ഞാൻ മരിച്ചിട്ടില്ല, വിശദീകരിച്ച് പൂനം പാണ്ഡ; തലക്കെട്ടുകളിൽ നിറയാൻ രണ്ടുംകൽപിച്ച് മോഡൽ

“ഈ പ്രഭാതം ഞങ്ങൾക്ക് ഏറെ വിഷമകരമാണ്. ഏറ്റവും പ്രിയപ്പെട്ട പൂനം ഞങ്ങളെ വിട്ടുപോയി.” ഇങ്ങനെ തുടങ്ങുന്ന വരികളിലൂടെയാണ് നടിയും മോഡലുമായ പൂനം പാണ്ഡെയുടെ മരണവാര്‍ത്ത പി.ആര്‍. ടീം ലോകത്തെ അറിയിച്ചത്. വിവരം പുറത്തുവന്ന് നിമിഷങ്ങള്‍ക്കകം പ്രധാന മാധ്യമങ്ങൾ പൂനത്തിന്റെ അപ്രതീക്ഷിത വിടവാങ്ങല്‍ ഏറ്റെടുത്തു. എന്നാൽ 24 മണിക്കൂര്‍ പിന്നിട്ടപ്പോൾ സ്വന്തം മരണം നിഷേധിച്ച് പൂനം തന്നെ രംഗത്തെത്തുന്നു. എന്ത് വട്ടെന്ന് നാട്ടുകാർ ഒന്നടങ്കം ചോദിക്കുമ്പോൾ താരത്തിൻ്റെ വിശദീകരണം വന്നു… സെര്‍വിക്കല്‍ ക്യാന്‍സറിനെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ ആയിരുന്നുവത്രേ വ്യാജവാർത്ത പുറത്തുവിട്ടത്.

ഉദ്ദേശ്യശുദ്ധി പോലും പരിഗണിക്കാൻ ആരും തയ്യാറില്ല, കാരണം ഇത് പൂനം പാണ്ഡെ ആണ്. ഇതുപോലെ വാർത്തകളിൽ ഇടംപിടിക്കാനുള്ള പരിപാടികൾ കുറെയായി എന്നാണ് സൈബർ ലോകം ഒന്നടങ്കം പറയുന്നത്. വളരെ ലജ്ജാകരമായ ചീപ്പ് ഷോ, എക്കാലത്തെയും മോശപ്പെട്ട പബ്ലിസിറ്റി, അറസ്റ്റ് ചെയ്യണം’ എന്നതടക്കമുള്ള കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

വിവാദ പ്രസ്താവനകളിലൂടെ താരം തലക്കെട്ടുകളില്‍ ഇടം നേടുന്നത് ഇതാദ്യമല്ല.

ലോകകപ്പ് പ്രഖ്യാപനം

ഇന്ത്യ ലോകകപ്പ് നേടിയാല്‍ പൂര്‍ണ്ണ നഗ്നയായി താന്‍ ഓടുമെന്ന 2011ലെ പൂനത്തിൻ്റെ പ്രഖ്യാപനം വൻ ചര്‍ച്ചയായിരുന്നു. ഇന്ത്യ കപ്പ് നേടിയെങ്കിലും പൂനത്തെ ക്രിക്കറ്റ് ബോർഡ് വിലക്കി. അതുകൊണ്ട് താരത്തിന് വാക്ക് പാലിക്കാനായില്ലെന്ന് മാത്രം.

ഐപിഎൽ നഗ്നഫോട്ടോ

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐപിഎലില്‍ വിജയിച്ചാല്‍ 2011 പ്രഖ്യാപനം നടപ്പാക്കുമെന്ന് പറഞ്ഞ് പൂനം വീണ്ടും രംഗത്തെത്തി. ഇതും തലക്കെട്ടുകളില്‍ ഇടംപിടിച്ചു. എന്നാൽ ഇത്തവണ വാക്കുപാലിച്ചു, കെകെആർ ചാമ്പ്യൻമാരായതിന് പിന്നാലെ തൻ്റെ നഗ്നചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.

ഭർത്താവിനെതിരെ പരാതി, കേസ്

ഗാർഹികപീഡനം ആരോപിച്ച് 2021ൽ പൂനം പാണ്ഡെ നൽകിയ പരാതിയിൽ ഭർത്താവ് അറസ്റ്റിലായി. പിന്നീട് ‘ലോക്ക് അപ്പ്’ എന്ന റിയാലിറ്റി ഷോയ്ക്കിടെ താൻ നേരിട്ട പീഡനം താരം തുറന്നുപറയുകയും ചെയ്തു.

പാണ്ഡെ ആപ്പ്

സ്വന്തം പേരിൽ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയാണ് 2017ൽ താരം വാർത്തകളിൽ നിറഞ്ഞത്. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ പ്ലേ സ്റ്റോറിൽ നിന്ന് ആപ്പ് ഗൂഗിൾ പിൻവലിച്ചു. കാരണം അറിയില്ലെന്നും തൻ്റെ വെബ്സൈറ്റിൽ നിന്ന് ആവശ്യക്കാർക്ക് ആപ്പ് ഡൗൺലോഡ് ചെയ്തെടുക്കാം എന്നും പിന്നീട് താരം വിശദീകരിച്ചു. ‘അഡൾട്ട് കണ്ടൻ്റ്’ ആണ് കാരണമെന്നാണ് പ്രചരിച്ചത്.

ലോക്ക്ഡൗണിലെ അറസ്റ്റ്

ലോക്ക്ഡൗൺ വിലക്കുകൾ ലംഘിച്ച് പുറത്തിറങ്ങി നടന്ന പൂനം പാണ്ഡെയും ഭർത്താവ് സാം ബോംബെയും അറസ്റ്റിലായി. ഇതും വാർത്തകളിൽ നിറയുകയും ഉത്തരവാദിത്തമില്ലാതെ പെരുമാറിയ ഇരുവർക്കുമെതിരെ വൻ വിമർശനം ഉയരുകയും ചെയ്തു.

കേന്ദ്രസര്‍ക്കാരിന്റെ ഇടക്കാല ബജറ്റില്‍ സെര്‍വിക്കല്‍ ക്യാന്‍സര്‍ തടയാനുള്ള കുത്തിവയ്പ്പിനെക്കുറിച്ച് പരാമര്‍ശിച്ചെങ്കിലും അത് വേണ്ടത്ര മാധ്യമശ്രദ്ധ നേടാതെ പോയി. തന്‍റെ മരണവാര്‍ത്തയിലൂടെ ഈ വിഷയത്തെ പൊതുജനശ്രദ്ധയിലേക്ക് എത്തിക്കാനാണ് ശ്രമിച്ചതെന്നാണ് പൂനം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. എന്നാൽ ഈ സാഹസം വിപരീതഫലമാണ് ഉണ്ടാക്കിയത് എന്നാണ് ആദ്യസൂചനകൾ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top