മിഷേൽ ഷാജിയുടെ മരണത്തില്‍ സിബിഐ അന്വേഷണമില്ല; പിതാവിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി

മിഷേൽ ഷാജിയുടെ മരണത്തില്‍ സിബിഐ അന്വേഷണം വേണം എന്ന ആവശ്യം ഹൈക്കോടതി തള്ളി. മിഷേൽ ഷാജിയുടെ ദുരൂഹ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പിതാവാണ് ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണം എത്രയും വേഗം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ ജസ്റ്റിസ്‌ സി.എസ്.സുധ ക്രൈംബ്രാഞ്ചിന് നിർദ്ദേശം നൽകി.

സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഏഴു വര്‍ഷമായി ഹൈക്കോടതിക്ക് മുന്നിലുണ്ട്. കഴിഞ്ഞവർഷം കേസിൽ ഹൈക്കോടതി അമിക്കസ് ക്യൂറിയെയും നിയമിച്ചിരുന്നു. മിഷേലിന്റെ മരണത്തില്‍ സത്യം പുറത്തുവരണം എന്നാവശ്യപ്പെട്ട് ഏറെക്കാലമായി സോഷ്യല്‍ മീഡിയയില്‍ ക്യാംപെയ്ൻ നടക്കുന്നുണ്ട്.

Also Read: മിഷേൽ ഷാജിയുടെ മരണം സിബിഐക്ക് വിട്ടേക്കും; കേസ് ഡയറി വിളിച്ചുവരുത്താൻ ഹൈക്കോടതി

‘ജസ്റ്റിസ് ഫോർ മിഷേൽ’ എന്ന പേരിലാണ് ക്യാംപെയ്ൻ. ആദ്യം അന്വേഷണം നടത്തിയ ലോക്കല്‍ പോലീസും പിന്നീട് കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ചും മിഷേല്‍ ആത്മഹത്യ ചെയ്തു എന്ന നിഗമനത്തിലാണ് എത്തിയത്. പക്ഷെ എന്തിന് ആത്മഹത്യ എന്ന ചോദ്യത്തിന് ഇതേവരെയും ഉത്തരം ലഭിച്ചിട്ടില്ല. ആത്മഹത്യാ പ്രേരണക്ക് ഒരാള്‍ അറസ്റ്റിലായെങ്കിലും കുടുംബം സിബിഐ അന്വേഷണം തേടി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

2017 മാർച്ച് 5നാണ് മിഷേലിനെ ദുരൂഹമായി കാണാതായത്. കൊച്ചി കലൂർ പള്ളിയിൽ നിന്നിറങ്ങിയ മിഷേലിനെ പിന്നീട് ജീവനോടെ ആരും കണ്ടിട്ടില്ല. പിറ്റേന്നാണ് കായലിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. പിറവം സ്വദേശിനിയായ മിഷേൽ ഷാജി സിഎ പഠനത്തിന് വേണ്ടിയാണ് എറണാകുളത്തെത്തിയത്. കച്ചേരിപ്പടിയിലുള്ള ഹോസ്റ്റലിൽ ആയിരുന്നു താമസിച്ചത്. കലൂർ പള്ളിയിൽ പോകാനായി ഇറങ്ങിയ മിഷേൽ പിന്നീട് ഹോസ്റ്റലിലേക്ക് തിരിച്ചെത്തിയില്ല.

മിഷേലിനെ കാണാനില്ലെന്നു കാണിച്ചു ബന്ധുക്കൾ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ പരാതി നല്‍കിയിരുന്നു. മൂന്ന് പോലീസ് സ്റ്റേഷനുകളില്‍ മാതാപിതാക്കള്‍ പരാതിയുമായി ചെന്നെങ്കിലും രാത്രിയായതിനാല്‍ മൊബൈല്‍ ലൊക്കേഷന്‍ കണ്ടെത്താന്‍ കഴിയുന്നില്ല എന്ന് പറഞ്ഞു തിരിച്ചയക്കുകയായിരുന്നു. രാത്രി തന്നെ പോലീസ് ഉണര്‍ന്നെഴുന്നേറ്റ് അന്വേഷിച്ചിരുന്നെങ്കില്‍ മകളെ കണ്ടെത്താന്‍ കഴിയുമായിരുന്നുവെന്ന് മിഷേലിന്റെ പിതാവ് ഷാജി വര്‍ഗീസ്‌ പ്രതികരിച്ചിരുന്നു.

വിവിധ സിസിടിവി ദൃശ്യങ്ങളില്‍ മിഷേല്‍ ഒറ്റയ്ക്ക് നടന്നുനീങ്ങുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. പള്ളിയിലെ സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞ ബൈക്കിലുള്ളവരെക്കുറിച്ച് കുടുംബം അന്വേഷണം ആവശ്യപ്പെട്ടിരുന്നു. പക്ഷെ ഈ അന്വേഷണത്തിലും സൂചനകള്‍ ലഭിച്ചില്ല. കലൂർ പള്ളിയിൽ നിന്നും തിരിച്ചിറങ്ങിയ മിഷേൽ എങ്ങനെ കായലിൽ എത്തി? എങ്ങനെ മിഷേൽ മരണപ്പെട്ടു? എന്ന ചോദ്യങ്ങള്‍ ഇപ്പോഴും ബാക്കിയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top