‘രാജ്യത്ത് ന്യൂനപക്ഷ അവകാശങ്ങള്‍ തടയുന്നു’; ക്രൈസ്തവര്‍ക്കെതിരെ ആക്രമണങ്ങള്‍ വര്‍ധിക്കുന്നെന്ന് സര്‍ക്കുലര്‍; 22ന് ഉപവാസ ദിനമായി ആചരിക്കാന്‍ ലത്തീന്‍ അതിരൂപത

തിരുവനന്തപുരം: രാജ്യത്ത് ന്യൂനപക്ഷ അവകാശങ്ങള്‍ ഹനിക്കുകയാണെന്നും ക്രൈസ്തവര്‍ക്കെതിരെ ആക്രമണങ്ങള്‍ വര്‍ധിക്കുകയാണെന്നും തിരുവനന്തപുരം ലത്തീന്‍ അതിരൂപത. മതധ്രുവീകരണം ശക്തമായ സാഹചര്യത്തില്‍ മാര്‍ച്ച് 22ന് ദേശീയ ഉപവാസ പ്രാര്‍ത്ഥനാദിനമായി ആചരിക്കാന്‍ ഇന്ത്യൻ കത്തോലിക്ക സഭ ആഹ്വാനം ചെയ്തതായി അതിരൂപത മെത്രാപ്പോലീത്ത മാര്‍ തോമസ്‌ ജെ.നെറ്റോ അറിയിച്ചു. തലസ്ഥാനത്തെ ലത്തീൻ അതിരൂപതയ്ക്ക് കീഴിലെ എല്ലാ പള്ളികളിലും ഇന്ന് സർക്കുലർ വായിച്ചാണ് അറിയിപ്പ് നല്‍കിയത്.

2014ല്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള അക്രമ സംഭവങ്ങള്‍ 147 ആണെങ്കില്‍ കഴിഞ്ഞ വര്‍ഷം അത് 687 ആണെന്ന് സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടി. വിഭജന മനോഭാവങ്ങളും വിദ്വേഷ പ്രസംഗങ്ങളും ഭരണഘടനയുടെയും മതമൗലിക പ്രസ്ഥാനങ്ങളുടെയും ബഹുസ്വരധാര്‍മികതയെ തകര്‍ക്കുകയാണ്. ഈ സാഹചര്യം മുന്നില്‍ക്കണ്ടാണ് ഉപവാസ പ്രാര്‍ത്ഥനാ ദിനമായി പ്രഖ്യാപിച്ചതെന്നും പറയുന്നു. മാര്‍ച്ച്‌ 22ന് വെള്ളിയാഴ്ച കുരിശിന്റെ വഴിക്ക് ശേഷം ഒരു മണിക്കൂര്‍ ആരാധന, ബൈബിള്‍ പാരായണം, രാത്രി ജാഗരണം തുടങ്ങിയവ നടത്തണമെന്നും നിര്‍ദേശമുണ്ട്. അന്നേദിവസം ഒരു നേരത്തെ ഭക്ഷണം വര്‍ജ്ജിക്കണമെന്നാണ് അറിയിപ്പ്.

തിരുവനന്തപുരം ജില്ലയിലെ വോട്ടര്‍മാര്‍ക്കിടയില്‍ ലത്തീന്‍ രൂപതയ്ക്ക് നിര്‍ണ്ണായക സ്വാധീനമുള്ള സാഹചര്യത്തിലാണ് സര്‍ക്കുലറിലൂടെ ഇത്തരത്തില്‍ വിമര്‍ശനം ഉന്നയിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top