‘മെഡിക്കല്‍ കോളജോ സെമിത്തേരിയോ’; ത്രിശങ്കുവിലായി ലോറന്‍സിന്റെ മൃതദേഹം; ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിലേക്ക് എന്ന് മകള്‍
സിപിഎം നേതാവ് എം.എം.ലോറന്‍സിന്റെ മൃതദേഹം പഠനാവശ്യത്തിനായി മെഡിക്കല്‍ കോളജിന് വിട്ടുനല്‍കിയ വിധി ഹൈക്കോടതി ശരിവച്ചു. മതാചാര പ്രകാരം സംസ്‌കരിക്കാന്‍ വിട്ടുനല്‍കണമെന്ന മകളുടെ ഹര്‍ജി തള്ളിയാണ് കോടതി വിധി. മകള്‍ ആശ ലോറന്‍സ് നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയത്. ലോറന്‍സിന്റെ മൃതദേഹം പള്ളിയില്‍ അടക്കം ചെയ്യണമെന്ന രണ്ട് പെണ്‍മക്കളുടെ ആവശ്യമാണ് നിരാകരിക്കപ്പെട്ടത്. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് മകള്‍ ആശയുടെ പ്രതികരണം.
ആശയും മറ്റൊരു മകളായ സുജാത ബോബനുമാണ് ഒരേ നിലപാട് സ്വീകരിച്ചത്. എന്നാല്‍ മകന്‍ മകന്‍ എം.എല്‍.സജീവന്‍ മൃതദേഹം പഠനാവശ്യത്തിന് വിട്ടുനല്‍കണം എന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. മൃതദേഹം പഠനാവശ്യത്തിനായി മെഡിക്കല്‍ കോളജിന് നല്‍കുന്ന തീരുമാനം റദ്ദാക്കണമെന്നായിരുന്നു ആശയുടെ ഹര്‍ജിയിലെ ആവശ്യം.
ശരീരം പഠനത്തിന് വിട്ടുനല്‍കണം എന്നായിരുന്നു ലോറന്‍സിന്റെ അന്ത്യാഭിലാഷമെന്നാണ് മകന്‍ കോടതിയില്‍ അറിയിച്ചത്. ഇതിന് സാക്ഷികളും ഉണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ഹര്‍ജിയില്‍ അന്തിമ തീരുമാനമെടുക്കുന്നത് വരെ ലോറന്‍സിന്റെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കണമെന്നായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.
സെപ്റ്റംബർ 21നാണ് എം.എം.ലോറൻസ് മരിച്ചത്. മക്കൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് മൃതദേഹം എറണാകുളം ഗവ. മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്. ലോറന്‍സിന്റെ മൃതദേഹം പള്ളിയില്‍ സംസ്ക്കരിക്കണം എന്നാവശ്യപ്പെട്ട് പൊതുദര്‍ശനത്തിനിടെ മകള്‍ ആശ ലോറന്‍സ് നാടകീയമായ രംഗങ്ങള്‍ സൃഷ്ടിച്ചതോടെയാണ് സംസ്കാരം വിവാദത്തിലേക്ക് നീങ്ങിയത്. ഇരുകൂട്ടരും വിട്ടുവീഴ്ചക്ക് തയാറല്ലെന്ന് മധ്യസ്ഥ ചർച്ചക്ക് നിയോഗിച്ച മുതിർന്ന അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here