ഫാസിസം ഇന്ത്യയിലില്ല!! നവഫാസിസവും ഇങ്ങെത്തിയില്ല; നവക്യാപ്‌സ്യൂൾ അവതരിപ്പിച്ച് സിപിഎം; സൂക്ഷിക്കണമെന്ന് പാര്‍ട്ടിരേഖ

മോദി സര്‍ക്കാരിനുള്ള ഏറ്റവും മികച്ച സര്‍ട്ടിഫിക്കറ്റായി മാറുകയാണ് സിപിഎമ്മിന്റെ പാര്‍ട്ടി സമ്മേളനത്തിനുള്ള കരടുരേഖ. ഫാസിസ്റ്റ് സ്വഭാവമുള്ള പ്രവണതകള്‍ രാജ്യത്ത് വളര്‍ന്നു വരുന്നു എന്ന കരടുരേഖയിലെ പരാമര്‍ശമാണ് അതിശയവും അമ്പരപ്പും ഉണ്ടാക്കുന്നത്. ബിജെപി ഭരണത്തെ, പ്രത്യേകിച്ച് മോദി ഭരണത്തെ ഫാസിസ്റ്റ് ഭരണകൂടമെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിട്ടുള്ള സിപിഎമ്മിന്റെ ഈ മനംമാറ്റം ജനാധിപത്യ വിശ്വാസികളെ മാത്രമല്ല, കമ്യൂണിസ്റ്റ് പാര്‍ട്ടികളെ പോലും ഞെട്ടിച്ചിരിക്കുകയാണ്. ഫാസിസത്തെ ചെറുക്കാന്‍ സിപിഎമ്മേയുള്ളൂ എന്ന പ്രചാരണ വായ്ത്താരി പോലും സിപിഎം ഉപേക്ഷിച്ചോ എന്നാണ് ഇനി അറിയാനുള്ളത്.

പാര്‍ട്ടി സമ്മേളനത്തിനുള്ള കരടുരേഖയിലെ വിവാദപരാമര്‍ശം ഇന്നലെ പുറത്തുവിട്ട മാതൃഭൂമി ദിനപത്രത്തെ ആക്ഷേപിക്കുന്ന ഇന്നത്തെ ദേശാഭിമാനി റിപ്പോര്‍ട്ടിലും പക്ഷെ ഇതിന് തൃപ്തികരമായ ഒരു വിശദീകരണമില്ല. പകരം കരടുരേഖ രഹസ്യമല്ലെന്നും ചിന്താ വാരികയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചതാണ് എന്നുമുള്ള ദുര്‍ബല ന്യായം മാത്രമാണുള്ളത്. കരടുരേഖ വിവാദമായതോടെ ന്യായീകരണവുമായി സിപിഎം നേതാക്കള്‍ എല്ലാവരും രംഗത്ത് ഇറങ്ങിയിട്ടുണ്ട്.

ഏറ്റവും വിചിത്രന്യായം കേന്ദ്രകമ്മറ്റിയംഗം എ കെ ബാലന്റേതായി ഏറ്റവും ഒടുവില്‍ പുറത്തുവന്നു കഴിഞ്ഞു. നേതാക്കളുടെ പ്രസംഗങ്ങളില്‍ ഫാസിസ്റ്റ് സര്‍ക്കാരെന്ന് പറയുന്നത് ഒരു പ്രയോഗം മാത്രമെന്നാണ് ബാലന്‍ സഖാവ് നല്‍കുന്ന വിശദീകരണം. പിണറായി സര്‍ക്കാരിനേയും പ്രതിപക്ഷം ഫാസിസ്റ്റ് സര്‍ക്കാരെന്ന് പറയാറുണ്ട്. ഫാസിസത്തിലേക്ക് വരാന്‍ സാധ്യതയുള്ള സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. അത് വരാതിരിക്കാനുള്ള മുന്നറിയിപ്പാണ് രേഖയെന്നും ബാലന്‍ വിചിത്രമായി വിശദീകരിക്കുന്നു.

