌പോര്‍ട്ട് റദ്ദാക്കാതിരിക്കാന്‍ എന്തെങ്കിലും കാരണമുണ്ടെങ്കില്‍ അറിയിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നോട്ടീസിന് മറപടി നല്‍കിയില്ലെങ്കില്‍ പാസ്‌പോര്‍ട്ട് റദ്ദാക്കി നാട്ടിലെത്തിക്കാനുളള നടപടികള്‍ സ്വീകരിക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

പ്രജ്വലിന്റെ പാസ്പോര്‍ട്ട് ഉടനടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രണ്ട് തവണ കത്തെഴുതിയിരുന്നു. നിരന്തരമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഹാസനിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കൂടിയായ പ്രജ്വലിനെതിരെ നടപടി സ്വീകരിക്കുന്നത്. ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്ത പ്രജ്വല്‍ രാജ്യം വിടാനും ഒളിവില്‍ പോകാനും നയതന്ത്ര പാസ്പോര്‍ട്ട് ദുരുപയോഗം ചെയ്തു എന്നത് നയതന്ത്ര പരിരക്ഷ റദ്ദാക്കാനുള്ള മതിയായ കാരണമാണെന്ന് സിദ്ധരാമയ്യ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഒരു മാസത്തോളമായി വിദേശത്ത് ഒളിവില്‍ കഴിയുന്ന പ്രജ്വലിനെ തിരികെ കൊണ്ടുവരാന്‍ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടു.

പ്രജ്വല്‍ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന നിരവധി ദ്യശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ഇതിനുപിന്നാലെ ഇരകളായ സ്ത്രീകള്‍ പരാതി നല്‍കുകയും ചെയ്തു. 300 ലധികം സ്ത്രീകളുടേതായ 2976 ലധികം ദൃശ്വങ്ങളാണ് നാടാകെ പരന്നത്. ഇതോടെ ഇരയായ സ്ത്രീകള്‍ക്കായി കര്‍ണാടക പോലീസ് ഹെല്‍പ് ലൈന്‍ ആരംഭിക്കുകയും ചെയ്തു. നിലവില്‍ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമാണ് കേസ് അന്വേഷിക്കുന്നത്. തിരഞ്ഞെടുപ്പിന് പിന്നാലെ തന്നെ പ്രജ്വല്‍ ജര്‍മ്മനിയിലേക്ക് കടന്നിരുന്നു. പ്രജ്വലിനായി ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top