രാഹുല്‍ ഗാന്ധിക്ക് തിരിച്ചടി, അയോഗ്യത തുടരും; കുറ്റങ്ങള്‍ ആവര്‍ത്തിക്കുന്നതായി ഗുജറാത്ത് ഹൈക്കോടതി

അഹമ്മദാബാദ്: മോദി പരാമര്‍ശവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് തിരിച്ചടി. കേസില്‍ കുറ്റക്കാരനാണെന്ന സൂറത്ത് മജിസ്‌ട്രേറ്റ് കോടതിവിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി നല്‍കിയ അപ്പീല്‍ ഗുജറാത്ത് ഹൈക്കോടതി തള്ളി. രാഹുല്‍ കുറ്റക്കാരനെന്ന മജിസ്‌ട്രേറ്റ് കോടതി വിധിയില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു ഗുജറാത്ത് ഹൈക്കോടതി തീരുമാനം.

രാഹുല്‍ ഗാന്ധിക്കെതിരായ പത്തോളം കേസുകള്‍ ചൂണ്ടിക്കാട്ടിയ കോടതി, രാഹുല്‍ തെറ്റുകള്‍ ആവര്‍ത്തിക്കുന്നതായും നിരീക്ഷിച്ചു. കേംബ്രിഡ്ജിൽ വെച്ച് സവർക്കറിനെതിരെ നടത്തിയ പരാമർശങ്ങളില്‍ സവർക്കറുടെ ചെറുമകൻ രാഹുൽ ഗാന്ധിക്കെതിരെ പൂനെ കോടതിയിൽ നൽകിയ പരാതി എടുത്തുപറഞ്ഞുകൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം.

ജസ്റ്റിസ് ഹേമന്ദ്ര പ്രചകിന്റെ ബഞ്ചാണ് ഹര്‍ജിയില്‍ വിധി പറഞ്ഞത്. മോദി സമുദായത്തെ അപമാനിച്ചെന്ന പരാതിയില്‍ സൂറത്തിലെ മജിസ്‌ട്രേറ്റ് കോടതി മാര്‍ച്ച് 23ന്, പരമാവധി ശിഷയായ 2 വര്‍ഷം തടവ് വിധിച്ചതോടെയാണ് രാഹുല്‍ ഗാന്ധി എംപി സ്ഥാനത്ത് നിന്ന് അയോഗ്യനായത്. ഈ വിധി ചോദ്യം ചെയ്തുകൊണ്ട് ജില്ലാ കോടതിയെ സമീപിച്ചെങ്കിലും അപ്പീല്‍ തള്ളിയതോടെയാണ് രാഹുല്‍ ഹൈക്കോടതിയിലെത്തിയത്.

ഈ സാഹചര്യത്തില്‍ വിധിക്ക് സ്റ്റേ ആവശ്യപ്പെട്ട് ഇനി സുപ്രീം കോടതിയെ സമീപിക്കാനുള്ള സാധ്യതയാണ് രാഹുല്‍ ഗാന്ധിക്ക് മുന്നിലുള്ളത്. അയോഗ്യത നിലനിൽക്കുന്നതിനാൽ, ജൂലൈ 20 ന് ആരംഭിക്കുന്ന വർഷകാല സമ്മേളനത്തിൽ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യമുണ്ടാകില്ല.

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് കര്‍ണാടകയിലെ കോലാറില്‍ വച്ച് രാഹുല്‍ നടത്തിയ പ്രസംഗത്തിലാണ് കേസിനാധാരമായ പരാമര്‍ശമുണ്ടായത്. ലളിത് മോദി, നീരവ് മോദി തുടങ്ങിയവരെ പരാമര്‍ശിച്ച്, എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന പേരുള്ളത് എന്തുകൊണ്ടാണെന്ന രാഹുല്‍ ചോദ്യം ഉന്നയിക്കുകയായിരുന്നു. ഈ പരാമര്‍ശത്തിനെതിരെ ഗുജറാത്തിലെ മുന്‍ മന്ത്രിയും എംഎല്‍എയുമായി പൂര്‍ണേഷ് മോദിയാണ് മാനനഷ്ടകേസ് നല്‍കിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top