കേരളത്തിന്റെ ‘വിദേശകാര്യ സെക്രട്ടറി’യെ വാഴിക്കില്ലെന്ന് കേന്ദ്രം; കെ.വാസുകിയുടെ നിയമനത്തില്‍ രൂക്ഷവിമര്‍ശനം

മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥ ഡോ. വാസുകിയെ വിദേശ സഹകരണത്തില്‍ ‘സെക്രട്ടറി’യായി നിയമിച്ച ഉത്തരവിനെതിരെ വിദേശകാര്യ മന്ത്രാലയം. ഭരണഘടനയെ മറികടക്കരുതെന്ന് വിദേശ മന്ത്രാലയം സംസ്ഥാന സര്‍ക്കാരിന് കര്‍ശന താക്കീത് നല്‍കി. കേന്ദ്രത്തിന്റെ അധികാരത്തിലേക്ക് കടക്കരുതെന്ന് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കേന്ദ്ര വിഷയം ആണെന്നും വിദേശകാര്യ വക്താവ് ചൂണ്ടികാട്ടി. വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയം സംസ്ഥാന ലിസ്റ്റിലും കണ്‍കറന്റ് ലിസ്റ്റിലുമുള്ളതല്ലെന്നും കേരളത്തെ ഓര്‍മ്മിച്ചു. ഭരണഘടനാപരമായ അധികാര പരിധിക്കപ്പുറമുള്ള കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരുകള്‍ കടന്നുകയറരുതെന്നും വക്താവ് മുന്നറിയിപ്പ് നല്‍കി.
കഴിഞ്ഞ മാസം 15ന് പൊതുഭരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവിലാണ് തൊഴില്‍ വകുപ്പ് സെക്രട്ടറി ഡോ വാസുകിക്ക് വിദേശ സഹകരണത്തിന്റെ ചുമതല നല്‍കി ഉത്തരവ് പുറപ്പെടുവിച്ചത്. ഇക്കാര്യത്തില്‍ വാസുകിയെ പൊളിറ്റിക്കല്‍ വകുപ്പ് സഹായിക്കണമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. കൂടാതെ വിദേശകാര്യ മന്ത്രാലയം, എംബസികള്‍, വിദേശ മിഷനുകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ വാസുകിയെ ഡല്‍ഹി റസിഡന്റ് കമ്മീഷണര്‍ സഹായിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
വാസുകിയുടെ നിയമനം സംബന്ധിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ക്ക് സത്യവുമായി യാതൊരു ബന്ധമില്ലെന്നായിരുന്നു ചീഫ് സെക്രട്ടറി ഡോ വേണുവിന്റെ നിലപാട്.
ഒരു സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്ത ഉണ്ടാക്കാനും പ്രചരിപ്പിക്കുവാനും ഉള്ള അവസരം നഷ്ടപ്പെടരുത് എന്ന ചിലരുടെ വാശിയുടെ അടിസ്ഥാനത്തിലാണ് ഇത് പോലെയുള്ള വാര്‍ത്തകള്‍ പിറക്കുന്നതെന്നാണ് വേണു ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ചീഫ് സെക്രട്ടറി ന്യായീകരിക്കാന്‍ ശ്രമിച്ചതെല്ലാം കേന്ദ്ര സര്‍ക്കാര്‍ തള്ളിക്കളഞ്ഞു. അനാവശ്യമായി കേന്ദ്രത്തിന്റെ അധികാര പരിധിയിലേക്ക് കൈ കടത്തരുതെന്ന കര്‍ശന താക്കീതും സംസ്ഥാന സര്‍ക്കാരിന് വാങ്ങിക്കേണ്ടി വന്നു എന്നതാണ് ഈ സംഭവ വികാസത്തിന്റെ പരിണിതഫലം.
കെ വാസുകിയുടെ നിയമനത്തിന്റെ പേരില്‍ വിദേശകാര്യമന്ത്രാലയം കേരളത്തെ കുറ്റപ്പെടുത്തിയിട്ടില്ലെന്ന് വിദേശ കാര്യമന്ത്രാലയത്തിന്റെ വാര്‍ത്താ സമ്മേളനത്തിന് ശേഷം ചീഫ് സെക്രട്ടറി വി വേണു മാധ്യമങ്ങളോട് പറഞ്ഞു. വാസുകിയെ നിയമിച്ചത് തെറ്റാണെന്നോ നിയമന ഉത്തരവ് പിന്‍വലിക്കാനോ ആവശ്യപ്പെട്ടിട്ടില്ല. കേന്ദ്രത്തിന്റെ അധികാരപരിധിയിലുള്ള കാര്യങ്ങളില്‍ ധാരണയുള്ളവരാണ് ഇവിടുത്തെ ഉദ്യോഗസ്ഥര്‍. ഇക്കാര്യത്തില്‍ കേരള സര്‍ക്കാരിന് ഔദ്യോഗികമായി കേന്ദ്രസര്‍ക്കാര്‍ അറിയിപ്പ് വന്നാലേ മറ്റ് നടപടികള്‍ സ്വീകരിക്കുകയുള്ളൂ എന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here