പേരിനൊപ്പം ‘മോദി കാ പരിവാര്‍’ ചേര്‍ത്ത് ബിജെപി നേതാക്കള്‍; മോദിക്ക് കുടുംബമില്ലെന്ന ലാലു പ്രസാദിന്റെ പരിഹാസത്തിന് മറുപടി
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കുടുംബമില്ലെന്ന ആർജെഡി തലവൻ ലാലു പ്രസാദ് യാദവിന്റെ പരിഹാസത്തിന് മറുപടിയുമായി ബിജെപി നേതാക്കള്‍. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലെ ഔദ്യോഗിക അക്കൗണ്ടുകളില്‍ പേരിനു തൊട്ടടുത്ത് ‘മോദിയുടെ കുടുംബം’ എന്നെഴുതിയാണ് ലാലു പ്രസാദ് യാദവിന്റെ ആരോപണത്തിന് മറുപടി നല്‍കിയത്. അഭ്യന്തരമന്ത്രി അമിത് ഷായും ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയും എക്സില്‍ തങ്ങളുടെ പേരിന്‍റെ അടുത്ത് ബ്രാക്കെറ്റില്‍ ‘മോദി കാ പരിവാര്‍’ എന്ന വാചകം കൂട്ടിച്ചേര്‍ത്തു. മോദിയുടെ കുടുംബം എന്ന് മംഗ്ലീഷില്‍ എഴുതി കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറും പിന്തുണ അറിയിച്ചു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ‘മെയിൻ ഭി ചൗക്കിദാർ’ എന്ന ബിജെപിയുടെ പ്രചാരണ വാചകത്തിനു സമാനമായ ക്യാമ്പെയിനാണ് ‘മോദി കാ പരിവാര്‍’.
അടുത്തിടെ പാറ്റ്നയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് മോദിയെ ലാലു പ്രസാദ് യാദവ് പരിഹസിച്ചത്. മോദിക്ക് സ്വന്തമായൊരു കുടുംബമില്ലെങ്കിൽ നമ്മള്‍ എന്ത് ചെയ്യാനാണ് എന്നായിരുന്നു ആക്ഷേപം. ഇന്ത്യ സഖ്യത്തിലെ കുടുംബാധിപത്യത്തെ പരിഹസിച്ച മോദിയെ തിരിച്ച് വിമര്‍ശിക്കുകയായിരുന്നു ലാലു പ്രസാദ് യാദവ്. മോദിക്ക് കുടുംബവും കുട്ടികളുമില്ല എന്ന പരാമര്‍ശത്തിന് തെലങ്കാനയില്‍ നടന്ന റാലിയില്‍ മോദി മറുപടി നല്‍കുകയും ചെയ്തു. ഇന്ത്യയാണ് തന്റെ കുടുംബമെന്നും 140 കോടി ജനങ്ങളും കുടുംബാംഗങ്ങളാണെന്നും ആരുമില്ലാത്തവര്‍ ബന്ധുക്കളാണെന്നും മോദി അവകാശപ്പെട്ടു.
ഇതിനു പിന്നാലെയാണ് ബിജെപി നേതാക്കള്‍ തങ്ങളുടെ എക്സ് പ്രൊഫൈലില്‍ മോദിയുടെ കുടുംബം എന്ന വാചകം ചേര്‍ത്തത്. പിയൂഷ് ഗോയൽ, നിതിൻ ഗഡ്കരി, ജ്യോതിരാദിത്യ സിന്ധ്യ, കിരൺ റിജിജു, ശിവരാജ് സിംഗ് ചൗഹാൻ എന്നിവരും മോദിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മോദി കാ പരിവാർ എന്ന് പേരില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here