ബസിൽവച്ച് വിദ്യാർത്ഥിനിയെ അപമാനിച്ചു; സ്വകാര്യ ബസ് കണ്ടക്ടറുടെ ലൈസൻസ് റദ്ദാക്കി
വൈക്കം: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ സ്വകാര്യ ബസ് കണ്ടക്ടറിൻ്റെ ലൈസൻസ് റദ്ദാക്കി. വൈക്കം എറണാകുളം റൂട്ടില്‍ ഓടുന്ന പ്രിയദര്‍ശിനി എന്ന ബസിലെ കണ്ടക്ടര്‍ ഉദയനാപുരം സ്വദേശി വിനോദ് പ്രസന്നന്റെ ലൈസന്‍സാണ് വൈക്കം ജോയിന്റ് ആര്‍ടിഒ നിഷ കെ. മണി സസ്‌പെന്‍ഡ് ചെയ്തത്. സ്‌കൂള്‍ കുട്ടികളോടുള്ള സ്വകാര്യബസ് ജീവനക്കാരുടെ പെരുമാറ്റത്തിനെതിരെ വ്യാപക പരാതി ഉയരുന്നതിനിടെയാണ് നടപടി.
മൂന്നുമാസത്തേക്ക് വിനോദിന്റെ ലൈസന്‍സ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കിയത്. പൂത്തോട്ട കെപിഎംഎച്ച്എസ്എസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനി നൽകിയ പരാതിയിലാണ് നടപടി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെ.ജി. ബിജുവിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തിയതിൽ ഇയാൾ സ്ഥിരമായി വിദ്യാർത്ഥികളോട് മോശമായി പെരുമാറാറുണ്ടെന്ന് കണ്ടെത്തി.
കഴിഞ്ഞമാസം 26നാണ് സംഭവം. സ്‌കൂള്‍ കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ ബസിൽ കയറിയ വൈക്കം സ്വദേശിനിയായ പെൺകുട്ടിയോട് മറ്റൊരു സ്ഥലത്തേക്ക് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടു. പിന്നാലെ മറ്റു യാത്രക്കാരുടെ മുന്നില്‍ പെണ്‍കുട്ടിയെ അപമാനിച്ച് സംസാരിച്ചു. ഇതോടെയാണ് വിദ്യാർത്ഥിനി മോട്ടോർ വാഹന വകുപ്പിന് പരാതി നല്‍കിയത്. അന്വേഷണത്തില്‍ മുമ്പും ഇയാള്‍ക്കെതിരെ പരാതി ഉയര്‍ന്നതായി വ്യക്തമായിട്ടുണ്ട്. ചോദ്യം ചെയ്യലിലും പ്രതി വീണ്ടും കുറ്റം ആവര്‍ത്തിക്കാനുള്ള സാധ്യത ബോധ്യപ്പെട്ടതോടെയാണ് ലൈസന്‍സ് റദ്ദാക്കിയത്.
യാത്രക്കാരോട് പെരുമാറേണ്ട രീതികളെക്കുറിച്ച് സ്വകാര്യ ബസ് ജീവനക്കാർക്കായി പ്രത്യേക ബോധവത്കരണ ക്ലാസ് നടത്തുമെന്ന് കെ.ജി.ബിജു പറഞ്ഞു. കൂടാതെ ട്രിപ്പ് മുടക്കുന്ന സ്വകാര്യ ബസുകൾക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here