ഇന്ത്യൻഎക്സ്പ്രസ് അടക്കം പത്രങ്ങൾ വ്യാജവാർത്ത ചമച്ചെന്ന് എം.എം. ലോറൻസ്
തിരുവനന്തപുരം: വി.എസ്.അച്യുതാനന്ദൻ പാർട്ടിയിലെ മറ്റ് ചില ഉന്നതരും മലയാള മനോരമ അടക്കമുള്ള മാധ്യമങ്ങളിലെ ലേഖകരെ ഉപയോഗിച്ച് തനിക്കെതിരെ കള്ള വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നുവെന്ന് എം.എം.ലോറൻസ്. സിപിഎമ്മിലെ വിഭാഗീയതയുടെ കാലത്താണ് മാധ്യമങ്ങളിലൂടെ തനിക്കെതിരെ വ്യാജവാർത്തകൾ സൃഷ്ടിച്ചതെന്നും “ഓർമ്മച്ചെപ്പ് തുറക്കുമ്പോൾ ” എന്ന ആത്മകഥയിൽ അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്.
ഒരു ദിവസം ഇന്ത്യൻ എക്സ് പ്രസ് പത്രത്തിൽ, ഷൺമുഖം റോഡിലെ പെൻ്റ മേനകയ്ക്കടുത്ത് താൻ ബഹുനില കെട്ടിടം പണിതു എന്നൊരു വാർത്ത വന്നിരുന്നു. അതിനെതിരെ കേസ് കൊടുത്തു. തനിക്ക് അനുകൂലമായി വിധി വന്നു. ഈ വാർത്ത ചമച്ച ലേഖകൻ എ.കെ.ജി സെൻ്ററിൽ വന്ന് കണ്ട് തന്നോട് മാപ്പു പറഞ്ഞു. വസ്തുത അന്വേഷിക്കാമായിരുന്നില്ലേ എന്ന് ചോദിച്ചപ്പോൾ തെറ്റ് പറ്റിപ്പോയെന്നായിരുന്നു അയാളുടെ മറുപടി.
” വാർത്ത നൽകിയതിന് പിന്നിൽ ആരാണെന്ന് എനിക്കറിയാമായിരുന്നു. അതിൻ്റെ ഗൂഢാലോചന നടന്നത് എറണാകുളം രവിപുരത്തെ കുര്യാക്കോസിൻ്റെ ‘മേഴ്സി എസ്റ്റേറ്റ് ‘ ഹോട്ടലിൽവച്ചായിരുന്നു. ദേശാഭിമാനിയിലെ എസ്.ആർ.ശക്തിധരനായിരുന്നു ഇന്ത്യൻ എക്സ്പ്രസ് ലേഖകനെ കൊണ്ട് തെറ്റായ വാർത്ത എഴുതിച്ചതെന്ന് അക്കാലത്ത് ഒരു ശ്രുതി ഉണ്ടായിരുന്നു. എസ്.ആർ.ശക്തിധരനും കുര്യാക്കോസും അവിടെ ഉണ്ടായിരുന്നു. അതിനു വേണ്ടി അവിടെവച്ച് പണം കൈമാറ്റവും നടന്നു.” പാർട്ടി പത്രത്തിൻ്റെ ലേഖകൻ മുൻകൈ എടുത്ത് തനിക്കെതിരെ വ്യാജവാർത്ത കൊടുത്തുവെന്ന ഗുരുതരമായ ആക്ഷേപം ഉന്നയിച്ചിട്ട് പാർട്ടി നേതാക്കളോ ആരോപണ വിധേയനായ എസ്.ആർ.ശക്തിധരനോ ഇക്കാര്യം നിഷേധിച്ചിട്ടുമില്ല.
തനിക്കെതിരെ ഉയർന്നുവന്ന കളവായ ആരോപണങ്ങളെല്ലാം പാർട്ടിയിലും സംഘടനകളിലും സുപ്രധാനമായ ചുമതലകൾ വഹിക്കുമ്പോഴായിരുന്നുവെന്ന് അദ്ദേഹം ആത്മകഥയിൽ എഴുതിയിട്ടുണ്ട്. പാർട്ടി സമ്മേളനങ്ങളിൽ മുൻകൂട്ടി തയ്യാറെടുത്ത് ചില പ്രതിനിധികൾ ആരോപണങ്ങൾ ഉന്നയിക്കും. മിക്കപ്പോഴും ഇതിന് മറുപടി പറയേണ്ടവർ മറുപടി പറയാറില്ലെന്നും അദ്ദേഹം തുറന്നടിച്ചിട്ടുണ്ട്. കളവായ ആരോപണങ്ങൾ മുൻകൂട്ടി പ്ലാൻ ചെയ്ത് ഉന്നയിക്കുന്നത് പതിവായിക്കഴിഞ്ഞെന്നും അദ്ദേഹം കുറ്റപ്പെടുന്നു.
