മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളിന് ഒന്നരക്കോടിയുടെ നവീകരണം; കക്കൂസിന് മാത്രം ഒന്നര ലക്ഷം; രണ്ട് ലക്ഷം അടയ്ക്കാനില്ലാതെ കര്‍ഷകന്റെ ആത്മഹത്യ ഇന്ന്

തിരുവനന്തപുരം : രണ്ട് ലക്ഷം രൂപയുടെ ബാങ്ക് ബാധ്യത തീര്‍ക്കാന്‍ കഴിയാതെ ക്ഷീരകര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളിലെ കക്കൂസ് നവീകരണത്തിന് മാത്രം ചിലവഴിക്കുന്നത് ഒന്നര ലക്ഷം രൂപ. ഇത് ഉള്‍പ്പെടെ ഹാള്‍ നവീകരണത്തിന് ഒന്നരക്കോടി രൂപയാണ് ചിലവഴിക്കുന്നത്. നവകേരള സദസ് കഴിഞ്ഞ് മുഖ്യമന്ത്രി ഓഫീസില്‍ മടങ്ങിയെത്തുന്നതിന് മുമ്പ് നവീകരണം പൂര്‍ത്തിയാക്കാനാണ് പദ്ധതി. ഇതിനായുള്ള പണം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. ഹാളിനോട് ചേര്‍ന്നുള്ള ശുചിമുറിയും മറ്റ് അനുബന്ധസൗകര്യങ്ങളും ഏര്‍പ്പെടുത്താന്‍ 151,576 രൂപയാണ് വകയിരുത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ നാമ ഫലകം (നെയിം ബോര്‍ഡ്), ദേശിയ പതാക ഉറപ്പിക്കാനുളള പോസ്റ്റ്, സര്‍ക്കാര്‍ മുദ്ര എന്നിവയ്ക്ക് മാത്രമായി ഒന്നര ലക്ഷം രൂപയും നീക്കിവച്ചിട്ടുണ്ട്. ഇലക്ട്രോണിക്സ് വര്‍ക്കിന് 79 ലക്ഷമാണ് അനുവദിച്ചിരിക്കുന്നത്. 18.39 ലക്ഷം ഇന്റീരിയര്‍ പ്രവൃത്തികള്‍ക്കും, 6.77 ലക്ഷം ഇലക്ട്രിക്കല്‍ വര്‍ക്കിനും അനുവദിച്ചിട്ടുണ്ട്. 17.42 ലക്ഷത്തിന്റെ ഫര്‍ണിച്ചര്‍, 1.85 ലക്ഷത്തിന്റെ സ്പെഷ്യല്‍ ഡിസൈനുള്ള വാതിലുകള്‍, 74000 രൂപയുടെ അടുക്കള സാമഗ്രികള്‍ എന്നിവയും കോണ്‍ഫറന്‍സ് ഹാളിന്റെ സിവില്‍ വര്‍ക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 13.72 ലക്ഷമാണ് ശീതീകരണത്തിന് വേണ്ടി മുടക്കുന്നത്.

കോണ്‍ഫറന്‍സ് ഹാള്‍ നവീകരിക്കാന്‍ 2023 മേയ് മാസം ഭരണാനുമതി നല്‍കിയിരുന്നു. ഇതിന്റെ പ്രവൃത്തികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. നവകേരള സദസ് ആരംഭിച്ചതിനു ശേഷം മാത്രം മൂന്ന് കര്‍ഷകരാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്. നവംബര്‍ 17ന് കണ്ണൂര്‍ ഇരിട്ടി അയ്യംകുന്ന് സ്വദേശി സുബ്രഹ്‌മണ്ണ്യന്‍(71) വന്യമൃഗ ശല്യത്തെ തുടര്‍ന്ന് കൃഷിയും വീടും നശിച്ചതിന്റെ വേദനയില്‍ തൂങ്ങിമരിച്ചു. 18ന് വയനാട്ടില്‍ കല്ലോട് പറപ്പള്ളില്‍ ജോയി എന്ന തോമസ് (59) കടബാധ്യതയെ തുടര്‍ന്ന് ആത്മഹത്യ ചെയ്തു. ഇന്ന് (നവംബര്‍27) കണ്ണൂര്‍ കൊളക്കാട് സ്വദേശി ആല്‍ബര്‍ട്ട് (73) എന്ന ക്ഷീരകർഷകന്‍ ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് ജീവനൊടുക്കി. രണ്ട് ലക്ഷം രൂപയാണ് ഇയാള്‍ക്ക് തിരിച്ചടവുണ്ടായിരുന്നത്. ലൈഫ് പദ്ധതിയിലെ വീട് പണിക്ക് രണ്ട് ലക്ഷം രൂപ ലഭിക്കാത്തതിനെ തുടർന്ന് പത്തനംതിട്ട ഓമല്ലൂരില്‍ പി.ഗോപി (71) ആത്മഹത്യ ചെയ്തതും കഴിഞ്ഞയാഴ്ചയാണ്. ഇങ്ങനെ സാധാരണക്കാരന്റെ ജീവിതം ദുസഹമായിരിക്കുന്ന ഘട്ടത്തിലാണ് കോടികള്‍ ചിലവഴിച്ച് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാള്‍ നവീകരിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here