സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയെ വിടാതെ ഇഡി; കരുവന്നൂര്‍ കള്ളപ്പണ കേസില്‍ വീണ്ടും നോട്ടീസ്; വരുന്ന 29ന് രേഖകള്‍ സഹിതം ഹാജരാകണം

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് കള്ളപ്പണ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസിന് വീണ്ടും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടീസ്. അടുത്ത തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം. മുൻപ് മൂന്ന് തവണ നോട്ടീസ് അയച്ചിരുന്നുവെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണ ചുമതല ചൂണ്ടിക്കാട്ടി ഹാജരാകാൻ സാധിക്കില്ലെന്ന് വർഗീസ് അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് ഹാജരാകാൻ ഇഡി നിർദ്ദേശിച്ചത്.
കരുവന്നൂർ സഹകരണ ബാങ്കിലെ സിപിഎം നിയന്ത്രണത്തിലുള്ള രഹസ്യ അക്കൗണ്ടുകളെക്കുറിച്ചും ബിനാമി വായ്പ നൽകിയതിൽ സിപിഎം നേതാക്കളുടെ ഇടപെടലിലുമാണ് വർഗീസിനെ ചോദ്യം ചെയ്യുന്നത്. സിപിഎമ്മിന്റെ ആസ്തികളെക്കുറിച്ചും വിവരം നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അക്കൗണ്ടുകളില്‍ രഹസ്യ അക്കൗണ്ടിന്റെ വിവരങ്ങള്‍ ഇല്ലെങ്കില്‍ അവ ഇഡി മരവിപ്പിക്കും.
കേസിൽ പ്രതികളിൽ നിന്ന് കണ്ടുകെട്ടിയ സ്വത്തും പണവും തട്ടിപ്പിനിരയായ നിക്ഷേപകർക്ക് തിരിച്ചുനൽകാമെന്ന് ഇഡി ഈ മാസം 16ന് അറിയിച്ചിരുന്നു. 54 പ്രതികളിൽ നിന്ന് 108 കോടിയുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്.
തനിക്ക് നഷ്‌ടമായ പണം കണ്ടുകെട്ടിയതിൽ നിന്ന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മഹാദേവൻ എന്ന നിക്ഷേപകൻ കൊച്ചിയിലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ) കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജിയിൽ ഇഡി സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് പണം നൽകാൻ തടസമില്ലെന്ന് അറിയിച്ചത്. വ്യാജരേഖകൾ ചമച്ചും അനധികൃതമായും പ്രതികൾ ഗൂഢാലോചന നടത്തി 300 കോടിയുടെ തട്ടിപ്പ് കരുവന്നൂർ ബാങ്കിൽ നടത്തിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here