‘മോദിക്ക് ഭയമാണ്; വേദിയില്‍ പൊട്ടിക്കരഞ്ഞേക്കാം; ചിലപ്പോള്‍ പാത്രം കൊട്ടാന്‍ പറയും’; കടുത്ത പരിഹാസവുമായി രാഹുല്‍ ഗാന്ധി

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മോദി ഭയന്നിരിക്കുകയാണ്. കുറച്ചുകൂടി കഴിഞ്ഞാല്‍ വേദിയില്‍ പൊട്ടിക്കരഞ്ഞേക്കുമെന്നും രാഹുല്‍ ഗാന്ധി പരിഹസിച്ചു. ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് മോദി ശ്രമിക്കുന്നത്. ചിലപ്പോൾ ചൈനയെയും പാകിസ്ഥാനെയും കുറിച്ച് സംസാരിക്കും, ചിലപ്പോള്‍ പാത്രം കൊട്ടാനും മോബൈലിലെ ടോര്‍ച്ച് ലൈറ്റ് ഓണാക്കാൻ ആവശ്യപ്പെടും, കർണാടകയിലെ ബിജാപൂരിലെ റാലിക്കിടെ രാഹുല്‍ ഗാന്ധി വിമര്‍ശനമുന്നയിച്ചു.
“മോദി പാവപ്പെട്ടവരിൽ നിന്ന് പണം തട്ടിയെടുക്കുക മാത്രമാണ് ചെയ്തത്. അദ്ദേഹം ചില കോടീശ്വരന്മാരെ ഉണ്ടാക്കി. രാജ്യത്തെ 70 കോടി ജനങ്ങൾക്ക് തുല്യമായ സമ്പത്ത് 22 പേര്‍ക്കുണ്ട്. വെറും ഒരു ശതമാനം ആളുകൾ രാജ്യത്തിൻ്റെ സമ്പത്തിൻ്റെ 40 ശതമാനവും നിയന്ത്രിക്കുന്നു” – രാഹുല്‍ ഗാന്ധി പറഞ്ഞു .
ഭരണഘടന സംരക്ഷിക്കാനുള്ള തിരഞ്ഞെടുപ്പാണിത്. എന്നാല്‍ ഭരണഘടന തകര്‍ക്കാനാണ് മോദി ശ്രമിക്കുന്നത്. തൊഴിലില്ലായ്മ, വിലക്കയറ്റം, സംവരണം എന്നീ വിഷയങ്ങളിൽ മോദി സംസാരിക്കുന്നില്ല. അദാനി അടക്കമുള്ള കോർപ്പറേറ്റുകൾക്ക് രാജ്യത്തിന്‍റെ സ്വത്ത് എഴുതിക്കൊടുത്ത സര്‍ക്കാരാണ് മോദിയുടേത്. ഈ പണം തിരിച്ചുപിടിച്ച് തൊഴിലില്ലാത്തവർക്കും കർഷകർക്കും താഴേക്കിടയിലുള്ളവർക്കും വീതിച്ച് നല്‍കുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം കോണ്‍ഗ്രസിനെ ഒരിക്കലും മറക്കരുതെന്നും പൊറുക്കരുതെന്നും മോദി എക്സില്‍ കുറിച്ചു. പതിറ്റാണ്ടുകളായി അവർ ജനങ്ങളുടെ പണം കൊള്ളയടിച്ചു, ഇന്ത്യയുടെ സുരക്ഷ ദുർബലപ്പെടുത്തി, നമ്മുടെ സംസ്കാരത്തെ പരിഹസിച്ചു. ഇനി അത് ഉണ്ടാവരുതെന്നും പോസ്റ്റില്‍ പറയുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here