മൗലവി വധക്കേസ് ഉന്നതപോലീസ് സംഘം പുനരന്വേഷിക്കണമെന്ന് എംഎം ഹസന്‍; കുടുംബത്തിന് പരാതിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് പൊളിഞ്ഞു; യുഎപിഎ ചുമത്താത്തത് അന്തര്‍ധാരയുടെ ഫലം
തിരുവനന്തപുരം: റിയാസ് മൗലവി വധക്കേസ് ഉന്നതപോലീസ് സംഘം പുനരന്വേഷിക്കണമെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എം.എം.ഹസന്‍. ഈ കേസില്‍ കുടുംബത്തിനുപോലും പരാതിയില്ലെന്ന് കള്ളം പറഞ്ഞ മുഖ്യമന്ത്രിയെ അപ്പാടെ തള്ളിയാണ് സഹോദന്‍ അബ്ദുള്‍ ഖാദര്‍ മുന്നോട്ട് വന്നത്. സഹോദരന്‍ ആവശ്യപ്പെട്ടതുപോലെ ഉന്നത പോലീസ് സംഘം കേസ് അന്വേഷിക്കണം-ഹസന്‍ ആവശ്യപ്പെട്ടു.
“കേസില്‍ പോലീസും പ്രോസിക്യൂഷനും പരാജയപ്പെട്ടെന്നാണ് വിചാരണ കോടതി വ്യക്തമാക്കിയത്. സിപിഎമ്മും ബിജെപിയും ചേര്‍ന്ന് കേസ് പരാജയപ്പെടുത്തുകയായിരുന്നു. ഒരു മുസ്ലീംപണ്ഡിതനെ അതിദാരുണമായി കൊലപ്പെടുത്തിയ കേസില്‍ യുഎപിഎ ചുമത്താതിരുന്നത് വ്യക്തമായ അന്തര്‍ധാരയുടെ അടിസ്ഥാനത്തിലാണ്. സര്‍ക്കാരിന്റെ നയമല്ലെന്ന് പറഞ്ഞാണ് യുഎപിഎ ചുമത്താത്ത കാര്യം മുഖ്യമന്ത്രി ന്യായീകരിച്ചത്. എന്നാല്‍ അതേ മുഖ്യമന്ത്രിയാണ് മാവോയിസ്റ്റ് സാഹിത്യം വായിച്ചെന്ന പേരില്‍ അലന്റെയും താഹയുടെയും ജീവിതം യുഎപിഎ ചുമത്തി ജയിലിലടച്ച് തകര്‍ത്തത്.”
“ഗൂഢാലോചന ഉള്‍പ്പെടെ പലകാര്യങ്ങളും അന്വേഷണസംഘം മനപൂര്‍വം വിട്ടുകളഞ്ഞു. ഈ കേസില്‍ അപ്പീല്‍ പോകുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. വിചാരണക്കോടതിയില്‍ തെളിവുകള്‍ അട്ടിമറിച്ചശേഷം മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകുമെന്നു പറഞ്ഞിട്ട് എന്താണ് ഫലം.” – ഹസന്‍ ചോദിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here