യെച്ചൂരി പണ്ടേ പറഞ്ഞു മോദിയുടേത് ‘ഹിറ്റ്‌ലര്‍ മോഡല്‍ ഫാസിസം’; എന്നിട്ടും നേരം വെളുക്കാതെ നവ സഖാക്കളുടെ ക്യാപ്‌സ്യൂള്‍

കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാരിന് ഹിറ്റ്‌ലര്‍ മോഡല്‍ ഫാസിസ്റ്റ് സമാന സ്വഭാവമുള്ളതാണെന്ന് ഒമ്പത് വര്‍ഷം മുമ്പേ സീതാറാം യെച്ചൂരി പറഞ്ഞിരുന്നു. ഹിന്ദുരാഷ്ട്ര നിര്‍മ്മാണത്തിനായി ബിജെപിയും ആര്‍എസ്എസും അതിതീവ്ര ദേശീയത ഉയര്‍ത്തിവിടുകയാണെന്നും യെച്ചൂരി പറഞ്ഞത് വിസ്മരിച്ചു കൊണ്ടാണ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് ‘നവഫാസിസ്റ്റ്’ വ്യാഖ്യാനങ്ങള്‍ ചമയ്ക്കുന്നത്.

2016 മെയ് ആറിന് മുംബൈയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സിപിഎം ജനറല്‍ സെക്രട്ടറി ആയിരുന്ന സീതാറാം യെച്ചൂരി, മോദി സര്‍ക്കാര്‍ ഹിറ്റ്‌ലര്‍ മോഡല്‍ ഫാസിസ്റ്റ് ഗവണ്‍മെന്റാണെന്ന് പറഞ്ഞത്. പിന്നീട് 2016 സെപ്റ്റംബറില്‍ ബംഗാളിലെ പാര്‍ട്ടി പത്രമായ ഗണശക്തിക്ക് നല്‍കിയ അഭിമുഖത്തിലും ഇതേ വാദം അദ്ദേഹം ആവര്‍ത്തിച്ചിരുന്നു.

അതിതീവ്രവും വൈകാരികവുമായ ദേശീയത ഉയര്‍ത്തി ആര്‍എസ്എസും ബിജെപിയും അവരുടെ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുകയാണ്. ജനാധിപത്യ, മതേതര റിപ്പബ്ലിക്കായ രാജ്യത്തെ ഒരു ഹിന്ദു രാഷ്ട്രമായി മാറ്റിയെടുക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും യെച്ചൂരി അന്ന് കുറ്റപ്പെടുത്തി.

ചരിത്രത്തിലെ അഡോള്‍ഫ് ഹിറ്റ്‌ലറിന്റെ ഭരണകൂടവുമായി മോദി സര്‍ക്കാരിന് ഒരുപാട് ഫാസിസ്റ്റ് സ്വഭാവ സമാനതകളുണ്ട്. ജനങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റുന്നതില്‍ ഈ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണ്. സാമ്പത്തികമായി ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ സര്‍ക്കാരിന്റെ പക്കല്‍ പോംവഴികളൊന്നുമില്ല. ഈ ദുര്‍ഘട സന്ധികള്‍ തരണം ചെയ്യാനാണ് പ്രത്യേക അജണ്ടകള്‍ വെച്ചു കൊണ്ട് ദേശീയതയും ദേശസ്‌നേഹവും മോദി സര്‍ക്കാര്‍ മെനഞ്ഞെടുക്കുന്നത് എന്നാണ് യെച്ചൂരി പറഞ്ഞത്.

യെച്ചൂരി മരിച്ച് ചിത ഒടുങ്ങുന്നതിന് മുമ്പ് തന്നെ, മോദി സര്‍ക്കാര്‍ ഹിറ്റ്‌ലറിന്റെ സര്‍ക്കാരിന് സമാന സ്വഭാവമുള്ളതാണ് എന്ന വാദം തന്നെ തള്ളിക്കളയാന്‍ സിപിഎമ്മിന് ഒരു മടിയുണ്ടായില്ല.

1975ല്‍ അടിയന്തരാവസ്ഥയെ എതിര്‍ക്കാനെന്ന പേരില്‍ ബിജെപിയുടെ പൂര്‍വരൂപമായ ജനസംഘവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള സിപിഎം കേന്ദ്ര കമ്മറ്റി തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ജനറല്‍ സെക്രട്ടറിസ്ഥാനം പി സുന്ദരയ്യ രാജിവച്ചത്. പാര്‍ട്ടിക്കു നല്‍കിയ രാജിക്കത്തില്‍ ‘അര്‍ദ്ധ സൈനിക ഫാസിസ്റ്റ് സ്വഭാവമുള്ള സംഘടന’ എന്നാണ് ജനസംഘത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. കാലാകാലങ്ങളായി ആര്‍എസ്എസും ബിജെപിയും ഫാസിസ്റ്റ് സംഘടനകളാണെന്ന പാര്‍ട്ടിയുടെ പ്രഖ്യാപിത നയത്തില്‍ നിന്നുള്ള പിന്നോട്ട് പോക്കാണ് സിപിഎം ഇപ്പോഴത്തെ കരട് പ്രമേയത്തില്‍ നടത്തിയിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top