ആശങ്കകൾക്ക് വിരാമം; കഴക്കൂട്ടത്തുനിന്ന് കാണാതായ 13കാരിയെ കണ്ടെത്തി
കഴക്കൂട്ടത്ത് നിന്ന് ഇന്നലെ വീടുവിട്ടിറങ്ങിയ അസം കുടുംബത്തിലെ പെൺകുട്ടിയെ വിശാഖപട്ടണത്ത് നിന്ന് കണ്ടെത്തി. വാർത്തകളിലൂടെ വിവരമറിഞ്ഞ് ട്രെയിനുകളിൽ പരിശോധന നടത്തിയ വിശാഖപട്ടണത്തെ മലയാളി സമാജം പ്രവർത്തകരാണ് കുട്ടിയെ കണ്ടെത്തിയത്. റെയിൽവേ സ്റ്റേഷനിൽ ഇറക്കിയ കുട്ടിയെ ആർപിഎഫിന് കൈമാറി.
ഭക്ഷണം കഴിക്കാത്തതിൻ്റെ അസ്വസ്ഥത ഉണ്ടെന്നുള്ളത് ഒഴിച്ചാൽ കുട്ടിക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ലെന്ന് ആർപിഎഫ് സ്ഥിരീകരിച്ചിട്ടുണ്ട്. എങ്കിലും വൈദ്യ പരിശോധന നടത്തി കോടതിയിലും ഹാജരാക്കിയ ശേഷമാകും കുട്ടിയെ കേരള പോലീസിന് കൈമാറുക. തിരുവനന്തപുരത്ത് നിന്ന് പോലീസ് സംഘം നേരത്തെ തന്നെ ഇവിടേക്ക് പുറപ്പെട്ടിട്ടുണ്ട്.
തിരുവനന്തപുരത്ത് നിന്ന് കന്യാകുമാരിയിലേക്കുള്ള ട്രെയിനില്‍ കുട്ടിയെ കണ്ടതായി പകൽ വിവരം കിട്ടിയത് നിര്‍ണായകമായിരുന്നു. ഒറ്റയ്ക്കിരുന്ന് കരയുന്നത് കണ്ട യാത്രക്കാരി കുട്ടിയുടെ ചിത്രം ഫോണിലെടുത്ത് പോലീസിന് അയക്കുകയായിരുന്നു. ഇതിന് ശേഷം വൈകിട്ടോടെയാണ് കുട്ടി ചെന്നൈയിൽ എത്തിയെന്ന് സ്ഥിരീകരിച്ചത്.
READ ALSO: കഴക്കൂട്ടത്ത് നിന്ന് കാണാതായ പെണ്‍കുട്ടി കന്യാകുമാരിയില്‍; കേരള പോലീസ് പരിശോധന നടത്തുന്നു
കഴക്കൂട്ടത്ത് കുടുംബസമേതം താമസിക്കുന്ന അസം സ്വദേശി അന്‍വര്‍ ഹുസൈന്റെ മകള്‍ തസ്മിത് തംസുമിനെയാണ് ഇന്നലെ മുതല്‍ കാണാതായത്. അമ്മ കുട്ടിയെ ശകാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തസ്മിത് വീട് വിട്ടിറങ്ങിയത് എന്നാണ് ഇതുവരെയുള്ള വിവരം. അസമീസ് ഭാഷ മാത്രമറിയുന്ന കുട്ടി, വെറും അന്‍പത് രൂപയും ബാഗുമായാണ് ഇത്രദൂരം യാത്ര ചെയ്തത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here