അപകീർത്തി കേസ്; ശിക്ഷാവിധിക്കെതിരെ രാഹുല്‍ ഗാന്ധി സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: മോദി പരാമർശത്തിലെ മാനനഷ്ടക്കേസിലെ ശിക്ഷാവിധിയില്‍ സ്റ്റേ ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി സുപ്രീംകോടതിയില്‍. സൂറത്ത് മജിസ്‌ട്രേറ്റ് കോടതിയുടെ ശിക്ഷാ വിധി സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ച ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരേയാണ് രാഹുല്‍ സുപ്രീം കോടതിയെ സമീപിച്ചത്. വിധി സ്റ്റേ ചെയ്യണമെന്ന രാഹുലിന്റെ ഹര്‍ജി ജൂലായ് ഏഴിന് ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു.

2019-ലെ ലോക്‌സഭാ പ്രചാരണത്തിനിടെ ലളിത് മോദി, നീരവ് മോദി എന്നിവരെ പരാമർശിച്ച്, “എന്തുകൊണ്ടാണ് എല്ലാ കള്ളന്മാർക്കും മോദി എന്ന പേര്?” എന്ന് രാഹുല്‍ ഗാന്ധി ചോദിച്ചിരുന്നു. ഈ പരാമർശമാണ് മാനനഷ്ടക്കേസിന് ആധാരം. മോദി വിഭാഗത്തെയാകം അപകീർത്തിപ്പെടുത്തുന്നതാണ് പരാമർശമെന്ന് ആരോപിച്ച് ബിജെപി എംഎൽഎയും മുൻ ഗുജറാത്ത് മന്ത്രിയുമായ പൂർണേഷ് മോദി അദ്ദേഹത്തിനെതിരെ ക്രിമിനൽ മാനനഷ്ടക്കേസ് ഫയൽ ചെയ്യുകയായിരുന്നു.

കേസില്‍ 2023 മാർച്ച് 23-ന് രണ്ടു വര്‍ഷത്തെ തടവുശിക്ഷയാണ് സൂറത്ത് കോടതി രാഹുലിന് വിധിച്ചിരുന്നത്. ഇതേതുടര്‍ന്ന് വയനാട് എംപിയായിരുന്ന രാഹുലിന്റെ ലോക്സഭാ അംഗത്വം നഷ്ടമായിരുന്നു. സെഷന്‍സ് കോടതി ജാമ്യമനുവദിച്ചതിനാല്‍ അദ്ദേഹത്തിന് ജയിലില്‍ ശിക്ഷയുണ്ടായില്ല. ഈ വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളിയ ഗുജറാത്ത് ഹെെക്കോടതി, അപ്പീല്‍ നല്‍കാന്‍ 30 ദിവസം സമയം അനുവദിച്ചിരുന്നു. വിധി സ്‌റ്റേ ചെയ്യണമെന്ന ഹര്‍ജി സുപ്രീംകോടതിയും തള്ളിയാല്‍ രാഹുലിന് അടുത്തവര്‍ഷം നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top