ജീവനക്കാരിയോട് ജഡ്ജിയുടെ മോശം പെരുമാറ്റം; പരാതിയുമായി അഭിഭാഷകന്‍; നിയമോപദേശത്തിന് വിട്ട് പോലീസ്
കോടതി ജീവനക്കാരിയോട് മോശമായി പെരുമാറിയതിന് സംസ്പെൻഷനിലുള്ള ജഡ്‌ജിക്കെതിരെ പോലീസ് കേസിനും വഴിതെളിഞ്ഞു. കോഴിക്കോട് അഡീഷണൽ ജില്ലാ ജഡ്ജിയായിരുന്ന എം സുഹൈബിനെതിരെ പയ്യന്നൂരിലെ അഭിഭാഷകനായ പിന്റോ ഫ്രെഡറിക് കോഴിക്കോട് ടൗൺ പോലീസില്‍ പരാതി നല്‍കി. ഇതിന്മേൽ നിയമോപദേശത്തിന് നടപടി തുടങ്ങിയെന്ന് എസ്എച്ച്ഒ പി.ജിതേഷ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷിക്കണമെന്നും സത്യാവസ്ഥ പുറത്ത് കൊണ്ടുവരണമെന്നുമാണ് ആവശ്യം.
അതേസമയം കോടതി ജീവനക്കാരി ഇതുവരെ പോലീസിൽ പരാതി നല്‍കിയിട്ടില്ല. കോടതി ജീവനക്കാർ പ്രതിഷേധം ഉയർത്തിയപ്പോൾ ജഡ്‌ജി പരസ്യമായി മാപ്പ് പറഞ്ഞിരുന്നു. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയുടെ ചേംബറില്‍ വെച്ചായിരുന്നു ഇത്. പിന്നാലെ ജഡ്ജിയെ സ്ഥലം മാറ്റിയിരുന്നു. എന്നാല്‍ സംഭവത്തില്‍ ഹൈക്കോടതിയുടെ ഇടപെടല്‍ വന്നതോടെ ജഡ്ജി സസ്പെന്‍ഷനിലായി.
ഹൈക്കോടതി അഡ്‌മിനിസ്ട്രേറ്റീവ് കമ്മിറ്റിയാണ് ജഡ്ജിയെ സസ്പെന്‍ഡ് ചെയ്തത്. ജില്ലാ ജഡ്ജിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടി വന്നത്. സംഭവം ജുഡീഷ്യൽ സ്ഥാപനങ്ങളുടെ വിശ്വാസ്യതയെ സാരമായി ബാധിച്ചതായാണ് കമ്മിറ്റി വിലയിരുത്തിയത്. സസ്പെന്‍ഷനില്‍ തുടരുമ്പോള്‍ തന്നെയാണ് ജഡ്ജിക്ക് എതിരെ നിയമനടപടി തേടി അഭിഭാഷകന്റെ പരാതിയും എത്തുന്നത്.
ജഡ്ജിയുടെ പെരുമാറ്റവും പരസ്യമായ മാപ്പ് പറയലും സസ്പെന്‍ഷനും വിവാദവുമെല്ലാം നിയമവൃത്തങ്ങളില്‍ ഇപ്പോഴും പുകയുകയാണ്. സംഭവത്തിനടുത്ത ദിവസം തന്നെ ജീവനക്കാർ ഒറ്റക്കെട്ടായി ജില്ലാ ജഡ്ജിയെ കണ്ടതോടെയാണ് ജഡ്ജിക്ക് മാപ്പ് പറയേണ്ടി വന്നത്. ഇതോടെ പ്രശ്നം പരിഹരിക്കപ്പെട്ടെന്ന് കരുതിയെങ്കിലും പിന്നാലെ വാർത്ത പുറത്തായി. ഇതോടെ ജഡ്ജിയെ സ്ഥലം മാറ്റുകയും, തൊട്ടുപിറകെ തന്നെ ഹൈക്കോടതി ഇടപെടലും ഉണ്ടാകുകയുമായിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here