എട്ടാം പാർട്ടി കോൺഗ്രസ് കൊച്ചിയിൽ നടന്നപ്പോൾ കെ.ആർ.ഗൗരിയമ്മയായിരുന്നു ചെയർപേഴ്സൺ. സമ്മേളന ശേഷം മിച്ചം വന്ന തുക കൊണ്ട് ജില്ലാ കമ്മിറ്റിക്ക് ഒരു കാർ വാങ്ങി. ബാക്കി വന്ന കാശ് കൊണ്ട് താൻ താമസിക്കുന്ന സ്ഥലവും വീടും വാങ്ങിയെന്ന് ഗൗരിയമ്മ ആരോപിച്ചു. എ.കെ.ജിയായിരുന്നു സമ്മേളന ചെയർമാൻ, താൻ കൺവീനറുമായിരുന്നു. 1963ലാണ് വസ്തു വാങ്ങിയത്. പാർട്ടി സമ്മേളനം നടന്നത് 1968ലും. ഗൗരിയമ്മയുടെ അഭിമുഖം പ്രസിദ്ധീകരിച്ച ജനശക്തി വാരികയ്ക്കും മനോരമ ആഴ്ചപതിപ്പിനുമെതിരെ കേസ് കൊടുത്തു.1963ലെ രജിസ്റ്റേർഡ് ആധാരത്തിൻ്റെ കോപ്പി ഹാജരാക്കി. ഒടുവിൽ തെറ്റ് പറ്റിയെന്ന് ഗൗരിയമ്മ കോടതിയിൽ സമ്മതിച്ചു. അക്കാര്യം ദേശാഭിമാനിയും പ്രസിദ്ധീകരിച്ചിരുന്നു.
1998 ലെ പാലക്കാട് സമ്മേളനത്തിന് തൊട്ടുമുമ്പായി വി.എസ്.അച്യുതാനന്ദൻ തനിക്കെതിരെ കേരളകൗമുദി ലേഖകനെക്കൊണ്ട് ഒന്ന് രണ്ട് സ്റ്റോറികൾ എഴുതിച്ചിരുന്നു.” കേരളകൗമുദിയിൽ എനിക്കെതിരെ എഴുതിയ ലേഖകൻ അച്യുതാനന്ദൻ്റെ വീട്ടിലെ സ്ഥിരം സന്ദർശകനായിരുന്നു എന്ന് പിന്നീട് പാർട്ടിക്ക് തെളിവ് കിട്ടി. ആ പേര് എഴുതുന്നില്ല ” എന്നാണ് ലോറൻസ് പറയുന്നത്.
തന്നേയും കെ.എൻ.രവീന്ദ്രനാഥിനേയും ഒഴിവാക്കാൻ അച്യുതാനന്ദൻ പല കളിയും കളിച്ചു. അത് വിജയിച്ചു. സേവ് സിപിഎം ഫോറത്തെക്കുറിച്ച് അന്വേഷിക്കാൻ കമ്മീഷനെ നിയോഗിച്ചിരുന്നു. ആ റിപ്പോർട്ട് വന്ന കാലത്ത് താൻ വിദേശത്തായിരുന്നു. അത് ചോർത്തി മനോരമയിൽ പ്രസിദ്ധീകരിച്ചു. ചോർത്തിയതിന് പിന്നിൽ താനും രവീന്ദ്രനാഥുമാണെന്ന് കളവായ ആരോപണങ്ങൾ ചിലർ ഉന്നയിച്ചിരുന്നു. പാർട്ടി ഞങ്ങൾക്കെതിരെ നടപടിയുമെടുത്തു. കമ്മീഷൻ റിപ്പോർട്ട് ചോർത്തിയടിച്ച മലയാള മനോരമയിലെ രാമചന്ദ്രൻ പിന്നീട് വീട്ടിൽ വന്ന് കാണുകയും തനിക്ക് സിപിഎമ്മിൽ നിന്നാണ് രേഖ ചോർത്തി നല്കിയതെന്ന് പറയുകയും ചെയ്തതായി ലോറൻസ് ആത്മകഥയിൽ വെളിപ്പെടുത്തുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here