‘ദേവസ്വം ബോർഡിൽ ഹിന്ദു അല്ലാത്തയാളെ ഉൾപ്പെടുത്തുമോ’; വഖഫ് നിയമ ഭേദഗതിയെ പാർലമെൻ്റിൽ എതിർത്ത് കോൺഗ്രസ്

വഖഫ് നിയമ ഭേദഗതി ബിൽ പാർലമെൻ്റിൽ അവതരിപ്പിക്കാൻ അനുമതി തേടി ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു. ബില്ലിനെതിരെ നിലപാട് സ്വീകരിച്ച പ്രതിപക്ഷ പാര്‍ട്ടികള്‍ സഭാ നടപടികൾ തടസ്സപ്പെടുത്തി. ഭേദഗതി ബിൽ ഭരണഘടനാ വിരുദ്ധമാണെന്നും അത് അനുവദിക്കരുതെന്നും കോൺഗ്രസ് നേതാവ് കെ.സി.വേണുഗോപാൽ പറഞ്ഞു.

അമുസ്ലിങ്ങളെ വഖഫ് ബോർഡിൽ അംഗമാക്കുന്നത് മുസ്ലിം മതത്തിനും അവരുടെ വിശ്വാസത്തിനും നേരെയുള്ള കടന്നാക്രമണമാണ്. ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ഈ ബിൽ തയ്യാറാക്കിയിരിക്കുന്നത്. ഇത് ഫെഡറൽ സംവിധാനത്തിനും മതസ്വാതന്ത്ര്യത്തിനും മേലുള്ള കടന്നാക്രമണമാണ്. അയോധ്യ രാമക്ഷേത്രത്തിലും ഗുരുവായൂർ ക്ഷേത്രത്തിലുമെല്ലാം അഹിന്ദുക്കളെ ഭരണസമിതിയിൽ അംഗങ്ങളാക്കുമോ എന്നും വേണുഗോപാൽ ചോദിച്ചു.

ഇന്ത്യ സഖ്യത്തിലെ കക്ഷികൾ രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. മതേതരത്വത്തിന് എതിരെയുള്ള കടന്നുകയറ്റമാണ് ഭേദഗതി ബില്ലെന്ന് മുസ്ലിം ലീഗ് നേതാവ് ഇ.ടി.മുഹമ്മദ് ബഷീർ പറഞ്ഞു. മുസ്ലിം സമുദായത്തിന് നേരെയുള്ള വിവേചനമാണ് ബില്ലെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. ബില്ലിനെ എൻഡിഎ ഘടകകക്ഷികളായ ടിഡിപിയും ജെഡിയുവും അനുകൂലിച്ചു. ബിൽ മുസ്ലീം വിരുദ്ധമല്ലെന്ന് അവർ വ്യക്തമാക്കി.

വഖഫ് സ്വത്തുക്കളുടെ ജുഡീഷ്യൽ പരിശോധന, നിർബന്ധിത സ്വത്ത് രജിസ്ട്രേഷൻ, വഖഫ് ബോർഡുകളിൽ അമുസ്ലിങ്ങളെയും സ്ത്രീകളെയും ഉള്‍പ്പെടുത്തല്‍ എന്നിവയടക്കം 44 ഭേദഗതികൾ ബില്ലിൽ ഉൾപ്പെടുന്നു. 11 അംഗ വഖഫ് ബോര്‍ഡില്‍ രണ്ട് പേര്‍ സ്ത്രീകളായിരിക്കും. മുസ്ലിം ഇതര വിഭാഗത്തില്‍ നിന്നും രണ്ടുപേര്‍, എംപിമാര്‍, എംഎല്‍എമാര്‍, ബോർഡ് സ്ഥിതി ചെയ്യുന്ന സ്ഥലത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ബോര്‍ഡില്‍ ഉണ്ടാകണമെന്നാണ് നിര്‍ദേശം.

വഖഫ് സ്വത്തുക്കളുടെ വാണിജ്യ ഉപയോഗത്തിൽ നിന്നും ചെലവുകളിൽ നിന്നും വരുമാനം ശേഖരിക്കുന്നതിനുള്ള മുഴുവൻ സംവിധാനവും ഓൺലൈനാക്കും. സ്വത്ത് രജിസ്‌ട്രേഷനായി കേന്ദ്ര പോര്‍ട്ടല്‍ യാഥാര്‍ത്ഥ്യമാക്കുമെന്നും ഭേദഗതിയിലുണ്ട്. നിലവിൽ റെയിൽവേയും പ്രതിരോധ മന്ത്രാലയവും കഴിഞ്ഞാൽ ഏറ്റവും അധികം ഭൂസ്വത്തുക്കൾ ഉള്ളതും വഖഫ് ബോർഡിനാണ്. രാജ്യത്തെമ്പാടുമുള്ള 30 ബോർഡുകളുടെ കൈവശം എട്ടു ലക്ഷത്തിലധികം ഏക്കർ സ്വത്തുവകകൾ ഉണ്ടെന്നാണ് കണക്ക്

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top