മിഷേല്‍ ഷാജിയെ കൊന്നതെന്ന് മാതാപിതാക്കള്‍; കുറ്റവാളികളെ പുറത്ത് കൊണ്ടുവരണം; നവകേരള സദസിലെത്തി പരാതി നല്‍കി

തിരുവനന്തപുരം: സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയുടെ മരണം കൊലപാതകമാണെന്നും കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് മിഷേലിന്റെ മാതാപിതാക്കൾ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. തിങ്കളാഴ്ച പിറവത്ത് നടന്ന നവകേരള സദസിലാണ് പരാതി നല്‍കിയത്. മകളുടെ മരണം ആത്മഹത്യയാക്കാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.
2017 മാർച്ച് ആറിനാണ് കൊച്ചിക്കായലിൽ മിഷേലിന്റെ മൃതദേഹം കണ്ടെത്തിയത്. മിഷേലിന്‍റെത് ആത്മഹത്യയല്ല കൊലപാതകമാണെന്ന് കുടുംബം ആരോപിച്ചിരുന്നുവെങ്കിലും ആദ്യം കേസ് അന്വേഷിച്ച ലോക്കല്‍ പോലീസ് ആത്മഹത്യയാണെന്ന അഭിപ്രായത്തില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് അന്വേഷണം ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറിയെങ്കിലും ഈ ദിശയിലുള്ള അന്വേഷണത്തില്‍ മുന്നോട്ട് പോകാന്‍ കഴിഞ്ഞില്ല. ഇതിനെ തുടര്‍ന്നാണ് കുടുംബം പരാതി നല്‍കിയത്.
“മിഷേല്‍ ആത്മഹത്യ ചെയ്യില്ല. അത് കൊലപാതകമായിരുന്നു. മിഷേല്‍ മരിച്ചു കിടക്കുന്ന ദൃശ്യങ്ങളും വീഡിയോയുമായി ഞങ്ങള്‍ പോലീസ് സര്‍ജനായ ഉമാദത്തന്‍റെ അടുത്ത് പോയിരുന്നു. ഇത് ആത്മഹത്യയല്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഞങ്ങള്‍ ആവശ്യപ്പെട്ട രീതിയിലുള്ള അന്വേഷണം നടക്കാത്തതിനെ തുടര്‍ന്നാണ് വീണ്ടും പരാതി നല്‍കിയത്”-മിഷേലിന്റെ പിതാവ് ഷാജി വര്‍ഗീസ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.
മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്:
മിഷേലിന്റെ മരണവുമായി ബന്ധപ്പെട്ട് ഞങ്ങള്‍ പോലീസില്‍ നല്‍കിയ പരാതികളില്‍ കൃത്യമായ ഒരു മറുപടിയും ലഭിച്ചിട്ടില്ല. 12-02-2020, 07-08-2023 തീയതികളില്‍ അനൂപ് ജേക്കബ് എംഎല്‍എയും ഞങ്ങളും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളത്തെ ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസില്‍ നിന്നും ഞങ്ങള്‍ക്ക് തപാലില്‍ വന്ന മറുപടി നൂറ് ശതമാനം നുണയാണ്. നീതിക്ക് നിരക്കാത്ത കാര്യങ്ങളാണ് അതില്‍ ഉള്ളത്.
മകളെ കാണാതായ 2017 മാര്‍ച്ച് അഞ്ചാം തീയതി രാത്രി ഞങ്ങള്‍ എറണാകുളത്ത് വനിതാ പോലീസ് സ്റ്റേഷന്‍, കസബ-സെന്‍ട്രല്‍ പോലീസ് സ്റ്റേഷനുകളില്‍ കയറിയിറങ്ങി മകളുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ നോക്കി മകളെ കണ്ടുപിടിക്കാന്‍ ശ്രമിക്കണമെന്ന് കേണപേക്ഷിച്ചിട്ടും അവര്‍ ഒരന്വേഷണവും നടത്തിയില്ല. രാവിലെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ നോക്കാമെന്നാണ് പറഞ്ഞത്.
അഞ്ചാം തീയതി കൊടുത്ത പരാതി ആറാം തീയതി എന്ന് ആക്കി മാറ്റാതെ സ്വീകരിക്കില്ലെന്ന് നിര്‍ബന്ധം പിടിച്ചതിനാല്‍ അടുത്ത ദിവസത്തെ തീയതിവെച്ച് പരാതി നല്‍കേണ്ടി വന്നു. മകളുടെ മരണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരേയും കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥരേയും ശിക്ഷിക്കുന്നതിന് വേണ്ട അടിയന്തിര നടപടി സ്വീകരിക്കണം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here