ഞങ്ങള്‍ പറഞ്ഞത് മണിപ്പൂര്‍ എന്ന്; മോദി ചിന്തിക്കുന്നത് കരീനയെക്കുറിച്ച്; പരിഹാസവുമായി കോണ്‍ഗ്രസ്
രാജ് കപൂർ ഫിലിം ഫെസ്റ്റിവലിലേക്ക് ക്ഷണിക്കുന്നതിനായി ബോളിവുഡിലെ പ്രശസ്ത കപൂർ കുടുംബം പ്രധാനമന്ത്രി മോദിയെ സന്ദര്‍ശിച്ചതിന് പിന്നാലെ പരിഹാസവുമായി കോണ്‍ഗ്രസ്. “ഞങ്ങൾ മണിപ്പൂർ എന്നാണ് പറഞ്ഞത്, അദ്ദേഹം ചിന്തിക്കുന്നത് കരീന കപൂറിനെക്കുറിച്ചാണ്.” – കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര പറഞ്ഞു.
ഒരു വര്‍ഷത്തിലേറെയായി കലാപം നടക്കുന്ന മണിപ്പൂര്‍ സന്ദര്‍ശിക്കുന്നതില്‍ നിന്നും പ്രധാനമന്ത്രി മനപൂര്‍വം വിട്ടുനില്‍ക്കുകയാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്. കപൂര്‍ കുടുംബം മോദിയെ കണ്ടപ്പോഴും കോണ്‍ഗ്രസ് ഈ സന്ദര്‍ശനത്തെ മണിപ്പൂരുമായി ബന്ധിപ്പിച്ചു.
ഡിസംബർ 13ന് രാജ് കപൂറിന്‍റെ നൂറാം ജന്മവാർഷികം കപൂര്‍ കുടുംബം ആഘോഷിക്കുകയാണ്. ഇതിന്റെ ഭാഗമായുള്ള രാജ് കപൂർ ഫിലിം ഫെസ്റ്റിവലിലേക്ക് മോദിയെ ക്ഷണിക്കാനാണ് കഴിഞ്ഞ ദിവസം കപൂര്‍ കുടുംബം അദ്ദേഹത്തെ സന്ദര്‍ശിച്ചത്.
രൺബീർ കപൂർ, ആലിയ ഭട്ട്, കരീന കപൂർ, സെയ്ഫ് അലി ഖാന്‍, കരിഷ്മ കപൂർ, റിദ്ദിമ കപൂർ സാഹ്നി, ആദർ ജെയിൻ, അർമാൻ ജെയിൻ, നീതു കപൂർ എന്നിവരുൾപ്പെടെ കപൂർ കുടുംബം മോദിയും ഒത്തുള്ള ഫോട്ടോ പങ്ക് വയ്ക്കുകയും ചെയ്തിരുന്നു.
മെയ് 3 ന് കലാപം തുടങ്ങിയത് മുതല്‍ മണിപ്പൂര്‍ സംഘര്‍ഷഭരിതമാണ്. പട്ടികവർഗ (എസ്ടി) പദവിക്ക് വേണ്ടിയുള്ള മെയ്തി സമുദായത്തിന്‍റെ ആവശ്യത്തിൽ പ്രതിഷേധിച്ച് മലയോര ജില്ലകളിൽ കുക്കി വിഭാഗം ‘ആദിവാസി ഐക്യദാർഢ്യ മാർച്ച്’ സംഘടിപ്പിച്ചതിന് ശേഷമാണ് കലാപം തുടങ്ങിയത്. വംശീയ അക്രമത്തിൽ 258 പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകൾ ഭവനരഹിതരാകുകയും ചെയ്തിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here