യുവനടിയോട് വിമാനത്തിൽ അപമര്യാദ, അറസ്റ്റിന് തടസ്സമില്ലെന്ന് കോടതി; പ്രതിയുടെ ഉപഹർജി തള്ളി
കൊച്ചി: യുവനടിയോട് വിമാനത്തില്‍ അപമര്യാദയായി പെരുമാറിയ കേസില്‍ പ്രതി നല്കിയ ഉപഹര്‍ജി കോടതി തള്ളി. ജാമ്യ ഹര്‍ജി തീര്‍പ്പാക്കുന്നതിന് മുന്‍പ് അറസ്റ്റ് തടയണം എന്നാവശ്യപ്പെട്ട് പ്രതിയായ സി.ആര് ആന്റോ(45) ഉപഹര്‍ജി നല്‍കിയിരുന്നു. പ്രതിയുടെ മേല്‍ ഗുരുതര കുറ്റങ്ങളാണുള്ളതെന്ന് ആരോപിച്ചാണ് എറണാകുളം ജില്ലാ സെഷന്‍സ് കോടതി ഉപഹര്‍ജി തള്ളിയത്. പ്രതിയുടെ അറസ്റ്റിനു തടസമില്ലെന്നും കോടതി അറിയിച്ചു. ആന്റോയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിശദമായ വാദം കേള്‍ക്കും.
കേസിലെ പ്രതിയായ തൃശ്ശൂര്‍ സ്വദേശി ആന്റോ എറണാകുളം ജില്ല സെഷന്‍സ് കോടതിയിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ കെട്ടിച്ചമച്ചതെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടാണ് ജാമ്യ ഹര്‍ജി നല്‍കിയത്. ജാമ്യ ഹര്‍ജി തീര്‍പ്പാക്കുന്നതിന് മുന്‍പ് അറസ്റ്റ് തടയണം എന്നാവശ്യപ്പെട്ട് നല്കിയ ഉപഹര്‍ജിയാണ് കോടതി തള്ളിയത്. ജാമ്യമില്ലാ വകുപ്പുകളടക്കം ചുമത്തിയാണ് നെടുമ്പാശേരി പോലീസ് ആന്റോയ്ക്കെതിരെ കേസെടുത്തത്.
വിന്‍ഡോ സീറ്റില്‍ ഇരിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം മാത്രമാണ് വിമാനത്തില്‍ ഉണ്ടായതെന്നും വിമാനം പുറപ്പെടുന്നതിനു മുന്‍പ് തന്നെ പരിഹരിക്കപ്പെട്ടെന്നും ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സംഭവമുണ്ടായത് വിമാനം പുറപ്പെടുന്നതിനു മുന്പായതിനാല് കേസ് മുംബൈ പോലീസിന്റെ അധികാര പരിധിയിലാണ് വരേണ്ടതെന്നും ജാമ്യാപേക്ഷയില്‍ പറയുന്നുണ്ട്.
എന്നാല്‍ പ്രതി നിലവില്‍ ഒളിവിലാണ്. ഇന്നലെ നെടുമ്പാശേരി സ്റ്റേഷനില്‍ പ്രതിയോട് ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും എത്തിയില്ല. പ്രതിയുടെ വീട്ടില്‍ പോലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. സംഭവത്തില്‍ പ്രതിയുടെ കൂടെ വിമാനത്തില്‍ യാത്ര ചെയ്ത സുഹൃത്തുക്കളേയും പോലീസ് ചോദ്യം ചെയ്യും.
കഴിഞ്ഞ ബുധനാഴ്ചയാണ് വിമാനത്തില്‍വെച്ച് യുവ മലയാളി നടിക്ക് നേരെ സഹയാത്രികനില്‍ നിന്നും അതിക്രമം നേരിട്ടത്. മുംബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ എയര്‍ ഇന്ത്യ വിമാനത്തിലാണ് സംഭവം. മദ്യലഹരിയില്‍ ആയിരുന്ന യുവാവ് നടിയുടെ തൊട്ടടുത്ത സീറ്റില്‍ വന്നിരുന്ന് മോശമായി പെരുമാറിയെന്നാണ് പരാതി.
ടേക്ക് ഓഫിന് തൊട്ട് മുന്‍പേയാണ് സംഭവം. കൊച്ചിയിലെ വിമാനത്താവളത്തില്‍ എത്തിയ ഉടന്‍ നടി നെടുമ്പാശേരി പോലീസിനു ഇ-മെയില്‍ വഴി പരാതി നല്‍കിയിരുന്നു. കാബിൻ ക്രൂവിനോട് പരാതിപ്പെട്ടപ്പോൾ സീറ്റ് മാറ്റി ഇരുത്തിയതല്ലാതെ മറ്റു നടപടികൾ ഒന്നും സ്വീകരിച്ചില്ലെന്നും പരാതിയിൽ പറയുന്നു. ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി സംഭവം പങ്കുവെച്ചത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here