ആരോഗ്യ മന്ത്രിയെപ്പറ്റി പറഞ്ഞാൽ അതെങ്ങനെ സ്ത്രീത്വത്തിനെതിരെയുള്ള നീക്കമാകും; കെഎം ഷാജിക്ക് പിന്തുണയുമായി എംകെ മുനീർ

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരായ വിവാദ പരാമർശത്തിൽ കെഎം ഷാജിയെ പിന്തുണച്ച് എംകെ മുനീർ എംഎൽഎ. ആരോഗ്യ മന്ത്രിയെ പരാമര്‍ശിച്ച് കഴിഞ്ഞാല്‍ അത് സ്ത്രീത്വത്തിനെതിരെയുള്ള നീക്കമാണെന്ന് വ്യാഖ്യാനിക്കുകയാണ് സംസ്ഥാന സർക്കാരെന്ന് മുനീർ കുറ്റപെടുത്തി. കെഎം ഷാജിയുടെ പരാമർശത്തിൽ വ്യക്തിപരമായ അവഹേളനമില്ലെന്നും അദ്ദേഹം തൻ്റെ ഫേസ്ബുക്കിൽ കുറിച്ചു.
ഇടതുപക്ഷ സർക്കാരിന്റെ നിലപാട് ബിജെപിയുടെ പ്രതികാര രാഷ്ട്രീയത്തില്‍ നിന്ന് വ്യത്യസ്തമല്ല. കേന്ദ്ര സർക്കാർ എതിർക്കുന്നവരോട് പ്രതികാരം വീട്ടുന്നതിന് ഇഡിയെ ഉപയോഗിക്കുന്നത് പോലെ സംസ്ഥാന സർക്കാർ വനിതാ കമ്മീഷനെയും പോലീസിനെ ഉപയോഗിക്കുകയാണെന്ന് അദ്ദേഹം കുറിപ്പില്‍ വ്യക്തമാക്കി.
സിപിഎമ്മിന്റെ വീഴ്ചകളിൽ വിജിലന്‍സോ ക്രൈംബ്രാഞ്ചോ വനിതാ കമ്മീഷനോ ചെറുവിരൽ പ്രതിരോധമുയർത്താൻ തയ്യാറാകുന്നില്ല. അശ്ലീല പരാമർശങ്ങൾ നടത്തിയ സിപിഎം നേതാക്കൾക്കെതിരെ വനിതാ കമ്മീഷൻ ഒരു നടപടിയും എടുത്തിട്ടില്ല. എംഎം മണിയും എ വിജയരാഘവനും വി എസ് അച്യുതാനന്ദനുമൊക്കെ ഇതിന് ഉദാഹരണമെന്ന് അദ്ദേഹം തൻ്റെ ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം, വീണാ ജോർജിനെതിരായ കെഎം ഷാജിയുടെ വിവാദ പരാമർശം മുസ്ലിം ലീഗിന്റെ നിലപാടല്ലെന്ന് പാർട്ടി ജനറൽ സെക്രട്ടറി പിഎംഎ സലാം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പൊതുയോഗത്തിൽ ഒരാൾ പ്രസംഗിക്കുന്നത് എങ്ങനെയാണ് പാർട്ടി നിലപാടാകുന്നത്, മാധ്യമപ്രവർത്തകരുടെ മുന്നിൽ പ്രതികരിക്കുന്നത് പോലെയല്ല പൊതുയോഗത്തിൽ പ്രസംഗിക്കുന്നത്. എന്നാൽ ഷാജിയുടെ ഭാഗത്ത് നിന്ന് അങ്ങനെയൊരു പരാമർശം ഉണ്ടായ സാഹചര്യം എന്താണെന്ന് ലീഗ് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here