മോദി സര്‍ക്കാര്‍ തീവ്രത കുറഞ്ഞ ഫാസിസ്റ്റ് സര്‍ക്കാരാണെന്ന വിലയിരുത്തലാണ് സിപിഎം കരട് രേഖയിലുള്ളത്. ബിജെപി – ആര്‍എസ്എസിന്റെ കീഴിലുള്ള ഇന്നത്തെ രാഷ്ട്രീയ സംവിധാനം നവഫാസിസ്റ്റ് സവിശേഷതകള്‍ പ്രദര്‍ശിപ്പിക്കുന്ന ഹിന്ദുത്വ – കോര്‍പറേറ്റ് അമിതാധികാര ഭരണമാണെന്നും നാം പ്രസ്താവിച്ചിട്ടുണ്ട്. ബിജെപിയെയും ആര്‍എസ്എസിനേയും തടഞ്ഞു നിര്‍ത്തിയില്ലെങ്കില്‍ ഹിന്ദുത്വ – കോര്‍പറേറ്റ് അമിതാധികാരം നവ ഫാസിസത്തിലേക്ക് നീങ്ങും – കരടുരേഖയെ ഉദ്ധരിച്ച് ദേശാഭിമാനിയുടെ വിശദീകരണം ഇങ്ങനെ.

അതായത്, മോദി സര്‍ക്കാര്‍ ഫാസിസ്റ്റല്ല, തീവ്രത കുറഞ്ഞ നവ ഫാസിസ്റ്റുമല്ല. ഫാസിസ്റ്റ് സവിശേഷതകള്‍ കാണിക്കുന്നുണ്ട് എന്നുമാത്രം. അതിനെ സൂക്ഷിച്ചില്ലെങ്കില്‍ തീവ്രത കൂടിയേക്കാം. ഇതാണ് പാര്‍ട്ടിരേഖ മുന്നോട്ട് വയ്ക്കുന്ന ആശയം. ഇത് രഹസ്യരേഖ അല്ലെന്നും ജനവികാരം അളക്കാന്‍ വേണ്ടി പുറത്തു വിട്ടതാണെന്നും ന്യായീകരണമുണ്ട്.രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളുടെ ഇന്ത്യാ മുന്നണി മോദി സര്‍ക്കാര്‍ ഫാസിസ്റ്റാണെന്ന് ശക്തിയുക്തം പ്രഖ്യാപിക്കുമ്പോഴാണ് സിപിഎം പുതിയ വ്യാഖ്യാനം ചമച്ചത്. ഏപ്രിലില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനിരിക്കുന്ന പാര്‍ട്ടി രേഖയാണ് ഈവിധം വിവാദമാകുന്നത്.

സിപിഎം ഉദ്ദേശിക്കുന്ന നവഫാസിസത്തിന് പാര്‍ട്ടി നല്കിയിരിക്കുന്ന നിര്‍വചനം ലേശം പോലും സിപിഐക്ക് ദഹിച്ചിട്ടില്ല. പാര്‍ട്ടി കരട് രേഖയില്‍ നവ ഫാസിസത്തെക്കുറിച്ചിങ്ങനെ യാണ് വിശദീകരിക്കുന്നത്- മോദി സര്‍ക്കാരിനെ ഫാസിസ്റ്റല്ലെന്ന് പറയാന്‍ സിപിഐ തയ്യാറല്ലെന്നാണ് ബിനോയ് വിശ്വം പറയുന്നത്. മോദി സര്‍ക്കാരിനെ ഫാസിസ്റ്റല്ലെന്ന് പറയാന്‍ കാണിക്കുന്ന വ്യഗ്രത സിപിഎമ്മിന് നാളെ തിരുത്തേണ്ടിവരുമെന്ന് ബിനോയ് വിശ്വം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top