ഭര്‍ത്താവിനോടുള്ള വിരോധം തീര്‍ക്കാന്‍ സ്ത്രീധന പീഡന നിയമം ദുരുപയോഗം ചെയ്യരുത്; സുപ്രധാന വിധിയുമായി സുപ്രീം കോടതി

സ്ത്രീ സംരക്ഷണ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെ കടുത്ത വിമര്‍ശനവുമായി സുപ്രീം കോടതി. വിവാഹബന്ധങ്ങളില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാകുമ്പോള്‍ ഭര്‍ത്താക്കന്‍മാര്‍ക്കെതിരെ വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ ഭാരതീയ ന്യായ സംഹിതയിലെ 86ാം വകുപ്പ് (ഐപിസിയില്‍ 498 A) ദുരുപയോഗം ചെയ്യരുതെന്ന് സുപ്രീംകോടതി മുന്നറിയിപ്പു നല്‍കി.

വിവാഹിതയായ സ്ത്രീകള്‍ക്ക് ഭര്‍ത്താവിന്റെയും ഭര്‍തൃബന്ധുക്കളുടെയും പീഡനങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുന്ന വകുപ്പാണിത്. ഈ വകുപ്പ് പ്രകാരം കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവര്‍ക്ക് ചുരുങ്ങിയത് മൂന്നു വര്‍ഷം തടവും പിഴയും ലഭിക്കും. തെലങ്കാന ഹൈക്കോടതി വിധിക്കെതിരെ ദാരലക്ഷ്മി നാരായണ എന്ന വ്യക്തി ഫയല്‍ ചെയ്ത അപ്പീലാണ് സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി.

ഭര്‍ത്താവിന്റെ മാതാപിതാക്കളേയും സഹോദരിമാരെയുമൊക്കെ പ്രതി ചേര്‍ക്കുന്ന സമ്പ്രദായം അവസാനിപ്പിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, എന്‍. കോടീശ്വര്‍ സിങ് എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് ഉത്തരവ്.

എന്താണ് 498 A നിയമം

വിവാഹിതയായ ഒരു സ്ത്രീയോട് അവളുടെ ഭര്‍ത്താവോ ഭര്‍ത്താവിന്റെ ബന്ധുവോ ഏതെങ്കിലും തരത്തിലുള്ള ക്രൂരത ചെയ്യുകയാണെങ്കില്‍, അത് ഐപിസി 498 എ വകുപ്പ് പ്രകാരം കുറ്റകൃത്യത്തിന്റെ പരിധിയില്‍ വരും. ക്രൂരത ശാരീരികവും മാനസികവുമാകാം. സ്ത്രീയെ ആക്രമിക്കുന്നതുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളും ഈ വകുപ്പില്‍ ഉള്‍പ്പെടും. അതേ സമയം, മാനസികമായി പരിഹസിക്കുകയും മറ്റുപദ്രവങ്ങളും ഈ പരിധിയില്‍പ്പെടുമെന്നും വകുപ്പിന്റെ നിര്‍വ്വചനത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഐപിസിയിലെ ഈ വകുപ്പാണ് പിന്നീട് ഭാരതീയ ന്യായ സംഹിതയിലെ 86ാം വകുപ്പായി മാറിയത്.

രാജ്യത്തുടനീളം വൈവാഹിക ബന്ധങ്ങളില്‍ തര്‍ക്കങ്ങള്‍ വര്‍ധിക്കുന്നതായി നിരീക്ഷിച്ച കോടതി, വിവാഹബന്ധങ്ങളില്‍ പിരിമുറുക്കങ്ങളും സംഘര്‍ഷങ്ങളും കൂടിവരുന്നതായും കണ്ടെത്തി. ഭാര്യ-ഭര്‍തൃ ബന്ധങ്ങളിലെ പ്രശ്‌നങ്ങള്‍ വര്‍ധിക്കുന്നത് മൂലം സ്വാഭാവികമായും വ്യക്തിവിരോധം തീര്‍ക്കുന്നതിന് 498(എ) വകുപ്പ് ദുരുപയോഗം ചെയ്യാനുള്ള സാധ്യതയും കൂടുതലായി മാറിയെന്നും വിധിയില്‍ പറയുന്നുണ്ട്. ഇത്തരം അവ്യക്തമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ഭര്‍ത്താക്കന്‍മാര്‍ക്കെതിരെ ഭാര്യയും അവരുടെ കുടുംബവും നിയമം ദുരുപയോഗം ചെയ്യുന്നതിന് ഇടയാക്കും.ഇതിന് മുമ്പും ഐപിസി 498 A ദുരുപയോഗം ചെയ്യുന്നതിനെതിരെ സുപ്രീം കോടതി ശക്തമായ അഭിപ്രായങ്ങള്‍ പുറപ്പെടുവിച്ചിരുന്നു.

ഇക്കഴിഞ്ഞ ദിവസം ബംഗലൂരുവില്‍ 34 കാരനായ അതുല്‍ സുഭാഷ് എന്ന യുവാവ് ഭാര്യവീട്ടുകാരുടെ പീഡനം കാരണം താന്‍ ആത്മഹത്യ ചെയ്യുകയാണെന്ന് കാണിച്ച് ദൃശ്യങ്ങളും ആത്മഹത്യാ കുറിപ്പും ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ സംഭവം വലിയ വിവാദമായ അതേ ദിവസം തന്നെയാണ് സുപ്രീം കോടതി വന്നിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top