മണിപ്പൂരിൽ വിദ്യാർത്ഥി കലാപം രൂക്ഷമാകുന്നു; രാജ്ഭവന് നേരെ കല്ലേറ്; കളക്ട്രേറ്റിൽ ദേശീയ പതാക അഴിച്ച് മെയ്തെയ് പതാകയും കരിങ്കൊടിയും
മണിപ്പൂരിൽ കലാപകാരികളുടെ ഡ്രോൺ, റോക്കറ്റ് ആക്രമണങ്ങൾ തുടരുന്നതിനിടയിൽ സെക്രട്ടേറിയറ്റും രാജ്ഭവനും ഉപരോധിച്ച് വിദ്യാർത്ഥികൾ. ഗവർണറുടെ ഔദ്യോഗിക വസതിക്ക് നേരെ കല്ലേറുമുണ്ടായി. സംസ്ഥാനത്തിൻ്റെ ഭരണപരവും ഭൂമിശാസ്ത്ര പരവുമായ സ്ഥിരത ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് ഇന്ന് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.പ്രതിഷേധക്കാരില്‍ ഏറെയും ഹൈസ്കൂള്‍, പ്ലസ്ടു വിദ്യാര്‍ത്ഥികളാണ്. സിആര്‍പിഎഫ് വാഹനവും വിദ്യാര്‍ത്ഥികളുടെ രോഷത്തിന് ഇരയായി.
മണിപ്പൂരിനെ സംരക്ഷിക്കുക. സംസ്ഥാനത്തെ ജനങ്ങളുടെ ഐക്യവും അഖണ്ഡതയും ഉറപ്പു വരുത്തുക. കഴിവ് കെട്ട എല്ലാ എംഎൽഎമാരും രാജിവയ്ക്കുക എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു പ്രതിഷേധം. കോളേജ്, സ്കൂൾ വിദ്യാർത്ഥികളുടെ പ്രതിനിധി സംഘം പ്രതിഷേധ പ്രകടനത്തിന് ശേഷം മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിനെയും ഗവർണർ എൽ ആചാര്യയെയും നേരിൽക്കണ്ട് ആവശ്യങ്ങൾ അറിയിച്ചു.
അക്രമം നിയന്ത്രിക്കുന്നതിൽ വീഴ്ച വരുത്തിയതിന് സംസ്ഥാന പോലീസ് മേധാവി, സുരക്ഷാ ഉപദേഷ്ടാവ് എന്നിവരെ നീക്കം ചെയ്യണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി വിദ്യാർത്ഥി പ്രതിനിധികൾ മാധ്യമങ്ങളോട് പറഞ്ഞു.
തടസങ്ങളില്ലാതെ സ്വതന്ത്രമായി പഠിക്കാൻ ആഗ്രഹിക്കുന്നു. സംഘർഷം എത്രയും വേഗം അവസാനിപ്പിക്കാൻ മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചതായും വിദ്യാർത്ഥി നേതാക്കൾ പറഞ്ഞു.
അടുത്തിടെ കുക്കി തീവ്ര സംഘടനകള്‍ ആരംഭിച്ച ഡോൺ, റോക്കറ്റ് ആക്രമണങ്ങളെ തുടര്‍ന്ന് സംസ്ഥാനം വീണ്ടും കലാപകലുക്ഷിതം ആയിരിക്കുകയാണ്. ഇത്തരം ആക്രമണങ്ങളിൽ 8 പേർ മരിക്കുകയും 12 പേർക്ക് പരുക്ക് പറ്റുകയും ചെയ്ത സാഹചര്യത്തിലാണ് വിദ്യാർത്ഥികൾ പ്രക്ഷോഭവുമായി തെരുവിലിറങ്ങിയത്. വിദ്യാർത്ഥി പ്രക്ഷോഭം കൂടുതൽ സ്ഥലങ്ങളിലേക്ക് പടരാതിരിക്കാൻ ഇന്നും നാളെയും സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങൾക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
മാവോയിസ്റ്റുകളെയെന്ന പോലെ തീവ്ര കുക്കി സംഘടനകളെ കൈകാര്യം ചെയ്യാന്‍ അര്‍ധസൈനിക വിഭാഗങ്ങള്‍ക്ക് നിര്‍ദേശം നൽകണമെന്ന് മുഖ്യമന്ത്രി ഇന്ന് ഗവർണറെ നേരിട്ടുകണ്ട് ആവശ്യപ്പെട്ടു. മെയ്തെയ് – കുക്കിവിഭാഗക്കാർ തമ്മിലുള്ള സംഘർഷം നിയന്ത്രിക്കാനാവാത്ത തരത്തിൽ പടരുന്നതായിട്ടാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
തലസ്ഥാനമായ ഇംഫാലിലും കുക്കി ഭൂരിപക്ഷ മേഖലകളിലും മേഖലകളിലും വന്‍ സംഘര്‍ഷമാണ് ഇന്ന് അരങ്ങേറിയത്. തൗബലില്‍ കലക്ട്രേറ്റിലെ ദേശീയപതാക അഴിച്ചുമാറ്റി മെയ്തെയ് പതാകയും കരിങ്കൊടിയും ഉയര്‍ത്തി. ഇന്ന് നടന്ന ബോംബാക്രമണത്തില്‍ കുക്കി വിഭാഗത്തിൽപ്പെട്ട കാങ്പോക്പി സ്വദേശിനി കൊല്ലപ്പെട്ടു.
.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here