ഇതരമതസ്ഥനോട് മിണ്ടിയ മുസ്ലിം പെൺകുട്ടികൾക്ക് ആൾക്കൂട്ട ആക്രമണം; ഹിജാബ് അഴിക്കാൻ ശ്രമിച്ചെന്നും പരാതി

ഇതര മതത്തിൽപ്പെട്ട ആളിനോട് സംസാരിച്ച പെൺകുട്ടികൾക്ക് നേരെ ആൾക്കൂട്ട ആക്രമണം. ഹിന്ദു യുവാവിനോട് പെൺകുട്ടികൾ സംസാരിച്ചതാണ് ആളുകളെ പ്രകോപിതരാക്കിയത്. ഉത്തർപ്രദേശിലെ സഹരൻപുർ ജില്ലയിലെ ദേവ്ബന്ദിൽ 16ഉം 17ഉം വയസ് പ്രായമുള്ള മുസ്ലിം പെൺകുട്ടികളാണ് ആക്രമണത്തിന് ഇരകളായത്. ബൈക്കിലെത്തിയ ഒരു യുവാവ് പെൺകുട്ടികളോട് വഴി ചോദിച്ചു. വഴി പറഞ്ഞുകൊടുക്കുമ്പോൾ രണ്ടുപേരെത്തി യുവാവുമായി തർക്കത്തിലായി. പിന്നീട് ഇവർ കൂടുതൽ പേരെ വിളിച്ചുകൂട്ടി വിഷയം മറ്റൊരു രീതിയിൽ അവതരിപ്പിച്ചു.
ഹിന്ദു യുവാവിനോട് പെൺകുട്ടികൾ സംസാരിച്ചുവെന്ന് ആരോപിച്ച് ആൾക്കൂട്ടം പെൺകുട്ടികളെ വിചാരണ ചെയ്തു. യുവാവിന്റെ കയ്യിലുണ്ടായിരുന്ന സമ്മാനപ്പൊതി പെൺകുട്ടികൾ നൽകിയതാണ് എന്നായിരുന്നു പ്രധാന ആരോപണം. പെൺകുട്ടികൾ സഹോദരനെ വിളിക്കാനായി ഫോൺ എടുത്തപ്പോൾ ആൾക്കൂട്ടത്തിൽ ചിലർ അത് പിടിച്ചുവാങ്ങി വലിച്ചെറിയുകയും ചെയ്തു.
അവിടെ നിന്നും രക്ഷപ്പെട്ട പെൺകുട്ടികൾ പോലീസിൽ പരാതി നൽകുകയായിരുന്നു. ആളുകൾ മർദ്ദിച്ചതായും ഹിജാബ് അഴിച്ചുമാറ്റാൻ ശ്രമിച്ചതായും പെൺകുട്ടികൾ മൊഴി നൽകി. പെൺകുട്ടികൾ നൽകിയ പരാതിയിൽ ഒരാളെ അറസ്റ്റ് ചെയ്തതായി റൂറൽ എസ്പി സാഗർ ജെയിൻ പറഞ്ഞു. അതിക്രമങ്ങൾക്ക് നേതൃത്വം നൽകിയ മൊഹമ്മദ് മെഹ്താബ്(38) എന്നയാളാണ് പിടിയിലായത്. മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമം നടന്നുവരികയാണെന്നും പോലീസ് വ്യക്തമാക്കി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here