‘ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം നല്‍കിയ തിരിച്ചടിയാണ് ഇഡി അന്വേഷണം’; മാസപ്പടിയില്‍ മുഖ്യമന്ത്രിക്കെതിരെ കേസ് എടുക്കാത്തതില്‍ ഒത്തുകളിയെന്ന് എംഎം ഹസന്‍
തിരുവനന്തപുരംഃ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും വേട്ടയാടിയ മുഖ്യമന്ത്രി പിണറായി വിജയന് കാലം കരുതിവച്ച കാവ്യനീതിയാണ് വീണ വിജയനെതിരെയുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണമെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍.
“ഉമ്മന്‍ ചാണ്ടി 2016ല്‍ അധികാരമേറ്റതുമുതല്‍ മരിക്കുന്നതുവരെ സംസ്ഥാന പോലീസിനെയും സിബിഐയെയും ഉപയോഗിച്ച് വേട്ടയാടി. തുടര്‍ന്നാണ് അദ്ദേഹം രോഗാവസ്ഥയിലായതും അകാല മരണം വരിച്ചതും. അദ്ദേഹത്തിന്റെ മക്കള്‍ക്കെതിരെ നട്ടാല്‍കുരുക്കാത്ത നുണകള്‍ പ്രചരിപ്പിച്ചു. പിതൃതുല്യനെന്ന് പറഞ്ഞ സ്ത്രീയെ ഉപയോഗിച്ച് അദ്ദേഹത്തിനെതിരേ ലൈംഗികാരോപണം വരെ ഉയര്‍ത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരം ഡിജിപി രാജേഷ് ദിവാന്‍, എഡിജിപിമാരായ അനില്‍കാന്ത്, ഷെയ്ഖ് ദര്‍വേഷ് സാഹിബ് എന്നിവരുടെ നേതൃത്വത്തില്‍ അരിച്ചുപെറുക്കി. എന്നിട്ടും കുടുക്കാന്‍ കഴിയാതെ വന്നപ്പോഴാണ് പരാതിക്കാരിയെ വിളിച്ചുവരുത്തി വെള്ളക്കടലാസില്‍ പരാതി എഴുതിവാങ്ങി സിബിഐ അന്വേഷണത്തിനു വിട്ടത്”; എം.എം.ഹസ്സൻ പറഞ്ഞു.
കരിമണല്‍ കമ്പനിയില്‍നിന്ന് ലഭിച്ച 135 കോടിയുടെ മാസപ്പടിയില്‍ നൂറുകോടിയോളം കൈപ്പറ്റിയത് പിവി എന്ന പിണറായി വിജയനാണെന്നും അത് അന്വേഷിക്കാതെ താരതമ്യേന ചെറിയ തുക കൈപ്പറ്റിയ മകളിലേക്ക് ഇഡി അന്വേഷണം കേന്ദ്രീകരിക്കുന്നത് ഒത്തുതീര്‍പ്പിന്റെ ഭാഗമാണോയെന്ന് ആശങ്കയുണ്ടെന്നും ഹസന്‍ പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here