എംഎം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ പഠനത്തിന് കൈമാറാം; മകളുടെ ഹര്‍ജി തള്ളി ഹൈക്കോടതി

സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ പഠനത്തിന് വിട്ടുനല്‍കാമെന്ന് ഹൈക്കോടതി. മൃതദേഹം മതാചാരപ്രകാരം സംസ്‌കരിക്കണമെന്ന മകള്‍ ആശ ലോറന്‍സിന്റെ ആവശ്യം ഹൈക്കോടതി തള്ളി. ലോറന്‍സിന്റെ മകന്‍ സജീവനടക്കം മൃതദേഹം വൈദ്യപഠനത്തിന് കൈമാറാന്‍ തയ്യാറാണെന്ന് അറിയിച്ചിരുന്നു. ലോറന്‍സ് മരണത്തിന് മുമ്പ് തന്നെ ഇക്കാര്യം വ്യക്തമാക്കിയതാണെന്നും മകന്‍ കോടതിയെ അറിയിച്ചു. ഇതംഗീകരിച്ചാണ് ഹൈക്കോടതി തീരുമാനം.
ALSO READ: ‘വിപ്ലവമാകുന്ന’ കമ്യൂണിസ്റ്റുകാരുടെ അന്ത്യയാത്രകൾ; ലോറൻസിൻ്റെ മടക്കവും മാറ്റമില്ലാതെ
സെപ്റ്റംബര്‍ 21നാണ് എംഎം ലോറന്‍സ് അന്തരിച്ചത്. മൃതദേഹം പൊതുദര്‍ശനത്തിന് ശേഷം മെഡിക്കല്‍ കോളേജിന് കൈമാറാന്‍ മകനും സിപിഎമ്മും തീരുമാനിച്ചിരുന്നു. എന്നാല്‍ പൊതുദര്‍ശനം നടക്കുന്നതിനിടയില്‍ നാടകീയമായി എത്തിയാണ് മകള്‍ ആശ മതാചാരപ്രകാരം സംസ്‌കരിക്കാന്‍ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ടത്. ഇതോടെ പൊതുദര്‍ശന സമയത്ത് സംഘര്‍ഷമുണ്ടാക്കുകയും ചെയ്തു. പിന്നാലെയാണ് ആശ ഹൈക്കോടതിയെ സമീപിച്ചത്.
ALSO READ: സിപിഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹത്തെച്ചൊല്ലി തർക്കം; മകൾ ഹൈക്കോടതിയിൽ
കളമശേരി മെഡിക്കല്‍ കോളജിനോട് ഹിയറിങ് നടത്തി തീരുമാനം അറിയിക്കാന്‍ ജസ്റ്റിസ് വി.ജി. അരുണ്‍ നിര്‍ദേശിച്ചു. മൂന്നു മക്കളെയും കേട്ട മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ മൃതദേഹം വൈദ്യപഠനത്തിനു ഏറ്റെടുക്കാമെന്ന തീരുമാനമാണ് എടുത്തത്. എന്നാല്‍ ശരിയായ രീതിയില്‍ അല്ല ഹിയറിങ് നടത്തിയത് എന്ന് ചൂണ്ടിക്കാട്ടി ആശ വീണ്ടും കോടതിയെ സമീപിച്ചു. ഇതിനിടെ മൃതദേഹം മെഡിക്കല്‍ കോളജിനു വിട്ടുനല്‍കാന്‍ നേരത്തേ രേഖാമൂലം സമ്മതം നല്‍കിയിരുന്ന മറ്റൊരു മകളായ സുജാതയും എതിര്‍ത്ത് രംഗത്തെത്തി.
ALSO READ: ഇന്ത്യൻഎക്സ്പ്രസ് അടക്കം പത്രങ്ങൾ വ്യാജവാർത്ത ചമച്ചെന്ന് എം.എം. ലോറൻസ്
മൃതദേഹം വൈദ്യപഠനത്തിനു വിട്ടുനല്‍കാന്‍ പിതാവ് അറിയിച്ചിരന്നതായും ഇതിന് രണ്ടു പേര്‍ സാക്ഷികളായിരുന്നു എന്ന് മകന്‍ സജീവന്‍ കോടതി അറിയിച്ചു. മൂന്നു മക്കളുടെയും വാദം കേട്ട ശേഷമാണ് കോടതി ഈ തീരുമാനമെടുത്തത്. മൃതദേഹം നിലവില്‍ കളമശേരി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here