പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ നാഗര്‍കോവില്‍ സ്റ്റേഷനിലെ സിസിടിവിയില്‍; അന്വേഷണം കന്യാകുമാരി കേന്ദ്രീകരിച്ച്
കഴക്കൂട്ടത്തുനിന്ന് കാണാതായ 13കാരിയുടെ ദൃശ്യങ്ങള്‍ നാഗര്‍കോവില്‍ റെയില്‍വേ സ്റ്റേഷനിലെ സിസിടിവിയില്‍. കുപ്പിയില്‍ വെള്ളം നിറച്ച് തിരികെ കയറുന്ന ദൃശ്യങ്ങളാണ് പതിഞ്ഞത്. ഇതോടെ കുട്ടി കന്യാകുമാരിയില്‍ എത്തിയെന്ന് പോലീസ് ഉറപ്പിച്ചു. ആര്‍പിഎഫും തമിഴ്നാട്-കേരള പോലീസും സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്.
തിരുവനന്തപുരത്തുനിന്ന് കന്യാകുമാരിയിലേക്കുള്ള ട്രെയിനില്‍ കുട്ടിയെ കണ്ടതായുള്ള വിവരമാണ് നിര്‍ണായകമായത്. ഒറ്റയ്ക്കിരുന്ന് കരയുന്നത് കണ്ട് ട്രെയിനിലെ യാത്രക്കാരിയാണ് കുട്ടിയുടെ ചിത്രം ഫോണില്‍ പകര്‍ത്തിയത്. ഈ ചിത്രം പോലീസിനു ലഭിച്ചതോടെ വീട്ടുകാര്‍ മകളെ തിരിച്ചറിഞ്ഞു. ഇതോടെയാണ് അന്വേഷണം കന്യാകുമാരി കേന്ദ്രീകരിച്ച് നീങ്ങിയത്.
കഴക്കൂട്ടത്ത് കുടുംബവുമായി താമസിക്കുന്ന അസം സ്വദേശി അന്‍വര്‍ ഹുസൈന്റെ മകള്‍ തസ്മീന്‍ ബീഗത്തെയാണ് ഇന്നലെ മുതല്‍ കാണാതായത്. മാതാവ് കുട്ടിയെ ശകാരിച്ചിരുന്നു. ഇതില്‍ മനംനൊന്താണ് പെണ്‍കുട്ടി വീട് വിട്ടിറങ്ങിയത്. മാതാപിതാക്കള്‍ വീട്ടില്‍ എത്തിയപ്പോള്‍ കുട്ടിയെ കണ്ടില്ല. അസമീസ് ഭാഷ മാത്രമാണ് കുട്ടിക്ക് അറിയുന്നത്. അന്‍പത് രൂപയും ബാഗുമാണ് കയ്യിലുള്ളത്. കുട്ടിയെ കാണാതായ വിവരം മാതാപിതാക്കള്‍ കഴക്കൂട്ടം പോലീസില്‍ അറിയിച്ചതോടെ പോലീസ് ജാഗരൂകരായി. നിരന്തര അന്വേഷണമാണ് ഇന്നലെ കുട്ടിക്ക് വേണ്ടി പോലീസ് സംഘം നടത്തിയത്. ആര്‍പിഎഫും തമിഴ്നാടും പോലീസും ഒപ്പം ചേരുകയും ചെയ്തു.
പെണ്‍കുട്ടി ചെന്നൈയില്‍ ഉള്ള സഹോദരന്റെ അടുത്തുപോയോ എന്ന് പോലീസ് സംശയിച്ചിരുന്നു. എന്നാല്‍ താന്‍ ബെംഗളൂരുവില്‍ ആണ് ഉള്ളതെന്നും പെണ്‍കുട്ടി വിളിച്ചില്ലെന്നുമാണ് സഹോദരന്‍ പറഞ്ഞത്. ഇതിനിടയിലാണ് കന്യാകുമാരി ട്രെയിനില്‍ ഇരിക്കുന്ന കുട്ടിയുടെ ചിത്രം പോലീസിന് ലഭിച്ചത്. കുട്ടി എങ്ങോട്ട് പോയി എന്നാണ് ഇനി അറിയാനുള്ളത്. പെണ്‍കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവര്‍ 9497960113 എന്ന നമ്പറില്‍ അറിയിക്കണം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here