മുസ്ലീംകള്‍ക്കെതിരെയുള്ള വിദ്വേഷ പരാമര്‍ശം ആവര്‍ത്തിച്ച് നരേന്ദ്ര മോദി; പറഞ്ഞതെല്ലാം സത്യം; തന്‍റെ പ്രസംഗത്തിന് ശേഷം കോണ്‍ഗ്രസ് പരിഭ്രാന്തിയില്‍

ഡല്‍ഹി: മുസ്ലീംകള്‍ക്കെതിരെ നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ സമ്പത്തിന് മേല്‍ കൂടുതല്‍ അധികാരം മുസ്ലീംകള്‍ക്കാണെന്ന് കോണ്‍ഗ്രസ് മുന്‍പ് പറഞ്ഞിട്ടുള്ളതാണെന്നും ജനങ്ങളുടെ സ്വത്ത് അനധികൃത കുടിയേറ്റക്കാര്‍ക്ക് നല്‍കണോ എന്നുമുള്ള വിവാദ പരാമര്‍ശങ്ങളാണ് രാജസ്ഥാനിലെ മധോപൂരിൽ തുടര്‍ച്ചയായി മോദി ആവര്‍ത്തിച്ചത്. പറഞ്ഞതെല്ലാം സത്യമാണെന്നും പ്രസംഗം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പരിഭ്രാന്തിയുണ്ടാക്കിയെന്നും മോദി പറഞ്ഞു. രാജ്യത്തെ സാധാരണക്കാരുടെ സ്വത്തെല്ലാം പിടിച്ചെടുത്ത് വിതരണം ചെയ്യാനാണ് കോണ്‍ഗ്രസിന്‍റെ ഗൂഡാലോചനയെന്നും മോദി ആരോപിച്ചു.

കോണ്‍ഗ്രസായിരുന്നു അധികാരത്തില്‍ എത്തിയതെങ്കില്‍ രാജ്യത്ത് സ്ഫോടന പരമ്പര നടക്കുമായിരുന്നു. കശ്മീര്‍ സൈന്യത്തിനെതിരെ കല്ലേറ് ആക്രമണങ്ങള്‍ ഉണ്ടാകുകയും അതിര്‍ത്തി കടന്നെത്തുന്ന ഭീകരര്‍ സൈനികരുടെ തലയറുക്കുകയും ചെയ്യുമായിരുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന ഇന്ത്യ ആയിരുന്നെങ്കില്‍ വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ നടപ്പാക്കില്ലായിരുന്നെന്നും മോദി ആരോപിച്ചു.

നുഴഞ്ഞു കയറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികളെ പ്രസവിക്കുന്നവര്‍ക്കും രാജ്യത്തെ സ്വത്തുക്കള്‍ എല്ലാം നല്‍കാനാണ് കോണ്‍ഗ്രസിന്‍റെ ശ്രമം എന്നായിരുന്നു കഴിഞ്ഞ ദിവസം രാജസ്ഥാനിലെ പ്രചാരണ റാലിയില്‍ നരേന്ദ്ര മോദി പ്രസംഗിച്ചത്. നിങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ സ്വത്തെല്ലാം അങ്ങനെ നല്‍കണോയെന്ന് ചിന്തിക്കണം. അമ്മമാരുടേയും പെണ്‍മക്കളുടേയും പക്കലുള്ള സ്വര്‍ണ്ണത്തിന്റെ കണക്കെടുക്കുമെന്നും ആ പണം വിതരണം ചെയ്യുമെന്നുമാണ് കോണ്‍ഗ്രസിന്റെ പ്രകടനപത്രിക പറയുന്നത്. ഇത് നടപ്പായാല്‍ നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടേയും താലിമാല പോലും ബാക്കിയുണ്ടാകില്ലെന്നും മോദി ആരോപിച്ചിരുന്നു.

പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും സിപിഎമ്മും തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതിനെ കുറിച്ച് പ്രതികരണമില്ല എന്നാണ് കമ്മിഷന്‍റെ വക്താവ് അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് സിപിഎം ഡല്‍ഹി പോലീസില്‍ പരാതി നല്‍കിയെങ്കിലും സ്വീകരിക്കാതെ വന്നതോടെ കേസ് സുപ്രീംകോടതിയില്‍ ഉന്നയിക്കാനാണ് തീരുമാനം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top